Nandakumar Edamana
Share on:
@ R t f

തൈഹുലൈറ്റ്: സൂപ്പര്‍കമ്പ്യൂട്ടിങ്ങില്‍ വീണ്ടും ചൈനീസ് മാജിക്


സ്വന്തം റെക്കോഡുകള്‍ തിരുത്തി മുന്നേറുന്നത് കായികതാരങ്ങള്‍ക്കിടയില്‍ പതിവാണ്. സൂപ്പര്‍കമ്പ്യൂട്ടിങ്ങില്‍ അതുപോലൊരു താരമാവുകയാണ് ചൈന. ഇക്കഴിഞ്ഞ ജൂണില്‍ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍ എന്ന പദവി ചൈനയുടെ Sunway TaihuLight നേടിയെടുത്തത് അവരുടെതന്നെ Tianhe-2-വിനെ പിന്നിലാക്കിക്കൊണ്ടാണ്. അതും മൂന്നുമടങ്ങ് പ്രവര്‍ത്തനവേഗത്തോടെ. യു.എസ്സിന്റെ വേഗമേറിയ കമ്പ്യൂട്ടറിനേക്കാള്‍ അഞ്ച് മടങ്ങ് വരുമിത്.

വേഗം കൊണ്ട് മുന്നിലാണെങ്കിലും മറ്റു പല സൂപ്പര്‍കമ്പ്യൂട്ടറുകളെയും അപേക്ഷിച്ച് മെമ്മറി ആവശ്യകതയും ഊര്‍ജഉപഭോഗവും കുറവാണ് എന്നതാണ് പുതിയ സൂപ്പര്‍കമ്പ്യൂട്ടറിനെ ശരിക്കും സൂപ്പര്‍ ആക്കുന്നത്. യു.എസ്സില്‍നിന്ന് ഇറക്കുമതി ചെയ്ത പ്രൊസസറുകള്‍ക്കുപകരം തദ്ദേശീയമായി വികസിപ്പിച്ചവയാണ് ഉപയോഗിച്ചിട്ടുള്ളത് എന്നത് മറ്റൊരു നാഴികക്കല്ല്.

കമ്പ്യൂട്ടറുകളുടെ തുടക്കകാലത്ത് സ്വപ്നം കാണാമായിരുന്ന സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഇന്നെല്ലാവരുടെയും ഉള്ളംകയ്യിലുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കു തന്നെ ഇത്രത്തോളം പ്രവര്‍ത്തനശേഷിയുണ്ടെന്നിരിക്കെ ഇന്നത്തെ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗവും സാദ്ധ്യതകളും സാധാരണക്കാരന്റെ ഊഹത്തിനപ്പുറമാണ്. ഇത് വലിയ നേട്ടങ്ങള്‍ക്കും തീവ്രമായ സുരക്ഷാഭീഷണിയ്ക്കും ഒരുപോലെ കാരണമാകാം. ആ രംഗത്തേക്കാണ് TaihuLight കടന്നുവരുന്നത്. അതുകൊണ്ട് സൂപ്പര്‍കമ്പ്യൂട്ടര്‍ എന്താണെന്നും അതിന്റെ സാദ്ധ്യതകള്‍ എന്തെല്ലാമാണെന്നും മനസ്സിലാക്കിയ ശേഷം TaihuLight-ലേക്ക് മടങ്ങിവരാം.

സൂപ്പര്‍കമ്പ്യൂട്ടറും പ്രവര്‍ത്തനതത്വവും

ഒരു സാധാരണ പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഒറ്റ പ്രൊസസറും അതില്‍ പരമാവധി നാല് കോറും ആണ് ഉണ്ടായിരിക്കുക (ഒറ്റ പ്രൊസസറിനുള്ളില്‍ ഒന്നിലേറെ പ്രൊസസറിന്റെ പ്രയോജനം കൊണ്ടുവരുന്നതാണ് കോറുകള്‍). ഇനി TaihuLight-ലെ കോറുകളുടെ എണ്ണം കേള്‍ക്കുക--ഏതാണ്ട് ഒരുകോടിയിലേറെ! ഇപ്പോള്‍ത്തന്നെ സൂപ്പര്‍കമ്പ്യൂട്ടറിനെക്കുറിച്ച് ഒരേകദേശധാരണയായിക്കാണും.

സങ്കീര്‍ണമായ ഒരു പ്രശ്നത്തെ വിഭജിച്ച് ഒന്നിലേറെ പ്രൊസസറുകളുപയോഗിച്ച് ഒരേസമയം പരിഹാരം കണ്ടെത്തുകയെന്നതാണ് സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാനതത്വം. പാരലല്‍ കമ്പ്യൂട്ടിങ് എന്നാണ് ഇതറിയപ്പെടുന്നത്.

ഒരു പ്രോഗ്രാം പടിപടിയായി മാത്രം പ്രവര്‍ത്തിപ്പിക്കുന്ന സീരിയല്‍ രീതിയായിരുന്നു ആദ്യകാല കമ്പ്യൂട്ടറുകളിലുണ്ടായിരുന്നത്. ഒരദ്ധ്യാപകന്‍ ഒറ്റയ്ക്കിരുന്ന് ഓരോ ഉത്തരക്കടലാസായി നോക്കിത്തീര്‍ക്കുന്നത് സീരിയല്‍ കമ്പ്യൂട്ടിങ്ങാണ്. ഉത്തരക്കടലാസുകള്‍ ഒന്നിലേറെ അദ്ധ്യാപകര്‍ക്ക് വിഭജിച്ചുകൊടുക്കുമ്പോള്‍ അത് പാരലല്‍ കമ്പ്യൂട്ടിങ് ആവുന്നു. ഒരുപാട് ഉത്തരക്കടലാസുകള്‍ ഉണ്ടാകുമ്പോള്‍ രണ്ടാമത്തെ രീതിയായിരിക്കും വേഗമേറിയത് എന്ന് വ്യക്തമാണല്ലോ.

പ്രത്യേകം തയ്യാറാക്കിയ ഏതാനും പ്രൊസസര്‍ കോറുകള്‍ ചേര്‍ത്തുവച്ചാണ് ആദ്യകാല സൂപ്പര്‍കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചിരുന്നത്. ഇത് ഭാരിച്ച പ്രക്രിയയാണ്. അതുകൊണ്ടുതന്നെ സാധാരണ പ്രൊസസറുകള്‍ (off-the-shelf) ചേര്‍ത്തുവച്ച് സൂപ്പര്‍കമ്പ്യൂട്ടറുകള്‍ നിര്‍മിക്കുന്ന രീതിയാണ് ഇന്ന് അധികവും പിന്തുടരുന്നത്. കോറുകളുടെ എണ്ണം ലക്ഷക്കണക്കിനാവുമെന്നുമാത്രം.

മള്‍ട്ടികോര്‍ പ്രൊസസറുകളുടെ വരവോടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ത്തന്നെ പാരലല്‍ പ്രൊസസിങ് സാദ്ധ്യമായിട്ടുണ്ട്. എന്നാല്‍ ഇതിനെ സങ്കല്‍പ്പാതീതമായ ഒരളവിലേക്ക് ഉയര്‍ത്തുകയാണ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍. സി.പി.യു.കളോടൊപ്പമോ പകരമോ ആയി ജി.പി.യു. (ഗ്രാഫിക്കല്‍ പ്രൊസസിങ് യൂണിറ്റ്) ഉപയോഗിക്കുന്ന പ്രവണതയും സൂപ്പര്‍കമ്പ്യൂട്ടിങ്ങില്‍ ഇപ്പോഴുണ്ട്.

വലിയ തോതിലുള്ള മെമ്മറി, കൂടിയ സെക്കന്‍ഡറി സ്റ്റോറേജ്, വിശദമായ തണുപ്പിക്കല്‍ സംവിധാനം എന്നിവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ മറ്റു പ്രത്യേകതകള്‍. ഘടകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ നെറ്റ്‌വര്‍ക്കുകളും സൂപ്പര്‍കമ്പ്യൂട്ടിങ്ങിന് ആവശ്യമാണ്. ഇതിനുപയോഗിക്കുന്ന കേബിളുകള്‍ നിരത്തിയാല്‍ മൈലുകള്‍ നീളം വരും. സൂപ്പര്‍കമ്പ്യൂട്ടര്‍ മൊത്തത്തില്‍ പതിനായിരക്കണക്കിന് ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കാറുണ്ട്.

സൂപ്പര്‍കമ്പ്യൂട്ടിങ്ങും ഗ്രിഡ് കമ്പ്യൂട്ടിങ്ങും തമ്മില്‍ വ്യത്യാസമുണ്ട്. സൂപ്പര്‍കമ്പ്യൂട്ടര്‍ എന്നത് ഒരൊറ്റ യൂണിറ്റാണെങ്കില്‍ ഒരുപാട് സാധാരണകമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ഗ്രിഡ് കമ്പ്യൂട്ടിങ്. ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ് എന്നും ഇതറിയപ്പെടുന്നു.

ഉപയോഗം

സൂപ്പര്‍കമ്പ്യൂട്ടറുകളുടെ ഇന്നത്തെ പ്രധാന ഉപയോഗങ്ങള്‍ ഇവയാണ്:

  • കാലാവസ്ഥാപ്രവചനം
  • ഭൗമപഠനം
  • എഞ്ചിനീയറിങ് (രൂപകല്പന)
  • തന്മാത്രാപഠനം
  • മരുന്നുകള്‍ കണ്ടെത്തല്‍
  • ആയുധനിര്‍മാണം
  • ആണവപരീക്ഷണങ്ങളുടെയും മറ്റും സിമുലേഷനുകള്‍
  • ക്രിപ്റ്റോഅനാലിസിസ് (കോഡ്ബ്രെയ്ക്കിങ്)
  • മറ്റു ഗവേഷണപ്രവര്‍ത്തനങ്ങള്‍

വായുവിന്റെ ചലനം, അന്തരീക്ഷസ്ഥിതി, സ്ഫോടനം പോലുള്ള സംഗതികളെ സങ്കീര്‍ണമായ ഗണിതമാതൃകകളായി അവതരിപ്പിച്ചാണ് കമ്പ്യൂട്ടറിനെക്കൊണ്ട് വിശകലനം ചെയ്യിക്കുന്നത്. ഇതാണ് കമ്പ്യൂട്ടര്‍ സിമുലേഷന്‍. ഉദാഹരണത്തിന്, ഒരു വിമാനത്തിന്റെ മാതൃക നല്‍കി സിമുലേഷന്‍ നടത്തിയാല്‍ അത് എത്രത്തോളം നന്നായി പറക്കുന്നു, രൂപകല്പനയില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം എന്ന് മനസ്സിലാക്കാം. മാതൃകകള്‍ നിര്‍മിച്ചുനോക്കേണ്ട ചെലവ് ഒഴിവാക്കാം. ചെലവിനുപുറമെ ആണവപരീക്ഷണങ്ങള്‍ പോലുള്ളവയിലെ അപകടമൊഴിവാക്കാനും സിമുലേഷനുകളാണ് നല്ലത്.

അത്യധികം കമ്പ്യൂട്ടിങ് ശേഷി ആവശ്യമുള്ളതാണ് സിമുലേഷനുകള്‍. അതുകൊണ്ടാണ് ഈ രംഗത്തെല്ലാം സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ആവശ്യമായിവരുന്നത്.

TaihuLight

'863 program' എന്ന് പേരിട്ടിട്ടുള്ള ഒരു സര്‍ക്കാര്‍സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ് TaihuLight. വിദേശസാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് ഒഴിവാക്കുകയായിരുന്നു സംരംഭത്തിന്റെ പ്രധാനലക്ഷ്യം. തദ്ദേശീയമായി നിര്‍മിച്ചെടുത്ത പ്രൊസസറുകള്‍ ഉപയോഗിക്കുകവഴി ഈ സ്വാശ്രയത്വമാണ് ചൈന നേടിയെടുത്തത്.

ഇതിനുമുമ്പത്തെ ഒന്നാമനായ Tianhe-2-വില്‍ അമേരിക്കന്‍ നിര്‍മിത ഇന്റല്‍ പ്രൊസസറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം കയറ്റുമതികള്‍ക്ക് അമേരിക്ക പലപ്പോഴായി തടയിടാന്‍ ശ്രമിച്ചിട്ടുണ്ട്. ആണവപരീക്ഷണങ്ങള്‍ക്കും മറ്റും ചൈന സൂപ്പര്‍കമ്പ്യൂട്ടിങ് ഉപയോഗിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. 2015 ഏപ്രിലില്‍ എല്ലാ ഹൈ പെര്‍ഫോമന്‍സ് ചിപ്പുകളും ചൈനയിലേക്ക് കയറ്റിയയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇതാവണം ചൈനയുടെ സ്വാശ്രയത്വത്തിന് ആക്കം കൂട്ടിയത്. ഇന്ത്യയുടെ സൂപ്പര്‍കമ്പ്യൂട്ടിങ് പദ്ധതികള്‍ക്ക് തുടക്കമായതും അമേരിക്കയുടെ ഒരു നിരോധനമായിരുന്നു.

2016 ജൂണില്‍ പ്രവര്‍ത്തനമാരംഭിച്ച TaihuLight, ജിയാങ്സുവിലെ (Jiangsu, China) നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ സെന്ററിലാണുള്ളത്. 180 കോടി യുവാന്‍ (27.3 കോടി യു.എസ്. ഡോളര്‍) ചെലവഴിച്ച് നിര്‍മിച്ച ഇതിന്റെ പ്രവര്‍ത്തനത്തിന് 15 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്.

ചൈനീസ് രൂപകല്പനയുള്ള SW26010 manycore 64-bit RISC പ്രൊസസര്‍ ആണ് TaihuLight-ല്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരു പ്രൊസസറില്‍ 260 കോറുകള്‍ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള 40,960 പ്രൊസസറുകള്‍ ഉപയോഗിച്ചാണ് മൊത്തം 1,06,49,600 (1.06 കോടി) പ്രൊസസര്‍ കോറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.

പരമ്പരാഗത ക്യാഷ് മെമ്മറിയ്ക്ക് (cache) പകരം സ്ക്രാച്ച്പാഡ് മെമ്മറി, നെറ്റ്‌വര്‍ക്ക് ഓണ്‍ എ ചിപ്പ് എന്നീ സങ്കേതങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 1.31 പീറ്റാബൈറ്റ് ആണ് കമ്പ്യൂട്ടറിന്റെ മെയിന്‍ മെമ്മറി (RAM) ശേഷി. പതിമൂന്നുലക്ഷം ജി.ബി. വരുമിത്.

93 പീറ്റാഫ്ലോപ്സ് ആണ് (93 PFLOPS) ആണ് TaihuLight-ന്റെ വേഗം. സെക്കന്‍ഡില്‍ 930 കോടി കോടി ദശാംശസംഖ്യാക്രിയകള്‍ (floating-point operations) വരുമിത്. രണ്ടാം സ്ഥാനത്തുള്ള Tianhe-2-ന്റെ വേഗം 34 പീറ്റാഫ്ലോപ്സ് ആണ്.

മാനുഫാക്ചറിങ്, ലൈഫ് സയന്‍സ്, എര്‍ത്ത് മോഡലിങ് തുടങ്ങിയ ശാസ്ത്രസാങ്കേതിക ആവശ്യങ്ങള്‍ക്കായിരിക്കും പുതിയ സൂപ്പര്‍കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുക എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കൂടാതെ കാലാവസ്ഥാപ്രവചനത്തിനും മരുന്നുകളുടെ കണ്ടെത്തലിനുമെല്ലാം ഇതുപയോഗിക്കാം.

ചൈനീസ് ആധിപത്യം

മരുന്നു മുതല്‍ ആണവാധുങ്ങള്‍ വരെ രൂപകല്പന ചെയ്യാനും സങ്കീര്‍ണമായ പ്രക്രിയകള്‍ നടത്താനും കഴിവുള്ളതാണ് സൂപ്പര്‍കമ്പ്യൂട്ടര്‍. മനുഷ്യന്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ശക്തിയേറിയ കണക്കുകൂട്ടല്‍യന്ത്രം. അതുകൊണ്ടുതന്നെ അണുശക്തിയോളം പ്രധാനപ്പെട്ടത്. ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ചൈനയാണെന്ന് തോന്നുന്നു. അമേരിക്കയെപ്പോലും പിന്നിലാക്കിക്കൊണ്ടാണ് ഈ രംഗത്ത് ചൈനയുടെ കുതിപ്പ്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചൈന സൂപ്പര്‍കമ്പ്യൂട്ടിങ് രംഗത്ത് കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യാധ്വാനവും പണവും ഒരുപോലെ ചെലവഴിച്ചതിന് തെളിവാണ് ചൈനയുടെ നേട്ടങ്ങള്‍. 2000-ല്‍ വെറും രണ്ട് ചൈനീസ് കമ്പ്യൂട്ടറുകള്‍ മാത്രമാണ് Top500 പട്ടികയിലുണ്ടായിരുന്നതെങ്കില്‍ ഇന്നുള്ളത് 167 എണ്ണമാണ്. യു.എസ്സിനേക്കാള്‍ രണ്ടെണ്ണം കൂടുതല്‍‌. എണ്ണത്തേക്കാള്‍ താരതമ്യപ്പെടുത്തേണ്ടത് വേഗമാണ്. ചൈനയുടെ വേഗമേറിയ കമ്പ്യൂട്ടറിന്റെ അഞ്ചിലൊന്നേവരൂ യു.എസ്സിലെ മികച്ചതിന്റെ വേഗം (17.59 പീറ്റാഫ്ലോപ്സ്).

ചരിത്രം

സൂപ്പര്‍കമ്പ്യൂട്ടറുകളുടെ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഏടുകളാണ് കണ്‍ട്രോള്‍ ഡേറ്റാ കോര്‍പ്പറേഷന്‍ (CDC), ക്രേ റിസര്‍ച്ച് എന്നീ സ്ഥാപനങ്ങള്‍. 1957-ലാണ് സി.ഡി.സി. സ്ഥാപിതമായത്. ക്രേ റിസര്‍ച്ച് ആകട്ടെ 1972-ലും. സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്ന ക്രേ സി.ഡി.സി.യില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം ക്രേ റിസര്‍ച്ച് സ്ഥാപിക്കുന്നത്.

1964-ല്‍ പുറത്തിറങ്ങിയ CDC 6600 ആണ് വിജയകരമായ ആദ്യ സൂപ്പര്‍കമ്പ്യൂട്ടര്‍ ആയി കരുതപ്പെടുന്നത്. എന്നാല്‍ ഇതിനുമുമ്പും ഈ രംഗത്ത് ഗവേഷണങ്ങളും ഉല്‍പ്പന്നങ്ങളും ഉണ്ടായിട്ടുണ്ട്. CDC 6600 ആണ് ആദ്യത്തെ നാഴികക്കല്ലായി മാറിയതെന്നുമാത്രം. മൂന്ന് മെഗാഫ്ലോപ്സ് വരെയായിരുന്നു ഇതിന്റെ വേഗം.

1962-ല്‍ പുറത്തിറങ്ങിയ Atlas കമ്പ്യൂട്ടര്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഇത് വെര്‍ച്വല്‍ മെമ്മറി, പേജിങ്, ആധുനി ഓപ്പറേറ്റിങ് സിസ്റ്റം രൂപകല്‍പ്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട് പുതിയ ആശയങ്ങളവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

ഏറെ ശ്രദ്ധിക്കപ്പെട്ട Cray-1 പുറത്തിറങ്ങിയത് 1976-ലായിരുന്നു (വേഗം: 160 MFLOPS). 1982 വരെ ഇതുതന്നെയായിരുന്നു ലോകത്തെ വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍. 1985-ല്‍ Cray-2 പുറത്തിറങ്ങി (പരമാവധി വേഗം: 1.9 GFLOPS). തണുപ്പിക്കലിന്റെ കാര്യത്തില്‍ ഇവ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ Cray-3 പദ്ധതി വിജയം കണ്ടില്ല.

1996-ല്‍ ഗാരി കാസ്പറോവിനെ തോല്‍പ്പിച്ച് ഐ.ബി.എമ്മിന്റെ ഡീപ്പ് ബ്ലൂ ചരിത്രമെഴുതി. ഒരു ലോക ചെസ് ചാമ്പ്യനെ തോല്‍പ്പിക്കുന്ന ആദ്യ കമ്പ്യൂട്ടറായിരുന്നു ഇത്. അടുത്ത വര്‍ഷം തന്നെ ഇത് കാസ്പറോവിനെ ചെസ് മാച്ചിലും തോല്‍പ്പിച്ചു. ഇതുസംബന്ധിച്ച് കാസ്പറോവ് ആരാപണങ്ങളും ഉന്നയിച്ചിരുന്നു.

1997-ല്‍ പുറത്തിറങ്ങിയ ASCI Red ടെറാഫ്ലോപ്സ് പരിധി ഭേദിച്ചു. 1.068 TFLOPS ആയിരുന്നു ഇതിന്റെ LINPACK വേഗം.

2008-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐ.ബി.എം. റോഡ്റണ്ണര്‍ ആണ് പീറ്റാഫ്ലോപ്സ് പരിധി ഭേദിച്ച ആദ്യ സൂപ്പര്‍കമ്പ്യൂട്ടര്‍. 1.7 PFLOPS ആയിരുന്നു ഇതിന്റെ വേഗം.

1990-കളുടെ പകുതിയില്‍ സൂപ്പര്‍കമ്പ്യൂട്ടിങ് ഓപ്പറേറ്റിങ് സിസ്റ്റമായി ലിനക്സ്-അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് സാധാരണ പ്രൊസസറുകള്‍ വലിയ അളവില്‍ ഉപയോഗിക്കുക എന്ന രീതി സൂപ്പര്‍കമ്പ്യൂട്ടിങ്ങില്‍ വ്യാപകമായത്. ഇപ്പോള്‍ ജി.പി.യുകളും ധാരാളമായി ഉപയോഗിച്ചുവരുന്നു. എക്സാഫ്ലോപ് പരിധി ഭേദിക്കുകയാണ് സൂപ്പര്‍കമ്പ്യൂട്ടിങ്ങിലെ അടുത്ത ലക്ഷ്യം.


Keywords (click to browse): sunway-taihulight supercomputer supercomputing china fastest-supercomputer supercomputer-history what-is-a-supercomputer general-knowledge mathrubhumi exams technology information facts current-affairs