Nandakumar Edamana
Share on:
@ R t f

സൂപ്പര്‍, ഗ്രിഡ്, ക്ലൗഡ്


ഒരുമിച്ച് കേള്‍ക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രയോഗങ്ങളാണ് സൂപ്പര്‍കമ്പ്യൂട്ടിങ്, ഗ്രിഡ് കമ്പ്യൂട്ടിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ. ഇവയോരോന്നും എന്താണെന്നുനോക്കാം.

സൂപ്പര്‍കമ്പ്യൂട്ടിങ്

പാരലല്‍ പ്രൊസസിങ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അതിശക്തമായ ഒരു കമ്പ്യൂട്ടറാണ് സൂപ്പര്‍കമ്പ്യൂട്ടര്‍. ഒരൊറ്റ യൂണിറ്റായ ഇതിന് പുറംലോകവുമായി ബന്ധം ആവശ്യമില്ല. ലക്ഷക്കണക്കിന് പ്രൊസസര്‍ കോറുകളും ഒട്ടേറെ മെമ്മറിയും കൂട്ടിയിണക്കിയാണ് ഇന്നത്തെ ഒരു സൂപ്പര്‍കമ്പ്യൂട്ടര്‍ നിര്‍മിച്ചെടുക്കുന്നത്.

ഗ്രിഡ് കമ്പ്യൂട്ടിങ്

ഒരുപാട് സാധാരണ കമ്പ്യൂട്ടറുകള്‍ (വേണമെങ്കില്‍ മൊബൈലുകള്‍ വരെ) നെറ്റ്‌വര്‍ക്ക് ചെയ്ത് കമ്പ്യൂട്ടിങ് ശേഷി പങ്കിടുന്നതാണ് ഗ്രിഡ് കമ്പ്യൂട്ടിങ്. ഒരുതരം ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടിങ് ആണിത് പങ്കെടുക്കുന്ന കമ്പ്യൂട്ടറുകള്‍ ലോകത്തിന്റെ പല ഭാഗത്താവാം, അവയുടെയെല്ലാം പ്രധാന ഉപയോഗം മറ്റെന്തെങ്കിലുമാവാം എന്നതാണ് ഗ്രിഡ് കമ്പ്യൂട്ടിങ്ങിനെ വേറിട്ടതാക്കുന്നത്. പല ഗവേഷണപ്രവര്‍ത്തനങ്ങളിലും ഇന്റര്‍നെറ്റ് വഴി നമ്മുടെ കമ്പ്യൂട്ടറുകള്‍ക്കും പങ്കെടുക്കാം. ഇത് ഗ്രിഡ് കമ്പ്യൂട്ടിങ്ങിന് ഉദാഹരണമാണ്. ഇത്തരത്തില്‍ കൂടുതല്‍ കമ്പ്യൂട്ടിങ് ശേഷി ആവശ്യമുള്ള സംരംഭങ്ങള്‍ ചെലവുകുറഞ്ഞ രീതിയില്‍ ചെയ്യാന്‍ യോജിച്ചതാണ് ഗ്രിഡ് കമ്പ്യൂട്ടിങ്.

അന്യഗ്രഹജീവന്‍ തേടുന്ന SETI, കണികാപരീക്ഷണമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) എന്നിവയെല്ലാം ഗ്രിഡ് കമ്പ്യൂട്ടിങ് ഉപയോഗപ്പെടുത്തുന്നു.

ക്ലൗഡ് കമ്പ്യൂട്ടിങ്

സാങ്കേതികപദം എന്നതിലുപരി ഒരു മാര്‍ക്കറ്റിങ് ടേം ആണ് 'ക്ലൗഡ് കമ്പ്യൂട്ടിങ്'. കൃത്യമായ ഒരു നിര്‍വചനം ഇതിനില്ല. ഇന്റര്‍നെറ്റ് വഴി ദൂരെയിരിക്കുന്ന ഒരു സെര്‍വറില്‍ ഫയലുകള്‍ സൂക്ഷിക്കുകയും സംസ്കരിക്കുകയും (process) ചെയ്യുന്നതിനാണ് സാധാരണയായി ക്ലൗഡ് കമ്പ്യൂട്ടിങ് എന്ന് പറയുന്നത്. ലോകത്തെവിടെനിന്നും നമ്മുടെ ഏത് ഉപകരണമുപയോഗിച്ചും ഇത് ആക്സസ് ചെയ്യാം (ഗൂഗ്ള്‍ ഡോക്സ് ഉദാഹരണമായെടുക്കുക).

അതിശക്തമായ കമ്പ്യൂട്ടറാണ് സെര്‍വര്‍ എങ്കില്‍ ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉന്നതശേഷിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാം. എന്നാല്‍ സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെയോ ഗ്രിഡ് കമ്പ്യൂട്ടിങ്ങിന്റെയോ ഒന്നും കൂട്ടത്തില്‍പ്പെട്ടതല്ലിത്.


Keywords (click to browse): supercomputing grid-computing cloud-computing seti lhc general-knowledge mathrubhumi exams technology information facts current-affairs