Nandakumar Edamana
Share on:
@ R t f

സൂപ്പര്‍കമ്പ്യൂട്ടിങ് ഇന്ത്യയില്‍


ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ന്നുവരുന്ന ശക്തിയായ ഇന്ത്യയ്ക്ക് സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ബഹിരാകാശഗവേഷണത്തിലും മറ്റും ഇപ്പോള്‍ത്തന്നെ ഏറെ മുന്നിലാണല്ലോ നാം. സൂപ്പര്‍കമ്പ്യൂട്ടിങ് രംഗത്ത് ഏറെയൊന്നും അവകാശപ്പെടാനില്ലെങ്കിലും മോശമല്ലാത്ത ഒരു സ്ഥാനം നമുക്കുമുണ്ട്. സമീപഭാവിയില്‍ത്തന്നെ ഈ രംഗത്തെ വന്‍ശക്തിയാവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കവും കുറിച്ചിട്ടുണ്ട്.

തദ്ദേശീയമായി സൂപ്പര്‍കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും TOP500 പട്ടികയിലെ നമ്മുടെ കമ്പ്യൂട്ടറുകളിലേറെയും അത്തരത്തിലുള്ളതല്ല. 2016 ജൂണിലെ കണക്കുപ്രകാരം ഒമ്പത് ഇന്ത്യന്‍ സൂപ്പര്‍കമ്പ്യൂട്ടറുകളാണ് TOP500 പട്ടികയിലുള്ളത്. Cray Inc., IBM, Hewlett-Packard എന്നിവയാണ് ഭൂരിഭാഗം കമ്പ്യൂട്ടറുകളുടെയും നിര്‍മാതാക്കള്‍. അതില്‍ത്തന്നെ Supercomputer Education and Research Centre (SERC), Indian Institute of Science-ന്റെ ഉടമസ്ഥതയിലുള്ള SERC-Cray XC40 ആണ് ഏറ്റവും വേഗമേറിയത്. 901.5 ടെറാഫ്ലോപ്സ് ആണ് ഇതിന്റെ വേഗം.

ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കമ്പ്യൂട്ടിങ് പദ്ധതി ആരംഭിച്ചത് 1980-കളിലാണ്. ആയുധ എംബാര്‍ഗോയുടെ ഭാഗമായി ക്രേ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ ഇറക്കുമതി തടയപ്പെട്ടിരുന്നു. ആണവാധുങ്ങളുടെ നിര്‍മാണത്തിനുവരെ ഇവ ഉപയോഗിക്കാനാവും എന്നതായിരുന്നു കാരണം. ഇതാണ് നമ്മുടെ സൂപ്പര്‍കമ്പ്യൂട്ടിങ് ഗവേഷണത്തിന് ഉണര്‍വേകിയത്.

1990-ല്‍ സി-ഡാക് (Centre for Development of Advanced Computing) നിര്‍മിച്ച PARAM 8000 ആണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍കമ്പ്യൂട്ടര്‍ ആയി കണക്കാക്കുന്നത്. പരം ശ്രേണിയില്‍പ്പെട്ട മറ്റ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍: PARAM 8600, PARAM 9900/SS, PARAM 9900/US, PARAM 9900/AA, PARAM 10000, PARAM Padma, PARAM Yuva, PARAM Yuva II, PARAM Kanchenjunga.

2002-ല്‍ പുറത്തിറങ്ങിയ, ഒരു ടെറാഫ്ലോപ്സ് വേഗമുള്ള പരം പദ്മയാണ് TOP500-ല്‍ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യന്‍നിര്‍മിത സൂപ്പര്‍കമ്പ്യൂട്ടര്‍. 2003 ജൂണില്‍ 171-ആം റാങ്കാണ് ഇതിനുണ്ടായിരുന്നത്. 2013-ല്‍പുറത്തിറങ്ങിയ പരം യുവ II-ന് 529 ടെറാഫ്ലോപ്സ് വേഗമാണുള്ളത്. ഊര്‍ജക്ഷമതയുടെ കാര്യത്തിലും ഇത് ശ്രദ്ധ നേടി. TOP SUPERCOMPUTERS-INDIA കണക്കുപ്രകാരം ഇതാണ് വേഗമേറിയ ഇന്ത്യന്‍-നിര്‍മിത സൂപ്പര്‍കമ്പ്യൂട്ടര്‍ (പ്രൊസസര്‍: ഇന്റല്‍).

മറ്റു ചില തദ്ദേശീയ സൂപ്പര്‍കമ്പ്യൂട്ടറുകള്‍:

  • Aaditya (Indian Institute of Tropical Meteorology)
  • Anupam (Bhabha Atomic Research Centre)
  • SAGA (ISRO)
  • EKA (Tata Consultancy Services)

ഇന്ത്യയില്‍ നിര്‍മിച്ചവയാണെങ്കിലും ഇത്തരം കമ്പ്യൂട്ടറുകളിലെല്ലാം വിദേശ പ്രൊസസറുകളാണ് ഉപയോഗിക്കുന്നത്. ചൈന നേടിയ സ്വാശ്രയത്വം നമുക്കിനിയും ഉണ്ടായിട്ടില്ല. എന്നാല്‍ നമ്മുടെ സൂപ്പര്‍കമ്പ്യൂട്ടിങ് പദ്ധതി മുന്നോട്ടുപോവുകതന്നെയാണ്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ (2012-2017) സൂപ്പര്‍കമ്പ്യൂട്ടിങ്ങിന് ഊന്നല്‍ കൊടുത്തിട്ടുണ്ട്. എക്സാഫ്ലോപ്പ് (= 1000 പീറ്റാഫ്ലോപ്സ്) റെയ്ഞ്ചില്‍ വേഗമുള്ള ഒരു കമ്പ്യൂട്ടറുണ്ടാക്കാന്‍ സി-ഡാക്കിനും പദ്ധതിയുണ്ട്.


Keywords (click to browse): supercomputing-in-india supercomputing india param saga c-dac cdac isro general-knowledge mathrubhumi exams technology information facts current-affairs