Nandakumar Edamana
Share on:
@ R t f

ബ്ലോഗുകള്‍: അവനവന്‍ പ്രസാധകന്‍


താരതമ്യേന ഔപചാരികത കുറഞ്ഞ വെബ്സൈറ്റുകളാണ് ബ്ലോഗുകള്‍. ഒരു സ്ഥാപനത്തെക്കുറിച്ചോ സംരംഭത്തെക്കുറിച്ചോ ഒക്കെയുള്ള ആധികാരികവിവരങ്ങള്‍ക്കുപകരം ബ്ലോഗിലുണ്ടാവുക ഒരു വ്യക്തിയുടെ അഭിപ്രായങ്ങളും കൃതികളുമെല്ലാമാണ്. 'വെബ് ലോഗ്' (Weblog) എന്നതിന്റെ ചുരുക്കമാണ് 'ബ്ലോഗ്' (Blog). ഈ വാക്ക് അതിന്റെ സ്വഭാവം വ്യക്തമാക്കുന്നു.

സ്വന്തം കൃതികള്‍ വെളിച്ചം കാണാന്‍ ഒരു പത്രാധിപരുടെ ദയ ആവശ്യമില്ല എന്നതാണ് പ്രായോഗികതലത്തില്‍ ബ്ലോഗ് ഉയര്‍ത്തുന്ന ആശയം. അവനവന്‍ പ്രസാധകനാവുന്നു. ഇങ്ങനെ പുറത്തുവരുന്ന കൃതികള്‍ക്ക് നിലവാരമുണ്ടാവുമോ എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍ പ്രസാധകരുടെ വ്യക്തിഗതമായ ആദര്‍ശങ്ങളും അഭിരുചികളും പല നല്ല കൃതികളും പുറത്തുവരാതിരിക്കാന്‍ കാരണമായിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ അവനവന്‍ പ്രസാധകനാവേണ്ടതിന്റെ ആവശ്യകത വ്യക്തമാവുന്നു.

ബ്ലോഗര്‍ പോലുള്ള ബ്ലോഗ് സേവനങ്ങള്‍ ഒരു യഥാര്‍ത്ഥ വെബ്സൈറ്റുപോലെത്തന്നെ ബ്ലോഗുണ്ടാക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ബ്ലോഗിന്റെ ഘടന തീര്‍ത്തും ലളിതമാണ്. ഒരൊറ്റ പേജില്‍ വിവിധ 'പോസ്റ്റു'കളായി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇവ പോസ്റ്റുചെയ്ത തീയതിയനുസരിച്ച് ഒന്നിനുതാഴെ ഒന്നായി നിരന്നുകാണാം.

തൊണ്ണൂറുകളില്‍ അവതരിച്ച ബ്ലോഗെഴുത്തും ബ്ലോഗനയും (ബ്ലോഗ് വായന) ഒരു തരംഗവും സംസ്കാരവുമായി മാറിയത് രണ്ടായിരത്തിനുശേഷമാണ്. ബ്ലോഗര്‍ പോലെ ലളിതവും സൗജന്യവുമായ ബ്ലോഗിങ് സേവനങ്ങള്‍ വന്നതാണ് കാരണം. നിരവധി രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ ബ്ലോഗര്‍മാര്‍ അഭിപ്രായമുന്നയിച്ചു. ചില പ്രത്യേക ബ്ലോഗുകള്‍ തിരഞ്ഞെടുത്ത് പതിവായി വായിക്കുന്ന ശീലം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയിലുമുണ്ടായി.

WordPress.com, ഗൂഗ്ളിന്റെ Blogger.com എന്നിവയാണ് പ്രധാന സൗജന്യ ബ്ലോഗിങ് വെബ്സൈറ്റുകള്‍. ഇവയില്‍ നിര്‍മിച്ചതടക്കം പതിനാറുകോടിയോളം ബ്ലോഗുകള്‍ വെബ്ബില്‍ ലഭ്യമാണ്.

വീഡിയോ ബ്ലോഗാണ് വ്ലോഗ് (Vlog). ഒരു വ്യക്തി തന്റെ അഭിപ്രായങ്ങളും അനുഭവങ്ങളുമെല്ലാം വീഡിയോകളായി അവതരിപ്പിക്കുന്നതാണിത്. യൂട്യൂബില്‍ പലരും തങ്ങളുടെ വ്ലോഗ് സീരീസ് പോസ്റ്റ് ചെയ്തുവരുന്നു.


Keywords (click to browse): blogs vlogs blogger wordpress blogging general-knowledge mathrubhumi exams technology information facts current-affairs