ഹൈടെക് വിദ്യാലയങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പത്രത്തില്‍ വരുമ്പോള്‍ ഈ പോക്ക് എങ്ങോട്ടാണെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ടാവാം. ആ ചിന്ത അസ്ഥാനത്തല്ല. ഇ-ലേണിങ്ങിന് ഒരുപാടൊരുപാട് ഗുണങ്ങളുണ്ട്. പക്ഷേ അത്തരം കൃത്യമായ ലക്ഷ്യങ്ങളില്ലാതെ വെറുതേയൊരു പരിഷ്കാരത്തിനായി ഇ-ലേണിങ് പ്രയോഗിച്ചാല്‍ അത് ദോഷമേ ചെയ്യൂ. വ്യക്തമായ ലക്ഷ്യങ്ങളോടെ ഇ-ലേണിങ് നടപ്പിലാക്കാന്‍ അതിന്റെ ചില നേട്ടങ്ങള്‍ ഇതാ മനസ്സിലാക്കാം...
സീറ്റെവിടെ?
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിക്കൂടിവരികയാണ്. എന്നാല്‍ നിലവാരമുള്ള സ്ഥാപനങ്ങളുടെ എണ്ണമോ അദ്ധ്യാപകരുടെ എണ്ണമോ അതിനനുസരിച്ച് കൂടുന്നില്ല. രണ്ട് ബുദ്ധിമുട്ടുകളാണ് ഇതുകൊണ്ടുണ്ടാകുന്നത്. പ്രവേശനപരീക്ഷയില്‍ മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്കുമാത്രം അവസരം ലഭിക്കുന്നു. പഠിക്കാന്‍ ആഗ്രഹവും അര്‍ഹതയും ഉണ്ടായിട്ടും എണ്ണക്കൂടുതല്‍ കൊണ്ടുമാത്രം മറ്റുള്ളവര്‍ പുറത്താകുന്നു. ഇതാണ് ആദ്യത്തെ പ്രശ്നം. അധികമാളുകള്‍ക്ക് അവസരം നല്‍കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തീരുമാനിച്ചാലുണ്ടാകുന്നതാണ് അടുത്ത പ്രശ്നം. ഒരു ക്ലാസില്‍ത്തന്നെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തിങ്ങിയിരിക്കേണ്ട അവസ്ഥ വരുന്നു. ആയിരത്തിനടുത്ത് വിദ്യാര്‍ത്ഥികളെ രണ്ടു ഹാളിലിരുത്തി ക്ലാസെടുക്കുന്ന അവസ്ഥ വരെ ഇതേത്തുടര്‍ന്ന് ഉണ്ടായിട്ടുണ്ടത്രേ. പ്രൊഫസര്‍ ഒരു ഹാളില്‍ മാത്രമായിരിക്കും. മറ്റേ ഹാളില്‍ ഈ ക്ലാസ് വീഡിയോ ആയി പ്രദര്‍ശിപ്പിക്കും. പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള താത്പര്യം ഇത്തരം സാഹചര്യങ്ങളില്‍ കുറവായിരിക്കുമെന്നുമാത്രം. ഒറ്റതിരിച്ചുള്ള ശ്രദ്ധ, സംശയനിവാരണത്തിനുള്ള അവസരം എന്നിവയൊന്നും വേണ്ടത്ര കിട്ടുകയുമില്ല. പരമ്പരാഗതക്ലാസുകള്‍ പോരാ, അതില്‍ ഇലക്ട്രോണിക്സ് (ഇവിടെ വീഡിയോ സംപ്രേഷണം) ചേര്‍ത്താലും പോരാ, മൂക് തന്നെ വേണം എന്ന് കാണിക്കുന്ന ഒരുദാഹരണമാണിത്.
അറിവ് എല്ലാവര്‍ക്കും
വിദ്യാഭ്യാസം അടിസ്ഥാന അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകുന്നുള്ളൂ. ഉന്നതവിദ്യാഭ്യാസം ഇന്നും പലര്‍ക്കും നിറവേറാത്ത സ്വപ്നമാണ്. ഒരു വേള ഏതെങ്കിലും ഡിഗ്രി നേടാനായേക്കാം. എന്നാല്‍ ഇഷ്ടമുള്ള വിഷയം ഇഷ്ടമുള്ള അന്തരീക്ഷത്തില്‍ പഠിക്കാനാവുക, താത്പര്യമുണ്ടെങ്കില്‍ അതില്‍നിന്നുതന്നെ ജീവിതമാര്‍ഗം കണ്ടെത്താനാവുക തുടങ്ങിയവയൊന്നും അത്രയെളുപ്പമല്ലല്ലോ. പ്രദേശം, സാമ്പത്തികസ്ഥിതി, സാമൂഹികാവസ്ഥ, കുടുംബപ്രശ്നങ്ങള്‍ തുടങ്ങി പലതാവാം കാരണം. ഇതിനെല്ലാം വലിയ തോതില്‍ പരിഹാരമാവാന്‍ ഇ-ലേണിങ്ങിന് കഴിയും.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനുള്ള ഒറ്റമൂലിയാണ് ഇ-ലേണിങ് എന്നല്ല പറഞ്ഞതിനര്‍ത്ഥം. വൈദ്യുതിയെത്താത്ത ഒരു ഗ്രാമത്തില്‍ ഇ-ലേണിങ്ങിന് വലിയ വിപ്ലവമൊന്നും വരുത്താനായേക്കില്ല. എന്നാല്‍ അടിസ്ഥാനസൌകര്യമെല്ലാമുണ്ടായിട്ടും ഉദ്ദേശിച്ച രീതിയില്‍ പഠിക്കാനാവാത്തവര്‍ക്ക് ഇ-ലേണിങ് വലിയ സഹായമാകും. ഉദാഹരണത്തിന്, കുടുംബപ്രശ്നങ്ങള്‍ മൂലം വീട്ടില്‍നിന്ന് മാറിത്താമസിക്കാനാവാത്ത ഒരാള്‍ക്ക് ദൂരെയുള്ള, ഇഷ്ടപ്പെട്ട സര്‍വകലാശാലയിലെ കോഴ്സ് തന്നെ പഠിക്കാന്‍ ഇ-ലേണിങ് ഉപകരിക്കും. സാമ്പത്തികശേഷി കുറഞ്ഞ, സ്കോളര്‍ഷിപ്പൊന്നും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരാള്‍ക്കുപോലും വിദേശസര്‍വകലാശാലകളുടെ ലക്ചറുകള്‍ ആസ്വദിക്കാം. പ്രാദേശികവിദ്യാലയങ്ങള്‍ക്ക് രാജ്യത്തെ മുതിര്‍ന്ന സ്ഥാപനങ്ങളില്‍നിന്നുള്ള പഠനവിഭവങ്ങള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുക്കാം.
അതിരുകളില്ലാത്ത സഹകരണം
റേഡിയോയ്ക്കുമുന്നിലെന്നപോലെ അദ്ധ്യാപകന്റെ ശരിതെറ്റുകള്‍ കേട്ട് തലയാട്ടുന്ന ബൊമ്മകളല്ല പുതിയ കാലത്തെ വിദ്യാര്‍ത്ഥികള്‍. ചോദ്യങ്ങള്‍ ചോദിച്ചും അന്വേഷിച്ചും തങ്ങള്‍ക്കിടയില്‍ത്തന്നെ ചര്‍ച്ചചെയ്തും അവര്‍ അറിവ് സൃഷ്ടിക്കുന്നു. ഒരേ താത്പര്യങ്ങളുള്ളവരെ ദേശത്തിന്റെ അതിരുകളില്ലാതെ ഇന്റര്‍നെറ്റ് വഴി അടുപ്പിച്ച് ഇ-ലേണിങ് ഇതിനെ അടുത്ത തലത്തിലേക്കുയര്‍ത്തുന്നു.
സാമ്പത്തികനേട്ടം
പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരുപോലെ സാമ്പത്തികലാഭമുണ്ടാക്കുന്നതാണ് ഓണ്‍ലൈന്‍ കോഴ്സുകള്‍. ഒരു രൂപ പോലും ഫീസ് നല്‍കാതെ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ കോഴ്സുകളില്‍ ഭാഗമാകാം. യാത്രാച്ചെലവ്, താമസച്ചെലവ് തുടങ്ങിയവയെക്കുറിച്ചൊന്നും ചിന്തവേണ്ട. നേരിട്ടുചെന്ന് പഠിക്കേണ്ട ചില വിഷയങ്ങള്‍ക്കുമാത്രമേ ഇത് അപ്രായോഗികമാകൂ.
കോഴ്സ് സൌജന്യമായി നല്കിയാലും സര്‍ട്ടിഫിക്കേഷന് ഫീസീടാക്കാം എന്നതാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പണം നേടിക്കൊടുക്കുന്നത്. പരമ്പരാഗത കോഴ്സുകളെയും ശില്‍പശാലകളെയും അപേക്ഷിച്ച് ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്താന്‍ കുറഞ്ഞ മുതല്‍മുടക്കുമതി എന്നതാണ് മറ്റൊന്ന്. ക്ലാസെടുക്കാന്‍ കെട്ടിടവും മറ്റു ഭൌതികസൌകര്യങ്ങളും ഒരുക്കേണ്ട. വൈദ്യുതി, ഭക്ഷണം, കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ലഭ്യത തുടങ്ങി ഏതെല്ലാം വഴിക്കുള്ള ചെലവ് ഒഴിവായിക്കിട്ടുമെന്നോര്‍ക്കുക. ഒരിക്കല്‍ പണം ചെലവാക്കിയുണ്ടാക്കിയ പഠനവിഭവങ്ങള്‍ വരുംവര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നതാണ് ചെലവുകുറയാനുള്ള മറ്റൊരു കാരണം.
ഒരൊറ്റ ലക്ചര്‍, പിന്നെയെല്ലാം മിനുക്കലുകള്‍
പഠനവിഭവങ്ങള്‍ ഒരിക്കലുണ്ടാക്കിയാല്‍മതി എന്നതാണ് അദ്ധ്യാപകരെസ്സംബന്ധിച്ച് മൂക് കൊണ്ടുള്ള പ്രധാനനേട്ടം. ആദ്യവര്‍ഷം ലക്ചര്‍ ചിത്രീകരിച്ചാല്‍ എല്ലാ വര്‍ഷവും ആ വീഡിയോ തന്നെ നല്കാം. പിന്നീടെപ്പോഴെങ്കിലും അതേ വിഷയത്തില്‍ കൂടുതല്‍ നല്ല രീതിയില്‍ ക്ലാസെടുക്കാന്‍ അവസരമുണ്ടായാല്‍ പഴയ വീഡിയോയ്ക്കുപകരം പുതിയത് കൊടുത്തുതുടങ്ങുകയുമാവാം. അദ്ധ്യാപകര്‍ മടിയരായിത്തീരും എന്ന എതിര്‍വാദത്തിന് ഇവിടെ സാദ്ധ്യതയുണ്ട്. അത് പൂര്‍ണമായും തള്ളിക്കളയാനാവില്ല. എന്നാല്‍ ഒരു നല്ല അദ്ധ്യാപകന്‍ ചെയ്യേണ്ടത് ഇങ്ങനെ കിട്ടുന്ന അധികസമയം ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ്. സ്വന്തം അറിവ് മെച്ചപ്പെടുത്തുക, വിഷയത്തില്‍ സമീപകാലമുണ്ടായ മുന്നേറ്റങ്ങളടക്കം ഉള്‍പ്പെടുത്തി അധികവിഭവങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയെല്ലാം തീര്‍ച്ചയായും പരിഗണിക്കണം. ഏറ്റവും പ്രധാനം പഠിതാക്കളുടെ സംശയങ്ങള്‍ തീര്‍ക്കാനും അവരോടൊപ്പം സംവദിക്കാനും സമയം ചെലവാക്കുക എന്നതാണ്.
ചിതലരിക്കാനല്ല തലച്ചോര്‍
പഠിച്ചുകൊണ്ടേയിരിക്കുക (Lifelong Learning) എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം മേഖല തന്നെ ആഴത്തില്‍ പഠിക്കാനും പുതിയ വിഷയങ്ങള്‍ പഠിച്ചുതുടങ്ങാനും ആര്‍ക്കും താത്പര്യമുണ്ടാകുമല്ലോ. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ആര്‍ത്തി തലച്ചോറിന് ജന്മനാ ഉള്ളതാണ്. എന്നാല്‍ അതടക്കുക മാത്രമല്ല തുടര്‍പഠനത്തിന്റെ ലക്ഷ്യം, നിലനില്‍പ്പുകൂടിയാണ്. അതും രണ്ടുതരത്തില്‍. യാന്ത്രികമായ തൊഴില്‍ജീവിതം കൊണ്ട് തലച്ചോറിനുണ്ടാവുന്ന മുരടിപ്പ് മാറ്റി മാനസികാരോഗ്യം നിലനിര്‍ത്തുകയാണൊന്ന്. മാറിക്കൊണ്ടേരിക്കുന്ന സാങ്കേതികവിദ്യയ്ക്കും തൊഴില്‍സാഹചര്യങ്ങള്‍ക്കും ഒപ്പം സഞ്ചരിച്ച് മത്സരക്ഷമമായിരിക്കുകയാണ് (Competent) അടുത്തത്. ലളിതമായിപ്പറഞ്ഞാല്‍, സ്വയം പഴകിപ്പോകാതെ നോക്കുക.
എന്നാല്‍ എല്ലാ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് നൈപുണ്യവികസനത്തിനുള്ള പരിശീലനം നല്‍കുന്നുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് സ്ഥാപനത്തിന് പ്രയോജനപ്പെടുന്ന രീതിയില്‍ മാത്രമായിരിക്കും. സ്വന്തം നിലയ്ക്ക് ഏതെങ്കിലും കോഴ്സിന് ചേരാനുദ്ദേശിച്ചാല്‍ ജോലിസമയം അതിന് തടസമാവുകയും ചെയ്യും. ഇവിടെയാണ് ഇ-ലേണിങ്ങിന്റെ പ്രസക്തി. ഉദ്യോഗത്തിന്റെ സമയഘടനയെക്കുറിച്ചുള്ള ചിന്ത മറന്ന് കോഴ്സുകള്‍ക്ക് ചേരുകയോ തികച്ചും അനൌപചാരികമായി സ്വന്തം നിലയ്ക്ക് പഠിക്കുകയോ ചെയ്യാം. ഒരു കംപ്യൂട്ടര്‍ വിദഗ്ധന് പുതിയൊരു പ്രോഗ്രാമിങ് ഭാഷ പഠിച്ചെടുക്കാം. അല്ല സാഹിത്യപഠനത്തിലാണ് താത്പര്യമെങ്കില്‍ അതുമാവാം.
നടന്നുനോക്കും, വീണോട്ടെ
എങ്ങാനും താന്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ നാണംകെടില്ലേ എന്ന ഭയം പലരേയും പരീക്ഷണങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ ഇ-ലേണിങ്ങില്‍ ഇതല്ല അവസ്ഥ. ആരുടെയും നിരീക്ഷണത്തിലല്ല എന്ന തോന്നല്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യമേകുന്നു. സ്വന്തം പരിമിതികള്‍ മനസ്സിലാക്കാനും അവ സ്വയം ശരിയാക്കാനും ശ്രമമുണ്ടാകുന്നു. പരസഹായം അത്യാവശ്യമാണെന്ന് തോന്നുന്ന ഘട്ടങ്ങള്‍ തീര്‍ച്ചയായുമുണ്ടാകാം. എന്നാല്‍ തന്റെ പ്രശ്നങ്ങള്‍ ഒരാള്‍ മാത്രം അറിഞ്ഞാല്‍മതിയല്ലോ.
അഭിമാനപ്രശ്നങ്ങള്‍ ഒരു നല്ല വിദ്യാര്‍ത്ഥിയുടെ ലക്ഷണമല്ല, ശരിതന്നെ. എങ്കിലും മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകാവുന്ന ഈ പ്രശ്നത്തിന് ചിലപ്പോഴെല്ലാം ഇതുമാത്രമാണ് പ്രതിവിധി.
ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്
ഭിന്നശേഷിയുള്ളവര്‍ക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെതന്നെ പഠിക്കാന്‍ ഇ-ലേണിങ് ഉപാധികള്‍ സഹായിക്കും. ഇ-ബുക്കുകള്‍ വായിച്ചുകേള്‍പ്പിക്കാനും മറ്റും സൗകര്യമുണ്ടല്ലോ. ബ്രെയിലി പ്രിന്റിങ് പോലെ ഇതിന് മുമ്പേ പരിഹാരങ്ങളില്ലെന്നല്ല. എന്നാല്‍ പ്രത്യേകരീതിയില്‍ തയ്യാറാക്കാത്ത വിഭവങ്ങള്‍കൂടി ഇവര്‍ക്കുപയോഗിക്കാനാവുമെന്നതാണ് ഇ-ലേണിങ്ങിന്റെ ഗുണം. ഭിന്നശേഷിയുള്ളവരുടെ ആശയവിനിമയരീതികള്‍ അറിയാത്തവര്‍ക്കും അവരുമായി ചര്‍ച്ചയിലേര്‍പ്പെടാം എന്നതും എടുത്തുപറയേണ്ട നേട്ടമാണ്.
ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ളത്ര സമയം, ഇഷ്ടമുള്ള ക്രമം
താത്പര്യക്കുറവല്ല പലപ്പോഴും ക്ലാസുകളില്‍നിന്ന് നമ്മെ അകറ്റുന്നത്. ആ വിഷയത്തില്‍ നമുക്ക് താത്പര്യമുള്ളപ്പോഴല്ല ക്ലാസുണ്ടാവുക എന്നതാണ്. ചിത്രവും വിചിത്രവുമായ എത്രയെത്ര വിഷയങ്ങളിലാണ് നമുക്ക് താതപര്യം വന്നും പോയുംകൊണ്ടിരിക്കുന്നത്. ഒരു പ്രത്യേകസമയത്തെ താത്പര്യവും അപ്പോള്‍ക്കിട്ടുന്ന ക്ലാസും ഒത്തുപോയാല്‍ അസാമാന്യമായ നേട്ടമാകും ഉണ്ടാവുക. സ്കൂള്‍ വിദ്യാഭ്യാസത്തിലെ വലിയൊരു പ്രശ്നമാണിത്. വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്കുപോലും ക്ലാസുകള്‍ ഉപയോഗശൂന്യമായിത്തീരാന്‍ ഇത് കാരണമാകും. എന്നാല്‍ ഇ-ലേണിങ്ങില്‍ ഈ പ്രശ്നമില്ല. 'ഓണ്‍-ഡിമാന്റ്' ആയതുകൊണ്ടുതന്നെ ഇഷ്ടം മൂക്കുമ്പോള്‍ എടുത്തുപഠിക്കാം. അതായത്, ഇഷ്ടമുള്ള സമയത്ത് പഠനം. അതുപോലെ ഇഷ്ടമുള്ളത്ര സമയവുമെടുക്കാം.
ഓരോ പഠിതാവിനും കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കാനും വ്യത്യസ്ത അളവ് സമയമാണല്ലോ വേണ്ടിവരിക. പരമ്പരാഗതരീതിയിലുള്ള ക്ലാസുകളിലെ വലിയൊരു വെല്ലുവിളിയാണിത്. വേഗത്തില്‍ കാര്യങ്ങള്‍ സാധിച്ചെടുക്കുന്ന പഠിതാക്കളോടൊപ്പമെത്താനാകാതെ മറ്റുള്ളവര്‍ വിഷമിക്കുന്നു. തിരിച്ച്, മറ്റുള്ളവരുടെ പതുക്കെപ്പോക്കുമൂലം ക്ലാസ് ഇഴഞ്ഞുനീങ്ങുന്നത് സമര്‍ത്ഥരില്‍ മടുപ്പുണ്ടാക്കുന്നു. പഠിപ്പിക്കുന്നവരുടെ കാര്യമോ? പരിശീലനം നേടിയ അദ്ധ്യാപകര്‍ക്കുപോലും പ്രായോഗികമായ കാരണങ്ങളാല്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ വേഗവ്യത്യാസം കണ്ടില്ലെന്നുനടിക്കേണ്ടിവരുന്നു.
മറ്റുള്ളവരുടെ വേഗക്കുറവും വേഗക്കൂടുതലുമെല്ലാം സഹിക്കാന്‍ പഠിപ്പിക്കുന്നു എന്നത് സത്യത്തില്‍ വിദ്യാലയങ്ങളുടെ നേട്ടമാണ്. സഹിഷ്ണുതയുടെ ആദ്യപാഠങ്ങള്‍. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതത്ര ഉത്പാദനക്ഷമമല്ല. ചെറുക്ലാസുകളില്‍ പരമ്പരാഗതവിദ്യാഭ്യാസം തന്നെയാണ് നല്ലതെന്ന് പറയുമ്പോഴും ഉന്നതവിദ്യാഭ്യാസരംഗത്ത് ഇ-ലേണിങ് ആവശ്യമുണ്ടെന്ന് പറയുന്നതിന് ഒരു കാരണമാണിത്. ഇ-വിഭവങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവര്‍ എവിടെയെത്തി എന്ന് ആശങ്കപ്പെടേണ്ട കാര്യമേയില്ല.
ഇതുമായി ബന്ധപ്പെട്ട് ഇ-ലേണിങ്ങിന് മുന്‍തൂക്കം കൊടുക്കുന്ന മറ്റുചില ഘടകങ്ങളുമുണ്ട്. പഠിതാക്കളുടെ വേഗവ്യത്യാസത്തിനുകാരണം ബുദ്ധിക്കൂടുതലോ കുറവോ ആകണമെന്നില്ല. പലപ്പോഴുമത് മുന്നറിവിന്റെയും ജീവിതപശ്ചാത്തലത്തിന്റെയുമൊക്കെ ഫലമാണ്. ഒരു നോവലിന്റെ നിരൂപണമാണ് പഠനവിഷയമെങ്കില്‍ ആ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് മനസ്സിലാകാന്‍ സാദ്ധ്യതയേറെയാണ്. സിനിമയെക്കുറിച്ചുള്ള ഒരു ലേഖനം മലയാളപാഠാവലിയില്‍ വരുമ്പോള്‍ സിനിമാഭ്രാന്തന്മാരായിരിക്കും ഒന്നാമന്മാരാവുക. ഭാഷാപരമായ പരിമിതിയാണ് അടുത്തത്. വിഷയം ഇഷ്ടമാണെങ്കിലും പഠിപ്പിക്കുന്ന അദ്ധ്യാപകന്റെയോ പാഠപുസ്തകത്തിന്റെയോ ഭാഷ പഠിതാവിന് മനസ്സിലാകാതെ വരാം.
ഇ-ലേണിങ്ങിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇതിനെല്ലാം എളുപ്പം പരിഹാരം കണ്ടെത്താം. ഒരു പാഠത്തിലേക്ക് കടക്കുംമുമ്പ് അതുമായി ബന്ധപ്പെട്ട മുന്നറിവ് സമ്പാദിക്കാന്‍ അവസരമുണ്ട്. പഠനവിഭവങ്ങള്‍ ആവശ്യമുള്ള ഭാഷയില്‍ ലഭ്യമാക്കിയും പഠനവിഭവത്തിന്റെ ഭാഷ പഠിച്ചെടുത്തും ഭാഷാപരമായ വെല്ലുവിളി മറികടക്കാം.
ഇപ്പറഞ്ഞത് സത്യത്തില്‍ ഇലക്ട്രോണിക് പഠനവിഭവങ്ങളുടെ മാത്രം ഗുണങ്ങളല്ല, 'അസിങ്ക്രണസ്' പഠനത്തിന്റെ ഗുണങ്ങളാണ്. ഒരു തത്സമയ ക്ലാസ് സംവിധാനത്തിന്റെ ഒഴുക്കിന് നിന്നുകൊടുക്കുന്നതിനുപകരം സ്വന്തം സമയക്രമത്തില്‍ പഠിക്കുന്നതാണിത്. പഴയ തപാല്‍ കോഴ്സുകള്‍ ഉദാഹരണം. എന്നാല്‍ അസിങ്ക്രണസ് വിഭാഗത്തില്‍ ഇ-ലേണിങ്ങിനോളം സമ്പന്നമായ മറ്റൊരു രീതിയില്ല. എഴുത്തും ശബ്ദവും ചിത്രവും ചാറ്റുമെല്ലാം അതിന്റെ ഭാഗമാണല്ലോ.
ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളത്ര സമയമെടുത്ത് പഠിക്കാമെന്നതുപോലെതന്നെ ആകര്‍ഷകമാണ് ഇഷ്ടമുള്ള ക്രമത്തില്‍ പഠിക്കാമെന്നത്. പരമ്പരാഗതരീതിയിലുള്ള ഒരു ക്ലാസാണ് പിന്തുടരുന്നതെങ്കില്‍ നടുക്കെവിടെയെങ്കിലും പിടിവിട്ടുപോയാല്‍ പിന്നെ ബാക്കിയുള്ള ഭാഗങ്ങളും മനസ്സിലായില്ലെന്നുവരും. മുഴുനീള വീഡിയോ ക്ലാസുകള്‍ മാത്രമായ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കും ഇതേ പോരായ്മയുണ്ട്. എന്നാല്‍ മികച്ച ഇ-ലേണിങ് കോഴ്സുകളെല്ലാം തന്നെ ചെറിയ ഭാഗങ്ങളായി തിരിച്ചിരിക്കും. ചിലത് ക്രമം തെറ്റിച്ചു പഠിക്കാം. ക്രമം അത്യാവശ്യമാണെങ്കിലോ, വേണ്ടത്ര മുന്നറിവ് നേടിയെടുക്കാനുള്ള സാവകാശവും സാഹചര്യവും ഉണ്ടാവുകയും ചെയ്യും.
പരീക്ഷകളും ഡിജിറ്റല്‍ BOX
സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രയോഗസാദ്ധ്യതയുള്ള ഒരു മേഖലയാണ് മൂല്യനിര്‍ണയം. ഇ-ലേണിങ് വിഭവങ്ങളും പ്ലാറ്റ്ഫോമുകളും തയ്യാറാക്കാനുള്ള ഇഎക്സ്ഇലേണിങ്, മൂഡില്‍ പോലുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളിലെല്ലാം തന്നെ ക്വിസ്സുകളും അസൈന്‍മെന്റുകളുമൊരുക്കാന്‍ സൌകര്യമുണ്ട്. പഠിച്ചതെന്ത്, പഠിക്കാനുള്ളതെന്ത് എന്ന് തിരിച്ചറിയലാണല്ലോ സത്യത്തില്‍ പരീക്ഷയുടെ ഉദ്ദേശം. പരമ്പരാഗതരീതിയിലുള്ള ക്ലാസ് ടെസ്റ്റുകളേക്കാള്‍ ഈ ആവശ്യം നിറവേറ്റാനാവുക പഠനസംവിധാനത്തിന്റെതന്നെ ഭാഗമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ്.
പരമ്പരാഗതരീതിയിലുള്ള പരീക്ഷയിലും ഡിജിറ്റല്‍ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താനാകും. ഫലപ്രഖ്യാപനം ഡിജിറ്റലായതിന്റെ ഗുണം ഒരുപാടുകാലമായി നാം അനുഭവിക്കുന്നുണ്ടല്ലോ. അതിനുമപ്പുറമാണ് യഥാര്‍ത്ഥസാദ്ധ്യതകള്‍.
ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വണ്ടിയില്ലെന്നുപറഞ്ഞ് പരീക്ഷ നീട്ടിയ കഥ കേട്ടിട്ടുണ്ടോ? സത്യമാണ്. വൈകാതെയും ചോരാതെയും പരീക്ഷാകേന്ദ്രങ്ങളില്‍ ചോദ്യപ്പേപ്പര്‍ എത്തിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. വിതരണം ഡിജിറ്റലാക്കി ഇതിന് പരിഹാരം കണ്ടെത്താം. ശക്തമായ രീതിയില്‍ എന്‍ക്രിപ്റ്റ് ചെയ്ത് ചോദ്യക്കടലാസ് സൈറ്റിലിടുന്നു. കേന്ദ്രങ്ങള്‍ക്ക് ഇത് സൌകര്യംപോലെ ഡൌണ്‍ലോഡ് ചെയ്യാം. പരീക്ഷയ്ക്ക് മിനിറ്റുകള്‍ക്കുമുമ്പുമാത്രമാണ് കടലാസ് ഡീക്രിപ്റ്റ് ചെയ്യാനുള്ള പാസ്‌വേഡ് അയച്ചുകിട്ടുക. തുടര്‍ന്ന് ഫയല്‍ തുറന്ന് പ്രിന്റെടുക്കാം, പരീക്ഷാര്‍ത്ഥികള്‍ക്ക് കൈമാറാം.
ഒബ്ജക്റ്റീവ് പരീക്ഷകളുടെ എഴുത്തും മാര്‍ക്കിടലും പൂര്‍ണമായും ഡിജിറ്റലാക്കാനാവും. ദേശീയതലത്തിലുള്ള എന്‍ട്രസ് പരീക്ഷകള്‍ക്കും മറ്റും കംപ്യൂട്ടര്‍-ബെയ്സ്ഡ് ടെസ്റ്റ് സാധാരണമാണല്ലോ. പരീക്ഷയെഴുതുന്നതോടൊപ്പംതന്നെ പശ്ചാത്തലത്തില്‍ മാര്‍ക്കുകൂട്ടലും നടക്കുന്നു.
ഒബ്ജക്റ്റീവ് ശൈലിയിലല്ലാത്ത പരീക്ഷകള്‍ കംപ്യൂട്ടറിന് വിലയിരുത്താനാവില്ല. എന്നാല്‍ ഇവയുടെ എഴുത്ത് കംപ്യൂട്ടറിലാക്കുകയോ പേപ്പറുകള്‍ സ്കാന്‍ചെയ്തുകിട്ടുകയോ ചെയ്താല്‍ അദ്ധ്യാപകര്‍ക്ക് 'ഓണ്‍-സ്ക്രീന്‍ ഇവാലുവേഷന്‍' (കംപ്യൂട്ടര്‍ സ്ക്രീനില്‍ ഉത്തരക്കടലാസ് കണ്ട് മാര്‍ക്കിടല്‍) നടത്താനാകും. പരമ്പരാഗതരീതിയിലുള്ള ഇവാല്വേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനാവശ്യമായ ചെലവും അധ്വാനവും സമയവും ഇങ്ങനെ ലാഭിക്കാം. പേപ്പര്‍ കാണാതെയാകല്‍, തിരിമറി തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമാകും.
മാര്‍ക്കിടല്‍ വേഗത്തിലാകുമെങ്കിലും ഡിജിറ്റല്‍ പരീക്ഷകള്‍ക്ക് ദോഷവുമുണ്ട്. കംപ്യൂട്ടറിലോ ടാബിലോ ഉള്ള പരീക്ഷയെഴുത്ത് എല്ലാ വിദ്യാര്‍ത്ഥികളും സുഖകരമായിരിക്കില്ല. സാങ്കേതികപ്രശ്നങ്ങളുണ്ടായാല്‍ അത് ശ്രദ്ധതിരിക്കുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യും.