Nandakumar Edamana
Share on:
@ R t f

ചില ചോക്കുപൊട്ടുകള്‍


ഇ-ലേണിങ് അല്ല ലക്ഷ്യമെങ്കിലും പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കുമെല്ലാം എറെ ഉപകാരപ്രദമായ ഒരുപാട് സോഫ്റ്റ്‌വെയര്‍ ഉപാധികളുണ്ട്. ചിലതെല്ലാം ഇന്റര്‍നെറ്റില്ലാതെതന്നെ പ്രവര്‍ത്തിക്കും. ചിലതാകട്ടെ ഓണ്‍ലൈനാണ്. ഇതാ അത്തരം ചില ടൂളുകളും വിദ്യകളും...

സ്ക്രീന്‍ഷോട്ടും റെക്കോഡിങ്ങും

ഏറ്റവും ലളിതമായ കാര്യങ്ങളില്‍നിന്നാവട്ടെ തുടക്കം. കംപ്യൂട്ടര്‍ സ്ക്രീന്‍ ചിത്രീകരിക്കുക എന്നത് പലപ്പോഴും ആവശ്യമായിവരുന്ന ഒരു കാര്യമാണ്. വെബ്‌സൈറ്റുകളുടെയോ സോഫ്റ്റ്‌വെയര്‍ ജാലകങ്ങളുടെയോ ചിത്രങ്ങള്‍ പഠനവിഭവങ്ങളിലും ഗവേഷണറിപ്പോര്‍ട്ടുകളിലുമെല്ലാം ഉള്‍പ്പെടുത്താനാവാമിത്. അല്ലെങ്കില്‍ കംപ്യൂട്ടറില്‍ നേരിടുന്ന ഒരു പ്രശ്നത്തിന്റെ വിശദാംശം ഒരു വിദഗ്ധന് അയച്ചുകൊടുക്കാനാകാം. സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുമ്പോഴോ, സ്ക്രീനില്‍ നടക്കുന്ന കാര്യങ്ങളുടെ വീഡിയോ തന്നെ വേണ്ടിവരും.

ഉബുണ്ടു പോലുള്ള ചില ഗ്നു/ലിനക്സ് പതിപ്പുകളില്‍ കീബോഡിലെ PrtScr (പ്രിന്റ് സ്ക്രീന്‍) ബട്ടണമര്‍ത്തിയാല്‍ സ്ക്രീന്‍ഷോട്ട് സേവ് ചെയ്യാനുള്ള ജാലകം വരും. പകരം മെനുവില്‍ തിരഞ്ഞ് സ്ക്രീന്‍ഷോട്ട് ആപ്ലിക്കേഷന്‍ പ്രത്യേകമായി തുറന്നാല്‍ ഒരു ജാലകം മാത്രം ചിത്രീകരിക്കുക, നിശ്ചിതസമയത്തിനുശേഷം ചിത്രീകരിക്കുക തുടങ്ങിയ അധികസൗകര്യങ്ങള്‍ ലഭിക്കും. വിന്‍ഡോസില്‍ Snipping Tool (സ്റ്റാര്‍ട്ട് മെനുവില്‍ തിരയുക) ആണുപയോഗിക്കേണ്ടത്. ഇവയ്ക്കുപുറമെ കൂടുതല്‍ സൗകര്യങ്ങളുള്ള വേറെയും സ്ക്രീന്‍ഷോട്ട് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

SimpleScreenRecorder, Kazam, recordMyDesktop (gtk-recordmydesktop) തുടങ്ങി വിവിധ സ്ക്രീന്‍ റെക്കോഡിങ് ആപ്ലിക്കേഷനുകള്‍ ഗ്നു/ലിനക്സില്‍ ലഭ്യമാണ്. മിക്കതിലും ശബ്ദം വേണോ, ഫയല്‍സൈസ് എത്രയാവാം, കഴ്സര്‍ (മൗസ് പോയിന്റര്‍) കാണണോ വേണ്ടയോ തുടങ്ങിയ ക്രമീകരണങ്ങള്‍ നടത്താനാവും. വിന്‍ഡോസ് 10-ല്‍ ബില്‍റ്റ്-ഇന്‍ ആയിത്തന്നെ സ്ക്രീന്‍ റെക്കോഡര്‍ ഉണ്ടെന്ന് വായിച്ചിട്ടുണ്ട്. Windows Key + Alt + R എന്നതാണത്രേ ഷോര്‍ട്ട്കട്ട്.

സ്ക്രീന്‍ റെക്കോഡിങ്ങിനുപയോഗിക്കാവുന്ന വെബ്‌സൈറ്റുകളുമുണ്ട്. സ്വകാര്യതയുടെ കാര്യത്തില്‍ ഉറപ്പുനല്കാനാവില്ലെന്നുമാത്രം.

വെബ്‌സൈറ്റുകളുടെ പടമെടുക്കാന്‍

സ്ക്രീനിലൊതുങ്ങാത്തതാണല്ലോ പലപ്പോഴും വെബ്‌സൈറ്റുകള്‍. മുഴുവന്‍ പേജിന്റെയും സ്ക്രീന്‍ഷോട്ട് ആവശ്യമാണെങ്കില്‍ പല സ്ക്രീന്‍ഷോട്ടെടുത്ത് ഒട്ടിച്ചുചേര്‍ക്കേണ്ടിവരുമോ?

വേണ്ട. ഫയര്‍ഫോക്സിന്റെ അത്യാവശ്യം പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ വെബ് വിലാസം കാണിക്കുന്ന അഡ്രസ് ബാറിന്റെ വലതുവശത്ത് മൗസെത്തിക്കുക. പേജ് ആക്ഷന്‍സ് മെനുവില്‍ (മൂന്നു കുത്ത്) ക്ലിക്ക് ചെയ്ത് Take a Screenshot എടുക്കുക. ഇപ്പോള്‍ വെബ് പേജ് ഭാഗികമായും മുഴുവനായും ചിത്രീകരിക്കാനുള്ള സൗകര്യം പ്രത്യക്ഷപ്പെടും. എടുത്ത സ്ക്രീന്‍ഷോട്ടുകള്‍ ഡൗണ്‍ലോഡ് ബട്ടണമര്‍ത്തി സേവ് ചെയ്യാം (ഡൗണ്‍ലോഡ് എന്നു കേട്ട് തെറ്റിദ്ധരിക്കേണ്ട, ചിത്രങ്ങള്‍ നെറ്റിലല്ല ഉള്ളത്).

വെബ്‌സൈറ്റുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സഹായിക്കുന്ന സൈറ്റുകളുമുണ്ട്. എന്നാല്‍ ഓഫ്‌ലൈനായിത്തന്നെ ഒരു സൗകര്യമുള്ളപ്പോള്‍ അതുപയോഗിക്കുന്നതാണ് നല്ലത്.

ഇ-ബുക്ക് റീഡറുകള്‍

പിഡിഎഫോ എച്ച്ടിഎംഎലോ ആയാണ് മിക്ക ഇ-ബുക്കുകളും വരുന്നത്. ഇവ വായിക്കാന്‍ സാധാരണ പിഡിഎഫ് വ്യൂവറുകളും വെബ് ബ്രൌസറുകളും തന്നെ ധാരാളം. സൌകര്യക്കൂടുതലുള്ള പിഡിഎഫ് വ്യൂവറുകള്‍ സുരക്ഷയ്ക്ക് ഭീഷണിയായതുകൊണ്ട് പിഡിഎഫ് ഫയലുകള്‍ ബ്രൌസറില്‍ തുറന്നുവായിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഗ്നോം ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന ഗ്നു/ലിനക്സ് പതിപ്പുകള്‍ക്കൊപ്പം വരുന്ന എവീന്‍സ് (Evince) അത്യാവശ്യം നല്ലൊരു ഡോക്യുമെന്റ് വ്യൂവറാണെങ്കിലും കെ ഡെസ്ക്ടോപ്പിനൊപ്പം വരുന്ന ഒക്കുലാര്‍ (Okular) ആണ് കൂടുതല്‍ വികസിച്ചത്. ഗ്നോമിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.

പിഡിഎഫ്, എച്ച്ടിഎംഎല്‍ എന്നിവയ്ക്കുപുറമെ ഇപബ് (ePub), ദെയ്ഷാവു (DjVu) തുടങ്ങിയ പ്രത്യേക ഇ-ബുക് ഫോര്‍മാറ്റുകളുണ്ട്. ഒക്കുലാറില്‍ ഇവയ്ക്ക് പിന്തുണയുണ്ട്. ആന്‍ഡ്രോയ്ഡ് അടക്കമുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇവയ്ക്കുള്ള റീഡറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം.

മള്‍ട്ടിമീഡിയാ ഉപാധികള്‍

ചിത്രങ്ങള്‍ ക്രോപ്പ് ചെയ്യുക മുതല്‍ വീഡിയോ എഡിറ്റിങ് നടത്തുക വരെയുള്ള ആവശ്യങ്ങള്‍ ഇ-ലേണിങ്ങുമായി ബന്ധപ്പെട്ടുവരാം. ഇവയ്ക്കെല്ലാം ചെറുതും വലുതും ഓണ്‍ലൈനും ഓഫ്‌ലൈനുമായ ഒരുപാടൊരുപാട് ടൂളുകള്‍ ലഭ്യമാണ്. സേര്‍ച്ചു ചെയ്താല്‍ മതി. ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാം എന്ന ഗുണമുണ്ടെങ്കിലും ഓണ്‍ലൈന്‍ ടൂളുകള്‍‌ക്ക് സ്വകാര്യതാപ്രശ്നങ്ങളുണ്ടാവാം. അതുകൊണ്ട് കഴിയുന്നത്ര ഓഫ്‌ലൈന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജുകളായ ജിമ്പ് (GIMP), ഒഡാസിറ്റി (Audacity), കെഡെന്‍ലൈവ് (kdenlive) എന്നിവ സാമാന്യം നല്ല ഇമേജ്, ഓഡിയോ, വീഡിയോ എഡിറ്ററുകളാണ്. ഗ്നു/ലിനക്സിലും വിന്‍ഡോസിലുമെല്ലാം പ്രവര്‍ത്തിക്കും. സൌകര്യക്കൂടുതല്‍ മൂലം തുടക്കക്കാര്‍ക്ക് ഇവ സങ്കീര്‍ണമായി അനുഭവപ്പെട്ടേക്കാം. അവര്‍ക്ക് കുറേക്കൂടി ലളിതമായ ടൂളുകള്‍ കണ്ടെത്താം. ഉദാഹരണത്തിന്, ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ സാമാന്യം ലളിതമാണ്.

ഉദാഹരണമെന്നോണം ചില ഓണ്‍ലൈന്‍ മള്‍ട്ടിമീഡിയാ ടൂളുകളുടെ വിലാസം കൊടുക്കുന്നു. ഇവയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് യാതൊരുറപ്പും തരുന്നില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

  • ഫോട്ടോ റീസൈസ് ചെയ്യുക, ഇഫക്റ്റുകള്‍ ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ - freeonlinephotoeditor.com, online-image-editor.com
  • ഫയല്‍ കണ്‍വേര്‍ഷന്‍ - online-convert.com, zamzar.com, pdf2doc.com

മൈക്രോസോഫ്റ്റ് ഓഫീസിന് ബദലായി ഉപയോഗിക്കാവുന്ന ഒരു പരിപൂര്‍ണ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഓഫീസ് സ്യൂട്ടാണ് ലിബര്‍ഓഫീസ് (LibreOffice). ഇതും വിന്‍ഡോസടക്കം പല പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കും. കൊളാബൊറ എന്ന സ്ഥാപനം സംഘടനകളെയും ബിസിനസ്സുകളെയും ലക്ഷ്യമിട്ട് ഇതിന്റെ പ്രത്യേകപതിപ്പ് ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈന്‍ രൂപവുമുണ്ട്.

വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍

യൂട്യൂബ് അടക്കമുള്ള വെബ്സൈറ്റുകളില്‍നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ടൂളാണ് savefrom.net. വിവിധ വീഡിയോ ഫോര്‍മാറ്റുകളിലും ഓഡിയോ ഫോര്‍മാറ്റുകളിലും ഡൗണ്‍ലോഡിങ് നടത്താം. ത്രീഡി പിന്തുണയും (ഉള്ള വീഡിയോകള്‍ക്ക്) കിട്ടാറുണ്ട്. ClipGrab പോലുള്ള ആപ്ലിക്കേഷനുകളും ഇതിനായി ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം. എന്നാല്‍ വിഎല്‍സി മീഡിയാ പ്ലേയറിലെ Media > Convert/Save സൌകര്യം തന്നെ സാധാരണ ഡൌണ്‍ലോഡുകള്‍ക്ക് ധാരാളമാണ്.

കുറിപ്പ്: ഇന്റര്‍നെറ്റില്‍നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പകര്‍പ്പവകാശനിബന്ധനകള്‍ പാലിക്കുക.

ചാറ്റും സ്ക്രീന്‍ഷെയറിങ്ങും

ഒരുമിച്ചുള്ള പഠനത്തിനും ചര്‍ച്ചകള്‍ക്കും പ്രൊജക്റ്റ് നിര്‍വഹണത്തിനുമെല്ലാം ഏറെ ഉപയോഗപ്രദമാണ് ചാറ്റ്, സ്ക്രീന്‍ഷെയറിങ് ആപ്ലിക്കേഷനുകള്‍. അക്കൗണ്ടൊന്നുമില്ലാതെതന്നെ വീഡിയോ കോണ്‍ഫറന്‍സില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്ന ഇത്തരമൊരു സേവനമാണ് jitsi.org. ഇന്‍സ്റ്റാള്‍ ചെയ്യാതെ ബ്രൗസറില്‍ത്തന്നെ ഇതുപയോഗിക്കാം. ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ചാറ്റിനുപുറമെ സ്ക്രീന്‍ പങ്കുവയ്ക്കാനും സൗകര്യമുണ്ട്. 2003-ല്‍ സ്ഥാപിതമായ ഇത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മനോഭാവമുള്ള ഒരു സംരംഭമാണ്. ഇതുവരെ സ്വകാര്യതാപ്രശ്നങ്ങളൊന്നും പറഞ്ഞുകേട്ടിട്ടില്ല.

വലിയ ഫലുകള്‍ പങ്കുവയ്ക്കാന്‍

ഇ-മെയില്‍ വഴി വലിയ ഫയലുകള്‍ അയയ്ക്കാനാവാത്തതുകൊണ്ടുതന്നെ ഗൂഗിള്‍ ഡ്രൈവ് (Google Drive) പോലെ ഏതെങ്കിലും ക്ലൌഡ് സ്റ്റോറേജ് സേവനത്തില്‍ അപ്‌ലോഡ് ചെയ്യുകയും ലിങ്ക് പങ്കുവയ്ക്കുകയുമാണ് പൊതുവെയുള്ള രീതി. കൂടുതല്‍ സ്വകാര്യതയോടെ ഫയലുകള്‍ പങ്കുവയ്ക്കാന്‍ മോസില്ലയില്‍നിന്നുള്ള 'ഫയര്‍ഫോക്സ് സെന്‍ഡ്' (send.firefox.com) ഉപയോഗിക്കാം.

ഓണ്‍ലൈനായി പ്രോഗ്രാമിങ് പരീക്ഷണങ്ങള്‍

കംപ്യൂട്ടറില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ പ്രോഗ്രാമുകള്‍ എഴുതാനും കംപൈല്‍ ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും സഹായിക്കുന്ന സൈറ്റുകളുണ്ട്. ഉദാഹരണത്തിന്, പ്രശസ്ത കംപ്യൂട്ടര്‍ ട്യൂട്ടോറിയല്‍സ് വെബ്‌സൈറ്റായ ട്യൂട്ടോറിയല്‍സ്‌പോയിന്റ് ഒരുപാട് പ്രോഗ്രാമിങ് ഉപകരണങ്ങളും കണ്‍സോളുകളും tutorialspoint.com/codingground.htm എന്ന വിലാസത്തില്‍ ലഭ്യമാക്കുന്നുണ്ട്. സി, പൈത്തണ്‍, എസ്ക്യുഎല്‍ തുടങ്ങി വിവിധ ഭാഷകളും ഗ്നു/ലിനക്സ് ഷെല്ലുമെല്ലാം (കമാന്‍ഡ് ലൈന്‍) ഇവിടെ പരീക്ഷിക്കാം. മറ്റു ചില സൈറ്റുകള്‍: codechef.com/ide, ideone.com.

ചെയ്തുപഠിക്കാന്‍

ചെയ്തുപഠിക്കാവുന്ന ഒരുപാട് ആപ്ലിക്കേഷനുകളുണ്ട്. പ്രത്യേകിച്ച് കണക്കിലും ശാസ്ത്രത്തിലും. ഏറെ ശ്രദ്ധേയമായ രണ്ടുദാഹരണങ്ങളാണ് ഫെറ്റും ജിയോജിബ്രയും.

കൊളറാഡോ സര്‍വ്വകലാശാലയുടെ കീഴില്‍ 2002-ല്‍ കാള്‍ വീല്‍മാന്‍ (Carl Wieman) തുടക്കമിട്ട സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പഠനവിഭവമാണ് ഫെറ്റ് (PhET). ഫിസിക്സ് എജ്യൂക്കേഷന്‍ ടെക്നോളജി എന്നാണ് പേരിന്റെ പൂര്‍ണ്ണരൂപമെങ്കിലും മറ്റു ശാസ്ത്രവിഷയങ്ങളിലേതടക്കമുള്ള നിരവധി പരീക്ഷണങ്ങള്‍ ചെയ്തുപഠിയ്ക്കാനുള്ള സൗകര്യമുണ്ട്. Phet.colorado.edu എന്ന വിലാസത്തില്‍ ഉപയോഗിക്കാം.

ഗണിതപഠനത്തിനുള്ള പ്രശസ്തമായ ഒരു സ്വതന്ത്രസോഫ്റ്റ്‌വെയറാണ് ജിയോജിബ്ര (GeoGebra). ഇതും വെബ് ആപ്പ് രൂപത്തില്‍ ലഭ്യമാണ് (ലാസം: geogebra.org).

ഭൂമിശാസ്ത്രപഠനത്തിനുള്ള മാര്‍ബിള്‍, ജ്യോതിശ്ശാസ്ത്രപഠനത്തിനുള്ള സ്റ്റെല്ലേറിയം (Stellarium), ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മനസ്സിലാക്കാനുള്ള ക്യൂജിസ് (qgis) തുടങ്ങി ഒരുപാടൊരുപാട് ആപ്ലിക്കേഷ‍നുകള്‍ ഇനി ഈ നിരയിലുണ്ട്. മലയാളത്തില്‍ ഇതേക്കുറിച്ച് കൂടുതറിയണമെങ്കില്‍ ഹൈസ്കൂള്‍ പാഠപുസ്തകങ്ങള്‍ പരിശോധിക്കുക (samagra.kite.kerala.gov.in സന്ദര്‍ശിക്കുക).


Click here to read more like this. Click here to send a comment or query.