മണിക്കൂറുകളോളം കംപ്യൂട്ടറിനുമുന്നിലിരിന്ന് ജോലി ചെയ്യുന്നവര്‍ക്കായിരുന്നു ഹൈടെക് രോഗങ്ങളധികവും. ഗെയിമുകളും ഇന്റര്‍നെറ്റിന്റെ വിശാലതയുമെല്ലാം സാധാരണക്കാരനും പ്രശ്നങ്ങള്‍ വരാന്‍ ഇടയാക്കി. എന്നാല്‍ കാര്യങ്ങളെ ഒന്നുകൂടെ തീക്ഷ്ണമാക്കുകയാണ് സ്മാര്‍ട്ട്ഫോണുകള്‍. കൊണ്ടുനടക്കാനും കയ്യിലൊതുക്കാനും കഴിയുന്നതുകൊണ്ട് ഏതുനേരവും ആശയവിനിമയസേവനങ്ങള്‍ ഉപയോഗിക്കാന്‍ ഇവ സഹായിക്കും (അഥവാ പ്രേരിപ്പിക്കും). അതുതന്നെയാണ് ഇവ പ്രശ്നമാവാന്‍ കാരണവും.
ഡെസ്ക്ടോപ്പ്/ലാപ്ടോപ്പ് കംപ്യൂട്ടറിനെ ഒഴിവാക്കുന്നതിനുപകരം അതിന് ഒരനുബന്ധമാവുകയാണ് സ്മാര്‍ട്ട്ഫോണ്‍. ഹൈടെക് രോഗങ്ങളായ ഇന്റര്‍നെറ്റ് അഡിക്ഷന്‍ സിന്‍ഡ്രോം, ഫെയ്സ്ബുക്ക് അഡിക്ഷന്‍ സിന്‍ഡ്രോം എന്നിവയ്ക്കെല്ലാം ഇവ കൂടുതല്‍ അവസരമൊരുക്കുന്നു എന്നര്‍ത്ഥം.
ഇവയെ രോഗങ്ങള്‍ എന്ന് വിളിക്കുന്നത് ഒരുപക്ഷേ ശരിയാവില്ല. എന്തുതന്നെയായാലും ഗൗരവമുള്ള മാനസിക-ശാരീരിക പ്രശ്നങ്ങളാണിവ. സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച നോമോഫോബിയ, വാട്സാപ്പിറ്റിസ് എന്നീ പ്രശ്നങ്ങളാണ് ഈ ലക്കം ഇന്‍ഫോഹൈല്‍ത്ത് വിശകലനം ചെയ്യുന്നത്.
നോമോഫോബിയ
മൊബൈല്‍ ഫോണ്‍ കയ്യിലില്ലെങ്കില്‍ പരിഭ്രമം തോന്നുന്ന അവസ്ഥയാണ് നോമോഫോബിയ (Nomophobia). 2010-ല്‍ യു.കെ. പോസ്റ്റ് ഓഫീസ് നടത്തിയ ഒരു പഠനത്തിനിടെയാണ് നോമോഫോബിയ എന്ന വാക്ക് രൂപപ്പെടുന്നത്. No-mobile-phone phobia എന്നതിന്റെ ചുരുക്കമാണിത്.
മൊബൈല്‍ ഫോണുകള്‍ അവതരിപ്പിച്ച ഒരു പ്രശ്നമായല്ല പലരും ഇതിനെ കാണുന്നത്. മറ്റു പല മനശ്ശാസ്ത്രവസ്തുകളുമാണ് ഇതിന്റെ അടിസ്ഥാനം. അതു പറയും മുമ്പ് യു.കെ. പോസ്റ്റോഫീസിന്റെ പഠനഫലം എന്തായിരുന്നുവെന്ന് നോക്കാം.
ഇത്രയുമാണ് അവര്‍ കണ്ടെത്തിയത്: മൊബൈല്‍ ഉപയോക്താക്കളില്‍ 53% പേരും മൊബൈല്‍ പ്രവര്‍ത്തനരഹിതമായാല്‍ പരിഭ്രമിക്കുന്നവരാണ്. ബാറ്ററിയോ ക്രെഡിറ്റോ തീരുന്നതുമുതല്‍ കവറേജോ ഫോണ്‍ തന്നെയോ നഷ്ടപ്പെടുന്നതുവരെയുള്ള സന്ദര്‍ഭങ്ങളാവാമത്.
വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും നോമോഫോബിയ ഉള്ളവരോ ഉണ്ടാവാനിടയുള്ളവരോ ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അപകടകരമായ ഭീതിയൊന്നുമാവില്ല ഇത്. ഒരു പക്ഷേ ഇടയ്ക്കിടെ മൊബൈലിലെ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാഞ്ഞാല്‍ തോന്നുന്ന അസ്വസ്ഥത മാത്രമാവാം.
ഒറ്റപ്പെടുമ്പോള്‍ ഭയം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതമായ തോതില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പരിഭ്രാന്തി തോന്നുന്നതുമെല്ലാം പ്രശ്നം തന്നെ. സോഷ്യല്‍ മീഡിയയില്‍ വാചാലരായ പലരും സ്റ്റേജിലെത്തിയാല്‍ നിന്നുവിയര്‍ക്കുന്നതുകാണാം. ഇത്തരം മനശ്ശാസ്ത്രപ്രശ്നങ്ങളുടെ ഒരു ബാഹ്യരൂപമാണ് നോമോഫോബിയ എന്നാണ് പലരും വിലയിരുത്തുന്നത്. യഥാര്‍ത്ഥമനുഷ്യരെ ഭയക്കുന്ന അവര്‍ ഒരു യന്ത്രം വഴി മാത്രം ലോകവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു.
ഇനി ഇതിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് നോക്കാം. കണക്റ്റിവിറ്റി നഷ്ടപ്പെടുന്നത് നോമോഫോബിയക്കാര്‍ക്ക് ചിന്തിക്കാവുന്നതേ അല്ല. അതുകൊണ്ട് സദാ ‘കണക്റ്റഡ്’ ആയിരിക്കാന്‍ എന്തെല്ലാം ചെയ്യാമോ, അതായിരിക്കും ഇവര്‍ എപ്പോഴും ചെയ്യുക. ഇന്റര്‍നെറ്റ് ലഭ്യമായ ഒന്നിലേറെ ഉപകരണങ്ങള്‍ കൊണ്ടുനടക്കുക, ചാര്‍ജ്ജറും മറ്റും എപ്പോഴും കൂടെയുണ്ടായിരിക്കുക എന്നിവയെല്ലാം ഇതില്‍പ്പെടും. കവറേജ് നഷ്ടപ്പെടുകയോ ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതാവുകയോ ചെയ്യുമ്പോള്‍ ഇവര്‍ വല്ലാതെ പരിഭ്രാന്തരാവുന്നു.
ജോലിയുടെ ഭാഗമായി സ്ഥിരം ഒന്നിലേറെ ഫോണുകള്‍ ഉപയോഗിക്കുന്നവരെപ്പറ്റിയല്ല ഈ പറയുന്നത്. പ്രത്യേകിച്ച് ആരുമായും സംസാരിക്കാനില്ലാത്തപ്പോഴും മൊബൈല്‍ തുറന്നുനോക്കുകയും കവറേജില്ലെങ്കില്‍ അസ്വസ്ഥരാവുകയും ചെയ്യുന്നവരെപ്പറ്റിയാണ്.
നിലവിലുള്ള ചില തെറാപ്പികള്‍ കൊണ്ടുതന്നെ ഈ പുതിയ രോഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍.
വാട്ട്സാപ്പിറ്റിസ്
വാട്ട്സാപ്പ് ഉയര്‍ത്തുന്ന നൈതികപ്രശ്നങ്ങള്‍ ചെറുതല്ല. എന്നാല്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുന്നത് അതുയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളാണ്.
വാട്ട്സാപ്പിന്റെ അമിതോപയോഗം കൊണ്ടുണ്ടാവുന്ന അവസ്ഥയാണ് വാട്സാപ്പിറ്റിസ്. കണങ്കൈയിലെ വേദനയ്ക്ക് ഒരു മുപ്പത്തിനാലുകാരി വൈദ്യസഹായം തേടിയപ്പോഴാണ് ഈയൊരു രോഗം ലോകശ്രദ്ധ നേടുന്നത്. 130 ഗ്രാം ഭാരമുള്ള ഫോണ്‍ പ്രതിദിനം ആറുമണിക്കൂര്‍ കയ്യില്‍ പിടിച്ച് വാട്സാപ്പ് ഉപയോഗിച്ച ഇവര്‍ക്ക് ‘ബൈലേറ്ററല്‍ റിസ്റ്റ് പെയ്ന്‍’ എന്ന അവസ്ഥ വരികയായിരുന്നു -- അതും പെട്ടെന്നൊരു ദിവസം ഉറക്കമെണീറ്റപ്പോള്‍.
പല ഓണ്‍ലൈന്‍ പത്രങ്ങളും കൊട്ടിഗ്ഘോഷിക്കുന്നതുപോലെ ഇതൊരു പുതിയ രോഗമല്ല. വാട്ട്സാപ്പ് എന്നല്ല ഏതൊരു മെസേജിങ് ആപ്പും അമിതമായി ഉപയോഗിച്ചാല്‍ കണങ്കൈയ്ക്കോ തള്ളവിരലിനോ സാരമായ ബുദ്ധിമുട്ടുണ്ടാവാം.
സത്യത്തില്‍ ഇത് സാങ്കേതികവിദ്യയുടെ മാത്രം ഉല്‍പ്പന്നമല്ല. ഏതൊരു ജോലിയും തുടര്‍ച്ചയായി ചെയ്താല്‍ ‘റിപ്പീറ്റീറ്റീവ് സ്ട്രെയ്ന്‍ ഇഞ്ചുറി’ വരാം. ഇത് വാട്സാപ്പിന്റെ കാര്യത്തിലായപ്പോള്‍ വാട്സാപ്പിറ്റിസ് എന്ന പുതിയ രോഗമായി എന്നുമാത്രം.
എന്തായാലും എല്ലാം മൗസിന്റെ തുമ്പത്തായ ഇന്ന് റിപ്പീറ്റീറ്റീവ് സ്ട്രെന്‍ ഇഞ്ചുറിയ്ക്ക് പ്രധാന കാരണം കംപ്യൂട്ടറോ സ്മാര്‍ട്ട്ഫോണോ തന്നെ. ഇന്നത്തെ ചൂടേറിയ ആപ്പ് വാട്സാപ്പായതുകൊണ്ട് ഈ രോഗത്തെ അതിന്റെ പേരിട്ടു വിളിച്ചാല്‍ തെറ്റു പറയാനില്ല.