Nandakumar Edamana
Share on:
@ R t f

വെബ്ബിലെ അറിവിടങ്ങള്‍


ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരമായി ഇന്റര്‍നെറ്റ് മാറിക്കഴിഞ്ഞു. അതുപയോഗപ്പെടുത്താന്‍ വേണ്ടതെന്ത് എ​ന്ന ചോദ്യത്തിന് പല മറുപടിയുണ്ടാവാം, നെറ്റ് കണക്ഷന്റെ വേഗം തൊട്ട് കംപ്യൂട്ടറിന്റെ, ബ്രൌസറിന്റെ ഗുണഗണങ്ങള്‍ വരെ. എന്നാല്‍ ഇതിനേക്കാളെല്ലാം പ്രധാനം ആവശ്യമുള്ളത് തെരഞ്ഞുകണ്ടെത്താനുള്ള അറിവാണ്. എന്ത് എവിടെയുണ്ടാകും, എങ്ങനെ ചികഞ്ഞെടുക്കാം എന്ന് മനസ്സിലാക്കിയേ തീരൂ.

അറിവുനേടാനായി നെറ്റിനെ സമീപിക്കുന്ന ഏതൊരാള്‍ക്കും സന്ദര്‍ശിക്കാവുന്ന ചില സൈറ്റുകളും പ്രയോഗിച്ചുനോക്കാവുന്ന സേര്‍ച്ച് പൊടിക്കൈകളുമിതാ. ഒരദ്ധ്യാപകനാണ് നിങ്ങളെങ്കില്‍ ഇ-ലേണിങ് വിഭവങ്ങള്‍ തയ്യാറാക്കാനും ഇതുപകരിക്കുമെന്നുതീര്‍ച്ച.

ഇ-വിഭവങ്ങളൊരുക്കി കേരളത്തിന്റെ സമഗ്ര

കേരളസര്‍ക്കാര്‍ സംരംഭമായ കൈറ്റിനു (KITE) കീഴിലെ ഇ-വിഭവശേഖരമാണ് 'സമഗ്ര' (samagra.kite.kerala.gov.in). അദ്ധ്യാപകര്‍ക്ക് പഠനവിഭവങ്ങളും മാതൃകാചോദ്യങ്ങളുമെല്ലാം ഇതില്‍ അപ്‌ലോഡ് ചെയ്യാം. സ്കൂള്‍ സമൂഹത്തിന്റെ ഭാഗമല്ലാത്തവര്‍ക്കടക്കം അക്കൊണ്ടൊന്നുമുണ്ടാക്കാതെ ഇവ ഡൗണ്‍ലോഡ് ചെയ്യാം.

കേന്ദ്രത്തിന്റെ 'ദീക്ഷ'

ഒരാളുടെ മുഴുവന്‍ അദ്ധ്യാപനജീവിതവും ഡിജിറ്റലാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ 'ദീക്ഷ' പോര്‍ട്ടലിന്റെ ലക്ഷ്യം. diksha.gov.in എന്ന വിലാസത്തില്‍ ഇത് പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. പല ലക്ഷ്യങ്ങളുള്ള ഈ സംരംഭത്തിന്റെ സൈറ്റില്‍ പഠനവിഭവങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.

ഉന്നതവിദ്യാഭ്യാസത്തിന് ഇന്‍ഫ്ലിബ്‌നെറ്റ്

സര്‍വകലാശാലാ ഗ്രന്ഥാലയങ്ങളും വിജ്ഞാനശേഖരവും ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ 1991-മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന വലിയൊരു സംരംഭമാണിത്. 'ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ്‌വര്‍ക്ക് സെന്റര്‍' (INFLIBNET Centre) എന്നതാണ് ശരിയായ പേര്. മാനവവിഭവശേഷി വകുപ്പിന്റെ, വിശേഷിച്ച് യുജിസിയുടെ, കീഴിലാണിത്. ദേശീയതലത്തില്‍ സര്‍വകലാശാലകളെയും ഗവേഷണസംരംഭങ്ങളെയും ബന്ധിപ്പിക്കുന്നതില്‍ വലിയൊരു പങ്കാണ് ഇന്‍ഫ്ലിബ്നെറ്റ് വഹിക്കുന്നത്. ഇന്‍ഫ്ലിബ്‌നെറ്റ് സജീവമായി ഏറ്റെടുത്തുനടത്തുന്ന ചില സംരംഭങ്ങള്‍ (ഇവ ഉദാഹരണങ്ങള്‍ മാത്രം):

 • ശോധ്ഗംഗ: ഇന്ത്യയിലെ സര്‍വകലാശാലകളില്‍നിന്നുള്ള ഗവേഷണപ്രബന്ധങ്ങളുടെ ഡിജിറ്റല്‍ ശേഖരം - shodhganga.inflibnet.ac.in
 • ഇ-പിജിപാഠശാല: ബിരുദാനന്തരബിരുദപഠനത്തിന് സഹായകമായ ഡിജിറ്റല്‍ വിഭവങ്ങള്‍ - epgp.inflibnet.ac.in
 • ഇ-റിസോഴ്സുകള്‍, സബ്സ്ക്രിപ്ഷന്‍ - nlist.inflibnet.ac.in, inflibnet.ac.in/ess/
 • സോഫ്റ്റ്‌വെയര്‍ ഫോര്‍ യൂനിവേഴ്സിറ്റി ലൈബ്രറീസ് - inflibnet.ac.in/soul

എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് നെറ്റ്‌വര്‍ക്ക്

ഗേവഷണസ്ഥാപനങ്ങളെയും മറ്റും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1980-കള്‍ മുതല്‍ രൂപപ്പെട്ടുതുടങ്ങിയ ശൃംഖലയാണ് 'എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് നെറ്റ്‌വര്‍ക്ക്, ഇന്ത്യ' (ERNET). ഇന്ത്യയില്‍ ഇന്റര്‍നെറ്റ് എത്തിച്ചതില്‍ ചരിത്രപരമായ പ്രാധാന്യം വഹിക്കുന്ന സംരംഭം കൂടിയാണിത്. വെബ് വിലാസം: eis.ernet.in, ernet.in.

വികാസ്‌പീഡിയ

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളും ബോധവത്കരണവിഭവങ്ങളും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പോര്‍ട്ടലാണ് വികാസ്‌പീഡിയ (vikaspedia.in). മലയാളമടക്കമുള്ള പ്രാദേശികഭാഷകളില്‍ ഇത് ലഭ്യമാണ് (മലയാളം: ml.vikaspedia.in).

ഇന്റര്‍നെറ്റ് ആര്‍ക്കൈവും വേബാക്ക് മെഷീനും

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ വിജ്ഞാനശേഖരങ്ങളിലൊന്നാണ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് (archive.org). വിക്കിപീഡിയ പോലെ ഒരു വിജ്ഞാനകോശമല്ല ഇത്, ഇ-ബുക്കുകളുടെയും ചലച്ചിത്രങ്ങളുടെയും ഓഡിയോ ക്ലിപ്പുകളുടെയുമെല്ലാം വലിയൊരു ശേഖരമാണ്. തുറന്ന ഇന്റര്‍നെറ്റൊരുക്കുന്നതില്‍ ഇതിന്റെ പങ്ക് വളരെ വലുതാണ്.

വെബ്‌സൈറ്റുകളുടെ പതിവായി സന്ദര്‍ശിച്ച് പകര്‍പ്പെടുത്ത് സൂക്ഷിക്കുന്ന ഒരു സംരംഭവും ആര്‍ക്കൈവിനുണ്ട്. വെബ്‌സൈറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും മാറുകയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമെല്ലാം ചെയ്യാമല്ലോ. അങ്ങനെ വരുമ്പോഴെല്ലാം വെബ്‌സൈറ്റിന്റെ പഴയ രൂപം ലഭ്യമാക്കാന്‍ ഈ സംവിധാനം ഉപയോഗിക്കാം. 'വേബാക്ക് മെഷീന്‍' എന്നാണ് ഇതിന്റെ പേര്. വിലാസം web.archive.org.

ഇതെടുത്താല്‍ കാണുന്ന കളത്തില്‍ ഒരു വെബ് വിലാസം പേസ്റ്റ് ചെയ്തുനല്‍കിയാല്‍ ഒരു കലണ്ടര്‍ ലഭിക്കും. അതില്‍ ആവശ്യമുള്ള തീയ്യതിയെടുത്താല്‍ ആ സമയത്ത് പ്രസ്തുത പേജ് എങ്ങനെയുണ്ടായിരുന്നുവെന്ന് കാണാം. എത്രമാത്രം ഉപകാരപ്പെടുന്ന ഒരു സംവിധാനമാണിതെന്ന് പറഞ്ഞറിയിക്കാനാവില്ല.

വിക്കിപീഡിയയും സഹോദരസംരംഭങ്ങളും

വിക്കിപീഡിയയ്ക്ക് ഒരാമുഖം തരാനൊരുങ്ങിയാല്‍ ആരും വായന ഇവിടെ അവസാനിപ്പിക്കും. അത്രമാത്രം പ്രചാരമുള്ള ഒരു സംരംഭമാണിത്. മനുഷ്യന്‍ ഇന്നോളമുണ്ടാക്കിയതില്‍വച്ച് ഏറ്റവും വലിയ വൈജ്ഞാനികസംരംഭങ്ങളിലൊന്ന്. എന്നാല്‍ വിക്കിപീഡിയയുടെ ചില സഹോദരസംരംഭങ്ങള്‍ക്ക് ഇനിയും വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. ഇതാ അവയില്‍ച്ചിലത്:

 • wiktionary.org -- നിഘണ്ടു
 • wikiquote.org -- ഉദ്ധരണികള്‍
 • wikisource.org -- പകര്‍പ്പവകാശം ബാധകമല്ലാത്തതോ തീര്‍ന്നതോ ആയ പുസ്തകങ്ങള്‍
 • wikibooks.org -- പുതിയതായി എഴുതിയ, സ്വതന്ത്രലൈസന്‍സിനുകീഴിലുള്ള പുസ്തകങ്ങള്‍
 • wikinews.org -- വാര്‍ത്തകള്‍
 • wikivoyage.org -- വഴികാട്ടി
 • wikiversity.org -- പഠനവിഭവങ്ങള്‍
 • species.wikimedia.org -- ജീവജാതി ഡേറ്റാബെയ്സ്

പഠനവിഭവങ്ങളും ജേണലുകളുമെല്ലാമുള്ള ഒരു വെര്‍ച്വല്‍ സര്‍വകലാശാലയാണ് വിക്കിവേഴ്സിറ്റി (wikiversity.org). നിലവാരമുള്ള ഒരുപാട് വിഭവങ്ങളുണ്ടെങ്കിലും സാധാരണ പഠനസൈറ്റുകളേക്കാള്‍ ഇതിന്റെ ഘടനയ്ക്ക് സാമ്യം വിക്കിപീഡിയയോടാണ്. തുടക്കക്കാര്‍ക്ക് ഇതൊരല്പം ബുദ്ധിമുട്ടുണ്ടാക്കും.

ഇ-ബുക്ക് ശേഖരങ്ങള്‍

സൗജന്യവും അല്ലാത്തതുമായ ഒരുപാട് ഇ-ബുക്ക് സ്രോതസ്സുകള്‍ ഇന്റര്‍നെറ്റിലുണ്ട്. അതില്‍ത്തന്നെ പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ് (gutenberg.org), വിക്കിബുക്സ് (wikibooks.org), വിക്കിസോഴ്സ് (wikisource.org) എന്നിങ്ങനെ കുറേയെണ്ണം സ്വതന്ത്രലൈസന്‍സിങ് അനുഭാവമുള്ളവയാണ്. ഇവയില്‍നിന്നെടുത്ത പുസ്തകങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് നിയമവിരുദ്ധമല്ലെന്നര്‍ത്ഥം.

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തമായ ഇ-ബുക്ക് സ്രോതസ്സാണ് പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗ്. ലോകത്തിലെ ഏറ്റവും പഴയ ഡിജിറ്റല്‍ ലൈബ്രറി കൂടിയാണിത്. ഇംഗ്ലീഷിനു പുറമെയുള്ള ഭാഷകളിലും പുസ്തകങ്ങള്‍ ലഭ്യമാണ്.

വിക്കിപീഡിയയുടെ മേല്‍നോട്ടക്കാരായ വിക്കിമീഡിയ ഫൗണ്ടേഷന്റെ തന്നെ സംരംഭങ്ങളാണ് 'വിക്കിബുക്സ്' (Wikibooks), 'വിക്കിസോഴ്സ്' (Wikisource) എന്നിവ. പാഠപുസ്തകങ്ങളിലാണ് വിക്കിബുക്സ് ശ്രദ്ധയൂന്നുന്നത്. ഈ സംരംഭത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ പുസ്തകങ്ങളാണ് അവിടെയുണ്ടാവുക. എന്നാല്‍ വിക്കിസോഴ്സ് ഒരു പൊതുഗ്രന്ഥാലയമാണ്. ക്ലാസിക് പുസ്തകങ്ങളാണാവശ്യമെങ്കില്‍ ഇത് സന്ദര്‍ശിക്കാം. രണ്ടു സംരംഭങ്ങളിലും ആര്‍ക്കും ഉള്ളടക്കം നല്കി പങ്കെടുക്കുകയും ചെയ്യാം.

ഇന്റര്‍നെറ്റ് ആര്‍ക്കൈവിലും (archive.org) ദശലക്ഷക്കണക്കിന് സൗജന്യ ഇ-ബുക്കുകള്‍ ലഭ്യമാണ്.

ഗൂഗിള്‍ പ്ലേ ബുക്സ് (play.google.com), ആമസോണ്‍.കോം (amazon.com) തുടങ്ങിയ വാണിജ്യസേവനങ്ങളില്‍നിന്ന് പണം നല്കിയും ഇ-ബുക്ക് വാങ്ങാം. പണം നല്കിയാലും വായനക്കാരന് സ്വാതന്ത്ര്യം തരുന്നില്ല എന്നത് ഇവയുടെയെല്ലാം പ്രശ്നമാണ്. ഇത്തരം സ്രോതസ്സുകളില്‍നിന്നുള്ള വിഭവങ്ങള്‍ പലപ്പോഴും പ്രത്യേക ഉപകരണത്തിലും പ്രത്യേക ആപ്പിലും മാത്രമേ പ്രവര്‍ത്തിക്കൂ.

തിരയാന്‍ ഗൂഗിള്‍ ബുക്സ്

ഇ-ബുക്ക് സ്രോതസ്സല്ല, മറിച്ച് ഗൂഗിള്‍ സ്കാന്‍ ചെയ്തുസൂക്ഷിച്ച പുസ്തകങ്ങളിലെ എഴുത്തിനുള്ളില്‍ തിരയാനുള്ള സൗകര്യമാണ് ഗൂഗിള്‍ ബുക്സ് (books.google.com). ഒ.സി.ആര്‍. സങ്കേതമാണ് ഇതിന്റെ കാതല്‍. പുസ്തകം മുഴുവന്‍ വായിക്കാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിഞ്ഞേക്കില്ല. എന്നാല്‍ ഒരു പുസ്തകം വാങ്ങുന്നതിനുമുമ്പ് അതിലെ ഉള്ളടക്കമറിയാന്‍ ഇതുപയോഗിക്കാം.

നിഘണ്ടുക്കള്‍

meaning എന്നു ചേര്‍ത്തു തിരഞ്ഞാല്‍ത്തന്നെ ഏതൊരു സേര്‍ച്ച് എഞ്ചിനിലും വാക്കുകളുടെ അര്‍ത്ഥം നേരിട്ടുകിട്ടും. എന്നാല്‍ വിശദാംശങ്ങളറിയാനും അര്‍ത്ഥത്തിനപ്പുറയം പര്യായങ്ങളും പ്രയോഗരീതിയുമെല്ലാം മനസ്സിലാക്കാനും അതാത് സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കുകതന്നെ വേണം.

ആധികാരികതയ്ക്ക് പേരുകേട്ട ചില ഓണ്‍ലൈന്‍ ഇംഗ്ലീഷ് നിഘണ്ടുക്കള്‍ ഇവയാണ്:

 • en.oxforddictionaries.com
 • dictionary.cambridge.org
 • merriam-webster.com
 • collinsdictionary.com
 • macmillandictionary.com
 • dictionary.com
 • thesaurus.com

അധികവിവരങ്ങളും ഇത്തരം സൈറ്റുകളില്‍ ലഭ്യമാകും. ഉദാഹരണത്തിന്, en.oxforddictionaries.com സന്ദര്‍ശിച്ചാല്‍ എക്സ്പ്ലോര്‍ മെനുവില്‍ വേഡ് ഒറിജിന്‍സ് എന്ന ലിങ്ക് കാണാം. അതുപോലെ ഗ്രാമര്‍ മെനുവില്‍ യൂസേജ് എന്ന ലിങ്ക് കാണാം. 'Affect' ആണോ 'effect' ആണോ ഉപയോഗിക്കേണ്ടത് എന്നതുപോലുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുന്ന പേജാണിത്.

ഭാരതീയഭാഷകള്‍ക്കായി മലയാളം വിക്ഷ്ണറി (ml.wiktionary.com), olam.in (മലയാളം), mashithantu.com/dictionary (മലയാളം), shabdkosh.com (വിവിധ ഭാരതീയഭാഷകള്‍), spokensanskrit.org (സംസ്കൃതം), sanskritdictionary.com (സംസ്കൃതം) തുടങ്ങിയവ സന്ദര്‍ശിക്കാം.

അര്‍ത്ഥത്തിനപ്പുറം

അര്‍ത്ഥത്തിനപ്പുറമുള്ള വാക്കറിവുകള്‍ക്കുമാത്രമായി ചില സൈറ്റുകളുണ്ട്:

 • ശരിതെറ്റുകള്‍ - common-mistakes.net, englishpractice.com/topics/common-mistakes, learnenglish.de/mistakes
 • പേരുകളുടെ ഉച്ചാരണം - pronouncenames.com
 • ഒറ്റവാക്കുകള്‍ കണ്ടെത്താന്‍ - onewordsubstitution.com, targetstudy.com/one-word-substitution
 • ഇംഗ്ലീഷ് പദപ്രയോഗങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ - phrases.org.uk
 • പര്യായങ്ങളും വിപരീദങ്ങളുമെല്ലാം - wordhippo.com, similar-word.com

വിജ്ഞാനകോശങ്ങള്‍

വിക്കിപീഡിയയുടെ പ്രഭാവലയത്തില്‍ നാം കാണാതെപോകുന്ന ഒരുപാട് വൈജ്ഞാനികസൈറ്റുകളുണ്ട്. വലിപ്പം കൊണ്ടോ സ്വാതന്ത്ര്യം കൊണ്ടോ അവയില്‍ പലതും വിക്കിപീഡിയയോളം വരില്ലെങ്കിലും ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്.

 • britannica.com
 • encyclopedia.com
 • editors.eol.org/eoearth (ഭൗമവിജ്ഞാനകോശം)
 • scienceworld.wolfram.com (ശാസ്ത്രം)
 • computerlanguage.com (കംപ്യൂട്ടര്‍)
 • webopedia.com (സാങ്കേതികം)
 • eol.org (എന്‍സൈക്ലോപീഡിയ ഓഫ് ലൈഫ്)
 • mathworld.wolfram.com (ഗണിതം)

ഓണ്‍ലൈന്‍ ലൈബ്രറികള്‍

 • ndl.iitkgp.ac.in (നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ)
 • onlinelibrary.london.ac.uk
 • onlinelibrary.wiley.com

ഗൂഗിളിനപ്പുറം

ഗൂഗിളിനപ്പുറത്തെ സേര്‍ച്ച് സാദ്ധ്യതകളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഗൂഗിളില്‍ത്തന്നെ കാര്യം നടന്നതാവാം കാരണം. ഗൂഗിളില്‍ക്കിട്ടാഞ്ഞാല്‍ പിന്നെയെവിടെക്കിട്ടാന്‍ എന്ന ചിന്തയാവാം ചിലപ്പോള്‍. ഗൂഗിളിനപ്പുറമുള്ള സേര്‍ച്ച് സൗകര്യങ്ങളും ഗൂഗിളിലടക്കം ഉപയോഗിക്കാവുന്ന സേര്‍ച്ച് സൂത്രങ്ങളും മനസ്സിലാക്കണം നാം.

ഏറെ പ്രധാനപ്പെട്ട ഒന്നാണ് സേര്‍ച്ച് ഓപ്പറേറ്ററുകള്‍. പ്രമുഖ സേര്‍ച്ച് എഞ്ചിനുകളില്‍ ഇവ പ്രവര്‍ത്തിക്കും. ഉദാഹരണത്തിന്, സേര്‍ച്ച് റിസള്‍ട്ടില്‍ ഉള്‍പ്പെടേണ്ടാത്ത കീവേഡുകള്‍ '-' ചേര്‍ത്ത് കൊടുക്കാം. ടൈറ്റാനിക് കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരയുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരേണ്ടെങ്കില്‍ titanic -movie എന്ന് കൊടുത്താല്‍ മതി.

ഇസ്രോയുടെ സൈറ്റില്‍നിന്ന് പിഎസ്എല്‍വിയുമായി ബന്ധപ്പെട്ട പിഡിഎഫുകള്‍ ലഭിക്കാന്‍ സേര്‍ച്ച് ഓപ്പറേറ്ററുകള്‍ ഉപയോഗിക്കുന്നു
ഇസ്രോയുടെ സൈറ്റില്‍നിന്ന് പിഎസ്എല്‍വിയുമായി ബന്ധപ്പെട്ട പിഡിഎഫുകള്‍ ലഭിക്കാന്‍ സേര്‍ച്ച് ഓപ്പറേറ്ററുകള്‍ ഉപയോഗിക്കുന്നു

ഒരു പ്രത്യേക വെബ്‌സൈറ്റില്‍നിന്നുള്ള ഫലങ്ങള്‍ മാത്രം കാണിക്കാന്‍ site: എന്ന ഓപ്പറേറ്റര്‍ ഉപയോഗിക്കാം. മംഗള്‍യാനെപ്പറ്റി isro.gov.in എന്ന വെബ്‌സൈറ്റില്‍ മാത്രം തിരയാന്‍ mangalyaan site:isro.gov.in എന്ന് കൊടുത്താല്‍ മതി.

കൂടുതല്‍ സേര്‍ച്ച് ഓപ്പറേറ്ററുകള്‍ വെബ്ബില്‍നിന്നുതന്നെ മനസ്സിലാക്കൂ.

ഇനി മറ്റ് സേര്‍ച്ച് എഞ്ചിനുകളുടെ കാര്യം. yahoo.com, bing.com പോലുള്ളവ മിക്കവര്‍ക്കും പരിചിതമായിരിക്കും. എന്നാല്‍ ഇവയുടെയെല്ലാം ശൈലിയില്‍നിന്ന് വ്യത്യസ്തമായ ചിലതുണ്ട്. ഉദാഹരണത്തിന്, ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവയാണ് duckduckgo.com, startpage.com എന്നിവ. പല സേര്‍ച്ച് എഞ്ചിനുകളില്‍ത്തിരഞ്ഞ് ഫലങ്ങള്‍ കൂട്ടിച്ചേര്‍ത്തവതരിപ്പിക്കുന്ന 'സേര്‍ച്ച് അഗ്രിഗേറ്ററുകള്‍' ആണ് search.com പോലെ ചിലത്.

ഒരു ചിത്രം നല്കി അതുപോലുള്ള മറ്റു ചിത്രങ്ങള്‍ കണ്ടെത്താന്‍ tineye.com-ഓ ഗൂഗിള്‍ തന്നെയോ ഉപയോഗിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി പകര്‍ത്തി ഉപയോഗിക്കാവുന്ന ചിത്രങ്ങള്‍ക്ക് commons.wikimedia.org എന്ന സൈറ്റ് സന്ദര്‍ശിക്കാം.

ചോദ്യങ്ങള്‍ നല്‍കി തിരയാവുന്ന സൈറ്റുകളാണ് answers.com, wolframalpha.com (ഗണിതം) തുടങ്ങിയവ ബുദ്ധിയുള്ള സേര്‍ച്ച് സംവിധാനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. സാധാരണ സേര്‍ച്ച് എഞ്ചിനുകള്‍ മറ്റു സൈറ്റുകളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഇവ പലപ്പോഴും സ്വയം ഉത്തരമേകുകയാണ് ചെയ്യുന്നത്.

സമാനസൈറ്റുകള്‍ കണ്ടെത്താനാണ് similarsites.com, alexa.com/find-similar-sites എന്നിവ.

അലസമായ ബ്രൗസിങ്, അതിനൊപ്പം പഠനം BOX

ഒഴിവുവേളകളിലെ ബ്രൗസിങ്ങില്‍ ഒരല്പം അറിവും നേടാം എന്നാഗ്രഹിക്കുന്നവര്‍ക്ക് ഇതാ കുറേക്കൂടി ലിങ്കുകള്‍.

ശാസ്ത്രം, ഗണിതം, സാങ്കേതികവിദ്യ: khanacademy.org

ഭാഷാപഠനത്തിന്:

 • duolingo.com
 • britishcouncil.in/english

സ്കൂള്‍തലം മുതലുള്ള കംപ്യൂട്ടര്‍ പഠനം: code.org

വെബ് ഡിസൈനിങ്:

 • w3schools.com
 • htmldog.com

കുട്ടികള്‍ക്ക്: e-learningforkids.org

കേരളസര്‍ക്കാര്‍ അസാപ്: asapkerala.gov.in

പൊതുവിജ്ഞാനം, അടിസ്ഥാനപാഠങ്ങള്‍:

 • ted.com (പ്രഭാഷണങ്ങളും ലഭിക്കും)
 • howcast.com
 • nationalgeographic.com

Click here to read more like this. Click here to send a comment or query.