ഇന്റര്‍നെറ്റിലെ മുന്‍നിര പരസ്യസേവനങ്ങളുടെ ഉടമയാണ് ഗൂഗിള്‍. ഇതേ ഗൂഗിള്‍തന്നെ പരസ്യങ്ങള്‍ക്ക് തടയിടാനൊരുങ്ങുന്നു എന്നുകേട്ടാല്‍? ആരും ആദ്യമൊന്ന് സംശയിക്കും. വിശ്വസ്തമായ സ്രോതസ്സുകളില്‍നിന്നാണ് ഈ വാര്‍ത്ത എന്നുകേള്‍ക്കുമ്പോള്‍ പരസ്യങ്ങളുടെ ശല്യം ഒഴിവാകുന്നതോര്‍ത്ത് സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ കാര്യങ്ങളുടെ കിടപ്പ് അത്ര നേരെയൊന്നുമല്ല. തങ്ങളുടെ ലാഭത്തിന് കോട്ടം വരുത്തുന്ന ആഡ്ബ്ലോക്കറുകളുടെ ഉപയോഗം കുറയ്ക്കാനുള്ള തന്ത്രമാവണം ഗൂഗിളിന്റെ ഈ നീക്കം. അത് അത്രവലിയ അന്യായമൊന്നുമല്ലെങ്കിലും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പുതിയ നീക്കം ഒരു വെല്ലുവിളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശയക്കുഴപ്പത്തിലായോ? വിശദമാക്കാം.
പരസ്യങ്ങള്‍ തടയേണ്ടതുണ്ടോ?
വെബ്ബ് ഉപയോഗിക്കാന്‍ സത്യംപറഞ്ഞാല്‍ നാം ഒരു നയാപ്പൈസയും ചെലവാക്കുന്നില്ല. ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി നാം കൊടുക്കുന്ന പണമെല്ലാം ടെലിഫോണ്‍ കമ്പനികള്‍ക്കാണ് ചെല്ലുന്നത്. പണമടച്ചുപയോഗിക്കേണ്ട സൈറ്റുകളാകട്ടെ ചെറിയൊരു വിഭാഗം ഉപയോക്താക്കള്‍ മാത്രം സന്ദര്‍ശിക്കുന്നതും. അതുകൊണ്ടുതന്നെ ഭൂരിഭാഗം സൈറ്റുകളുടെയും വരുമാനമാര്‍ഗം പരസ്യം തന്നെയാണ്.
സൗജന്യമായി അറിവും വിനോദവും ലഭ്യമാകുമ്പോള്‍ അത് ലഭ്യമാക്കുന്നവര്‍ക്കുവേണ്ടി നമുക്കുചെയ്യാവുന്ന ലളിതമായ ഒരു കാര്യമാണ് പരസ്യങ്ങള്‍ തടയാതിരിക്കുക എന്നത്. നമുക്ക് ചെലവൊന്നുമില്ല, അവര്‍ക്ക് ലാഭമാവുകയും ചെയ്യും. എന്നാല്‍ ചില പരസ്യങ്ങള്‍ തടയാതെ നവൃത്തിയില്ല എന്നതാണ് സത്യം.
മൂന്നുതരം പരസ്യങ്ങളാണ് (അഥവാ സൈറ്റുകളാണ്) ഇങ്ങനെ തോന്നിപ്പിക്കുന്നത്:
- ബ്രൗസിങ്ങിന് തടസമായ രീതിയില്‍ സ്ക്രീന്‍ നിറഞ്ഞും പോപ്പപ്പ് ആയും വരുന്ന പരസ്യങ്ങള്‍.
- അശ്ലീലമോ തെറ്റിദ്ധാരണാജനകമോ ആയ പരസ്യങ്ങള്‍.
- സ്വകാര്യതയ്ക്ക് ഭീഷണിയായ ട്രാക്കിങ് ഘടകങ്ങള്‍.
പോപ്പപ്പ് പരസ്യങ്ങളുടെ ശല്യം നമുക്ക് വ്യക്തമായറിയാം. തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ പലതരത്തിലാവാം. ചിലത് മോശം സൈറ്റുകളിലേക്കോ തട്ടിപ്പുസൈറ്റുകളിലേക്കോ ലിങ്ക് തരുന്നു. ചിലതാകട്ടെ സൈറ്റിലെ യഥാര്‍ത്ഥ ഉള്ളടക്കമെന്ന് തോന്നിപ്പിക്കുന്നു (ഒരു ഡൗണ്‍ലോഡ് സൈറ്റിലെ പരസ്യത്തില്‍ വ്യാജ ഡൗണ്‍ലോഡ് ബട്ടണ്‍ ഉണ്ടാകുന്നത് ഉദാഹരണം).
മൂന്നാമതുപറഞ്ഞത് മൌലകാവകാശങ്ങളുടെതന്നെ ലംഘനമാണ്. വ്യത്യസ്തസൈറ്റുകള്‍ക്കിടയില്‍പ്പോലും ഒരുപയോക്താവിന്റെ നീക്കങ്ങള്‍ സാകൂതം നിരീക്ഷിക്കുകയാണ് പരസ്യദാതാക്കള്‍. ഒരു സൈറ്റില്‍ നിങ്ങള്‍ നടത്തിയ തിരച്ചിലിന്റെ അടിസ്ഥാനത്തിലുള്ള പരസ്യം മറ്റൊരു സൈറ്റ് സന്ദര്‍ശിക്കവേ പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ടാണ് (ഈ പിന്തുടരലാണ് 'ട്രാക്കിങ്' കൊണ്ടുദ്ദേശിച്ചത്).
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പെരുകുമ്പോള്‍ ഒരുപയോക്താവ് ആഡ്ബ്ലോക്കറുകളും പ്രൈവസി ടൂളുകളും ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുറ്റംപറയാനില്ല.
ഗൂഗിള്‍ ചെയ്യാന്‍ പോകുന്നത്
തങ്ങളുടെ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ അരിച്ചുമാറ്റാനുള്ള ഒരു ഫില്‍റ്റര്‍ സജ്ജീകരിക്കുകയാണ് ഗൂഗിള്‍. എന്നാല്‍ എല്ലാത്തരം പരസ്യങ്ങളും തടയപ്പെടില്ല. ഉപയോക്താവിന്റെ ബ്രൗസിങ് അനുഭൂതിക്ക് ശല്യമാകാനിടയുള്ള പരസ്യങ്ങല്‍ മാത്രമാണ് അരിപ്പയില്‍ കുടുങ്ങുക. സ്ക്രീന്‍നിറയുന്ന പരസ്യങ്ങളും ലോഡായപാടേ പാട്ടും കൂത്തും തുടങ്ങുന്ന പരസ്യങ്ങളുമെല്ലാം ഇങ്ങനെ ഒഴിവായിക്കിട്ടും.
ഇക്കാര്യത്തില്‍ പക്ഷപാതമൊന്നും ഗൂഗിളിനില്ല. തങ്ങളുടെ പരസ്യസേവനങ്ങളില്‍നിന്നായാല്‍പ്പോലും ഉപയോക്താവിന് ശല്യമാകുമെങ്കില്‍ പരസ്യങ്ങള്‍ തടയുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വെബ്സൈറ്റുടമകള്‍ക്ക് സ്വന്തം സൈറ്റിലെ പരസ്യങ്ങള്‍ ഈ ഗണത്തില്‍പ്പെടുമോ എന്ന് പരീക്ഷിക്കാന്‍ ഒരു ടൂളും ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ സേര്‍ച്ച് കണ്‍സോളില്‍ (google.com/webmasters) Web Tools > Ad Experience Report എന്ന ക്രമത്തില്‍ ഇതുപയോഗിക്കാം.
മറ്റ് അരിപ്പകളുമായുള്ള വ്യത്യാസം
ക്രോമില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു എന്ന് പറയപ്പെടുന്ന ഫില്‍റ്റര്‍, betterads.org എന്ന സൈറ്റിലെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ്. പരസ്യങ്ങള്‍ എപ്പോഴെല്ലാം ചാടിവീഴുന്നു, സ്ക്രീനില്‍ എവിടെയെല്ലാം പ്രത്യക്ഷപ്പെടുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഒരു പരസ്യം 'ബെറ്റര്‍' ആണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത്. അതല്ലാതെ പരസ്യങ്ങളുടെ നിലവാരമോ അവ ഉപയോക്താവിനുമേല്‍നടത്തുന്ന ട്രാക്കിങ്ങോ ഒന്നും പരിഗണിക്കപ്പെടുന്നില്ല.
ഇവിടെയാണ് ആഡ്ബ്ലോക്കറുകളും പ്രൈവസി ടൂളുകളും വ്യത്യസ്തമാകുന്നത്. നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ എല്ലാത്തരം പരസ്യങ്ങളും തടയുകയാണ് ആഡ്ബ്ലോക്കറുകള്‍ ചെയ്യുക. 'പ്രൈവസി ബാഡ്ജര്‍' പോലുള്ള പ്രൈവസി ടൂളുകളാകട്ടെ സന്ദര്‍ശിക്കുന്ന സൈറ്റിലെ എല്ലാത്തരം ട്രാക്കിങ് ഘടങ്ങളെയും ബ്ലോക്ക് ചെയ്യുന്നു. ഇവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും കെട്ടും മട്ടും മാത്രം നോക്കിയുള്ള ബ്ലോക്കിങ് ആണ് ക്രോമില്‍ വരാന്‍പോകുന്നത്.
സ്വകാര്യതാപ്രശ്നങ്ങള്‍
ക്രോമില്‍ ഫില്‍റ്റര്‍ വന്നെന്നുകരുതി നിലവിലുള്ള ആഡ്ബ്ലോക്കറുകള്‍ക്കോ പ്രൈവസി ടൂളുകള്‍ക്കോ ഒരു തടസവുമുണ്ടാകില്ല. അത്തരം സംരംഭങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും. ഉപയോക്താക്കള്‍ക്ക് അവ ഇന്‍സ്റ്റാള്‍ ചെയ്യാനുമാവും. അങ്ങനെയെങ്കില്‍ ഗൂഗിളിന്റെ പുതിയ നീക്കം എന്ത് സ്വകാര്യതാപ്രശ്നമാണുണ്ടാക്കുക?
ആഡ്ബ്ലോക്കറൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെതന്നെ പരസ്യങ്ങള്‍ ഒഴിവാക്കുന്നതാണല്ലോ പുതിയ നീക്കം. എല്ലാ പരസ്യങ്ങളും ഒഴിവാകില്ലെങ്കിലും ശല്യപ്പെടുത്തുന്ന രീതിയിലുള്ള കുറേ പരസ്യങ്ങള്‍ ഒഴിവാകും. അതോടെ ആളുകള്‍ ആഡ്ബ്ലോക്കറുകളും പ്രൈവസി ടൂളുകളും അധികമായി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഇല്ലാതെയാകും. ഇവിടെയാണ് പ്രശ്നം.
ഉപയോക്താവിന്റെ ബ്രൗസിങ്ങിന് തടസം വരുത്തുന്ന പരസ്യങ്ങള്‍ മാത്രമേ ക്രോം തടയുന്നുള്ളൂ. ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് ഭീഷണിയായ പല പരസ്യങ്ങളും അപ്പോഴും ലോഡാകുന്നുണ്ടാകും. ആഡ്ബ്ലോക്കറുകളും പ്രവൈവസി ടൂളുകളും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നെങ്കില്‍ ഇവ ലോഡാകുമായിരുന്നില്ല. എന്നാല്‍ അവയൊന്നും അധികമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു സാധാരണ ഉപയോക്താവ് പുതിയ അന്തരീക്ഷത്തില്‍ ശ്രമിക്കുകയുമില്ല.
ആഡ്ബ്ലോക്കറുകളിലേക്ക് മടങ്ങണോ?
എല്ലാ പരസ്യങ്ങളും ബ്ലോക്ക് ചെയ്യുന്ന തരത്തലുള്ള ഒരു ആഡ്ബ്ലോക്കറാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ Adblock Plus എന്ന ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. ഫയര്‍ഫോക്സിലും ക്രോമിലുമെല്ലാം ഇത് പ്രവര്‍ത്തിക്കും. adblockplus.org എന്ന സൈറ്റ് സന്ദര്‍ശിച്ചാല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
എന്നാല്‍ ഇത്തരം ആഡ്ബ്ലോക്കറുകള്‍ ഉപയോഗിക്കുംമുമ്പ് ഒരല്പം ചിന്തിക്കുക. പരസ്യങ്ങള്‍ മാത്രമാണ് പല സൈറ്റുകളുടെയും വരുമാനമാര്‍ഗമെന്ന് നാം തുടക്കത്തിലേ പറഞ്ഞല്ലോ.
സ്വകാര്യതയ്ക്ക് കോട്ടം വരുത്തുന്ന ഘടകങ്ങള്‍ മാത്രം ബ്ലോക്ക് ചെയ്യുകയാണ് ഏറ്റവും നല്ലത്. അതിന് സഹായിക്കുന്ന നല്ലൊരു എക്സ്റ്റന്‍ഷനാണ് ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൌണ്ടേഷന്റെ 'പ്രൈവസി ബാഡ്ജര്‍'. eff.org/privacybadger എന്ന പേജ് സന്ദര്‍ശിച്ചാല്‍ ഇത് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാം.
ഫയര്‍ഫോക്സിലെ ട്രാക്കിങ് പ്രൊട്ടക്ഷന്‍
ക്രോമുമായി താരതമ്യം ചെയ്യുമ്പോള്‍ ഫയര്‍ഫോക്സിന് വേഗം ഒരല്പം കുറവാണ് (അടുത്തുതന്നെ ഇത് മാറാനിടയുണ്ട്). എന്നാല്‍ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ ഫയര്‍ഫോക്സ് ഏറെ മുന്നിലാണെന്ന് പറയാതെവയ്യ. സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ആശയത്തിനും നെറ്റ് ന്യൂട്രാലിക്കും വേണ്ടി നിലകൊള്ളുന്ന സംഘടനയാണല്ലോ ഫയര്‍ഫോക്സിനുപിന്നിലുള്ള മോസില്ല.
ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പുകളില്‍ മെച്ചപ്പെട്ട ട്രാക്കിങ് പ്രൊട്ടക്ഷന്‍ ലഭ്യമാണ്. പ്രൈവറ്റ് ബ്രൗസിങ് മോഡിലാകട്ടെ ഇത് തീവ്രമാകുകയും ചെയ്യും.