Nandakumar Edamana
Share on:
@ R t f

സ്വകാര്യത ഉറപ്പാക്കാന്‍ ബ്രൗസര്‍ ആഡോണുകള്‍


പത്രത്തില്‍ വാര്‍ത്തകളേക്കാളേറെ പരസ്യങ്ങളാണെന്ന് പരാതിപ്പെടാറുണ്ട് നാം. അവ മുഴുവന്‍ നുണക്കഥകളാണെന്ന് കുറ്റപ്പെടുത്താറുമുണ്ട്. എന്നാല്‍ അവയെല്ലാം എത്രയോ നിഷ്കളങ്കമാണെന്ന് ബോദ്ധ്യപ്പെടും, വെബ്ബിലെ കളികള്‍ തിരിച്ചറിഞ്ഞാല്‍. കച്ചവടതന്ത്രങ്ങള്‍ക്കായി ഉപയോക്താക്കളെ പിന്തുടരുന്നതും രഹസ്യപ്രൊഫൈല്‍ തയ്യാറാക്കുന്നതും പല വെബ്‌സൈറ്റുകളും ശീലമാക്കിക്കഴിഞ്ഞു. നാം തിരയുന്ന കാര്യങ്ങള്‍ക്കനുസരിച്ച് ഗൂഗിളും മറ്റും പരസ്യം വിളമ്പിയപ്പോള്‍ നാം അത്ഭുതപ്പെട്ടു. ഇപ്പോള്‍ ഒരു സൈറ്റില്‍ തിരഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് മറ്റൊരു സൈറ്റില്‍ പരസ്യം പ്രത്യക്ഷപ്പെടുമ്പോള്‍ അമ്പരക്കുകയാണ് നാം. സൈറ്റുകള്‍ തമ്മില്‍ നമ്മുടെ പ്രൊഫൈല്‍ കൈമാറപ്പെടുന്നു.

ഇനിയോ, ലോഗിന്‍ ചെയ്തില്ലെങ്കില്‍പ്പോലും, പ്രൈവറ്റ് മോഡിലായാല്‍പ്പോലും, നമ്മെ പിന്തുടരാന്‍ ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ് പോലുള്ള സങ്കേതങ്ങള്‍ വരികയാണ്. മറച്ചുവയ്ക്കാന്‍ നമുക്ക് രഹസ്യങ്ങളില്ലായിരിക്കാം. എന്നുകരുതി സ്വകാര്യകമ്പനികള്‍ നമ്മുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതും പങ്കുവയ്ക്കുന്നതും അനുവദിക്കാനാകുമോ? അതുകൊണ്ട് എതാനും സൈറ്റുകളുടെയും എക്സ്റ്റന്‍ഷനുകളുടെയും സഹായത്തോടെ നമ്മുടെ ബ്രൗസറുകളെ കൂടുതല്‍ സ്വകാര്യമാക്കാം...

കുറിപ്പ്: പരസ്യമുള്ള എല്ലാ സൈറ്റുകളും ഉപയോക്താക്കളെ പിന്തുടരുകയാണെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നില്ല. പരസ്യം തെറ്റുമല്ല. സേവനങ്ങളെല്ലാം സൗജന്യമായി കൊടുക്കേണ്ടിവരുന്നതിനാല്‍ മിക്ക സൈറ്റുടമകളുടെയും ഒരേയൊരു വരുമാനമാര്‍ഗമാണത്. അധാര്‍മികമായ ട്രാക്കിങ് സംവിധാനങ്ങളെ തടയാനുള്ളതുമാത്രമാണ് ഈ ലേഖനത്തില്‍ വിവരിച്ചിട്ടുള്ള ഉപകരണങ്ങള്‍.

എന്താണ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ്?

ലോഗിന്‍ ചെയ്താല്‍ ഒരു വെബ്‌സൈറ്റിന് നിങ്ങളുടെ നീക്കങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിവയ്ക്കാമെന്ന് വ്യക്തം. ഗൂഗിളടക്കമുള്ള വലിയ സൈറ്റുകള്‍ ഇത് ഇഷ്ടംപോലെ ചെയ്യുന്നുമുണ്ട്. എന്നാല്‍ ലോഗിന്‍ ചെയ്തില്ലെങ്കിലും ബ്രൗസറിന്റെ ഗുണഗണം മാത്രം നോക്കി ഒരു സൈറ്റിന് ഉപയോക്താവിനെ തിരിച്ചറിയാനായാന്‍ കഴിയുമെങ്കിലോ? ഇതാണ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ്. ഏതൊരു വെബ്‌സൈറ്റിനും ഏത് 'പ്രൈവറ്റ് മോഡിലും' നമ്മെ പിന്തുടരാന്‍ അവസരമൊരുക്കുന്ന ഒന്നാണിത്.

ഒരു വിരലടയാളം ലോകത്ത് ഒരാള്‍ക്കുമാത്രം എന്നാണല്ലോ വെപ്പ്. ഇതുപോലെ ബ്രൗസറുകള്‍ക്കുള്ള തിരിച്ചറിയല്‍ സംവിധാനമാണ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റ്. എന്നാല്‍ ബ്രൗസര്‍ നിര്‍മാതാക്കാള്‍ മനഃപൂര്‍വം വിളക്കിച്ചേര്‍ക്കുന്ന ഒന്നല്ലിത്. ഉണ്ടായിപ്പോകുന്നതാണ്.

നമ്പര്‍പ്ലേറ്റിന്റെ സഹായമില്ലാതെതന്നെ ഒരു വാഹനത്തെ തിരിച്ചറിയാന്‍ കഴിയാറില്ലേ. കമ്പനി, മോഡല്‍, നിറം, സ്റ്റിക്കര്‍, അക്സസറീസ് എന്നിവയെല്ലാം ചേര്‍ത്തു പറഞ്ഞാല്‍ ഒരു പക്ഷേ അതുപോലെ മറ്റൊരു വണ്ടി ആ പരിസരത്തില്ല എന്നുവരാം.

ഇതുപോലെയാണ് ബ്രൗസറുകളുടെയും കാര്യം. ബ്രൗസര്‍, വേര്‍ഷന്‍, ഓപ്പറേറ്റിങ്ങ് സിസ്റ്റം, സ്ക്രീന്‍ റെസൊല്യൂഷന്‍, ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എക്സ്റ്റന്‍ഷനുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് ഒരു സൈറ്റിന് ഉപയോക്താവിന്റെ അടയാളം തയ്യാറാക്കാം. പിന്നീട് ഇതേ ബ്രൗസറില്‍ നിന്നുള്ള സന്ദര്‍ശനങ്ങളെല്ലാം തിരിച്ചറിയുകയും ചെയ്യാം. ഈ പ്രക്രിയയാണ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ്.

ഒരല്പം ശാസ്ത്രീയമായി നിര്‍വചിച്ചാല്‍, ഉപയോക്താവിനെ പിന്തുടരാന്‍ (Track) കുക്കികള്‍ക്കും ഐ.പി. വിലാസത്തിനും പകരം ബ്രൗസറിന്റെ സ്വഭാവവും ക്രമീകരണവും (Configuration and Settings) നിരീക്ഷിക്കുന്ന പ്രക്രിയയാണ് ബ്രൗസര്‍ ഫിംഗര്‍പ്രിന്റിങ്.

ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ BOX

ഡിജിറ്റല്‍ ലോകത്ത് ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1990-ല്‍ സ്ഥാപിതമായ സംഘടനായാണ് ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ (Electronic Frontier Foundation - EFF). സ്വകാര്യത, നെറ്റ് ന്യൂട്രാലിറ്റി, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയവയെല്ലാമാണ് ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വിഷയങ്ങള്‍.

അമേരിക്ക ആസ്ഥാനമായ ഈ സംഘടന, സര്‍ക്കാര്‍ ഏജന്‍സിയായ എന്‍.എസ്.എ. നടത്തുന്ന ഡിജിറ്റല്‍ ചാരപ്രവര്‍ത്തനത്തിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുഭാവികളായ ഇവര്‍, ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനുള്ള ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളും മാര്‍ഗനിര്‍ദേശങ്ങളുമെല്ലാം പുറത്തിറക്കുന്നു. സജീവമായി ഗവേഷണത്തിലേര്‍പ്പെടുകയും ചെയ്യുന്നു.

വെബ്‌സൈറ്റ്: eff.org ട്വിറ്റര്‍ അക്കൌണ്ട് : @EFF

നിങ്ങളുടെ ബ്രൗസര്‍ സുരക്ഷിതമാണോ?

സ്വകാര്യതയ്ക്കുമേല്‍ കടന്നുകയറ്റം നടത്തുന്ന ട്രാക്കറുകളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ ബ്രൗസറിന് കഴിയുമോ? അതോ ട്രാക്കറുകള്‍ക്ക് എളുപ്പവഴിയൊരുക്കുകയാണോ അത്? പരീക്ഷിച്ചറിയാന്‍ panopticlick.eff.org സന്ദര്‍ശിക്കുക.

ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്റെ ഗവേഷണഫലമാണ് ഈ വെബ്‌സൈറ്റ്. ബ്രൗസര്‍ ഫിംഗര്‍പ്രിന്‍റിംഗ് അടക്കമുള്ള വിവിധ ചാരപ്രവര്‍ത്തനരീതികള്‍ നിങ്ങളുടെ ബ്രൗസറില്‍ വിലപ്പോവുമോ എന്ന് ഇത് പരീക്ഷിച്ചുനോക്കും. എന്നിട്ട് പരിശോധനാഫലം കാണിച്ചുതരും.

ക്രോമിയത്തിന്റെ ഇന്‍കൊഗ്നീറ്റോ മോഡ് പോലും സ്വകാര്യമല്ല എന്ന ഞെട്ടിക്കുന്ന സത്യമാണ് ഈ സൈറ്റ് ഉപയോഗിച്ചാല്‍ ബോദ്ധ്യമാവുക. അല്പമെങ്കിലും സ്വകാര്യത തരുന്നത് ഫയര്‍ഫോക്സിന്റെ പ്രൈവറ്റ് മോഡാണ്. ഇ.എഫ്.എഫ്. വികസിപ്പിച്ച പ്രൈവസി എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ഇതോടെ വ്യക്തമാവുന്നു.

പ്രൈവസി ബാഡ്ജര്‍

ഉപയോക്താവിന്റെ ഓരോ ചലനവും നിരീക്ഷിക്കുന്ന പരസ്യങ്ങളും 'ട്രാക്കറുകളും' പല വെബ്‌സൈറ്റുകളിലുമുണ്ട്. നാം ഏതെല്ലാം പേജുകള്‍ സന്ദര്‍ശിക്കുന്നു, നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണ് എന്നെല്ലാം മനസ്സിലാക്കാനും ശേഖരിച്ച വിവരങ്ങള്‍ കച്ചവടതാത്പര്യം മുന്‍നിര്‍ത്തി പങ്കുവയ്ക്കാനും ഇവയ്ക്കാകും. ഇവയെ തടഞ്ഞ് ഉപയോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു ബ്രൗസര്‍ എക്സ്റ്റന്‍ഷനാണ് പ്രൈവസി ബാഡ്ജര്‍ (Privacy Badger).

നിങ്ങളുടെ ബ്രൗസറില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: eff.org/privacybadger

ഒരു വെബ്‌സൈറ്റിലെ പരസ്യങ്ങള്‍ നിങ്ങളെ ട്രാക്ക് ചെയ്യുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ പ്രൈവസി ബാഡ്ജര്‍ ഈ പരസ്യവുമായി ബന്ധപ്പെട്ട സ്ക്രിപ്റ്റുകളും മറ്റും തടയും. നിര്‍മാതാക്കളുടെ വാക്കുകള്‍ കടമെടുത്താല്‍, നിങ്ങള്‍ പെട്ടെന്ന് അപ്രത്യക്ഷമായ പ്രതീതിയായിരിക്കും പരസ്യദാതാവിനുണ്ടാവുക.

പരസ്യം തടയാന്‍ ആഡ്ബ്ലോക്ക് പ്ലസ് പോലുള്ള എക്സ്റ്റന്‍ഷനുകള്‍ വേറെയുണ്ടെങ്കിലും അവയില്‍നിന്ന് വ്യത്യസ്തമാണ് പ്രൈവസി ബാഡ്ജര്‍. സ്വകാര്യത ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഈയര്‍ത്ഥത്തില്‍ ആഡ്ബ്ലോക്കും മറ്റും ഉപയോഗിക്കാന്‍ ഉപയോക്താവ് അധികക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ പ്രൈവസി ബാഡ്ജറില്‍ അതിന്റെയൊന്നും ആവശ്യമില്ല.

സ്വകാര്യത ഉറപ്പാക്കാന്‍ ഒരൊറ്റ എക്സ്റ്റന്‍ഷന്‍ എന്ന ആശയമാണ് പ്രൈവസി ബാഡ്ജറിലൂടെ നിര്‍മാതാക്കാള്‍ അവതരിപ്പിക്കുന്നത്.

എച്ച്.ടി.ടി.പി.എസ്. എവരിവേര്‍

വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവിനും സെര്‍വറിനുമിടയിലുള്ള ആശയവിനിമയം രഹസ്യമാക്കാന്‍ (Encrypted) സഹായിക്കുന്ന സങ്കേതമാണ് എച്ച്.ടി.ടി.പി.എസ്. ഇതുള്ള വെബ് പേജുകളുടെ വിലാസം ആരംഭിക്കുക http:// എന്നായിരിക്കില്ല, https:// എന്നായിരിക്കും. സാദ്ധ്യമായിടത്തെല്ലാം എച്ച്.ടി.ടി.പി.എസ്. ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷനാണ് എച്ച്.ടി.ടി.പി.എസ് എവരിവേര്‍. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക : eff.org/https-everywhere.

എല്ലാ വെബ്‌സൈറ്റുകളയും സുരക്ഷിതമാക്കാനുള്ള ഒരു മാന്ത്രിക വസ്തുവല്ലിത്. എച്ച്.ടി.ടി.പി.എസ്. ആദ്യമേ പിന്തുണയ്ക്കുന്ന സൈറ്റുകളില്‍/പേജുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. പിന്നെയെന്തിനാണ് ഇത്തരമൊരു എക്സ്റ്റന്‍ഷന്‍? വിശദമാക്കാം.

എച്ച്.ടി.ടി.പി.എസ്. പിന്തുണച്ചാലും ഡീഫോള്‍ട്ടായി എച്ച്.ടി.ടി.പി. ആണ് പല സൈറ്റുകളും ഉപയോഗിക്കുന്നത് (ഇത് സുരക്ഷിതമല്ല). ചില പേജുകളാകട്ടെ ഭാഗികമായി മാത്രമേ എച്ച്.ടി.ടി.പി.എസ്. ഉപയോഗിക്കുന്നുണ്ടാകൂ. ഇവിടെയെല്ലാം ഇടപെട്ട് കണക്ഷന്‍ സുരക്ഷിതമാക്കാന്‍ സൈറ്റിനോട് ആവശ്യപ്പെടുകയാണ് ഈ എക്സ്റ്റന്‍ഷന്‍ ചെയ്യുക. ടോര്‍ പ്രോജക്ടുമായി സഹകരിച്ചാണ് ഇ.എഫ്.എഫ്. ഇത് വികസിപ്പിക്കുന്നത്.

ഡു നോട്ട് ട്രാക്ക് ഹെഡ്ഡര്‍: എന്നെ പിന്തുടരരുത്

നാം ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കുവേണ്ടി ആ സൈറ്റിന്റെ സെര്‍വറിലേക്ക് ബ്രൗസര്‍ അപേക്ഷ അയയ്ക്കും. എച്ച്.ടി.ടി.പി. റിക്വസ്റ്റ് ഹെഡ്ഡര്‍ ആണ് ഈ അപേക്ഷയുടെ കാതലായ ഭാഗം. നമ്മുടെ ബ്രൗസറിന്റെ കഴിവുകളും ആവശ്യങ്ങളുമെല്ലാം ഈ ഹെഡ്ഡറിലുണ്ടാവും. അതിനനുസരിച്ചാണ് സെര്‍വര്‍ പ്രതികരിക്കുക.

ഇങ്ങനെ അയച്ചുകൊടുക്കുന്ന ഹെഡ്ഡറില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒരു ഫീല്‍ഡാണ് 'ഡു നോട്ട് ട്രാക്ക്'. ഇതിന്റെ വില 1 ആയാല്‍ ഉപയോക്താവിനെ ട്രാക്ക് ചെയ്യരുതെന്നും ൦ ആയാല്‍ വേണമെങ്കില്‍ ട്രാക്ക് ചെയ്യാമെന്നുമാണ് അര്‍ത്ഥം. ഉപയോക്താവിന്റെ ഭാഗത്തുനിന്നുള്ള അപേക്ഷ മാത്രമാണ് ഇതെങ്കിലും മര്യാദയുള്ള വെബ് സെര്‍വറുകള്‍ ഇതനുസരിക്കും.

ഫയര്‍ഫോക്സിന്റെ പ്രൈവറ്റ് മോഡ് ഉപയോഗിക്കുമ്പോള്‍ ഡു നോട്ട് ട്രാക്ക് സന്ദേശം നാം സന്ദര്‍ശിക്കുന്ന എല്ലാ സൈറ്റിലേക്കും ചെല്ലുന്നുണ്ട്. സാധാരണ മോഡില്‍ ഇതില്ല. ക്രോമിയത്തിന്റെ ഇന്‍കോഗ്നീറ്റോ മോഡില്‍പ്പോലും ഡു നോട്ട് ട്രാക്ക് സന്ദേശം ഉപയോഗിക്കപ്പെടുന്നില്ല.

നിങ്ങളുടെ ബ്രൗസര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നും ഇല്ലെങ്കില്‍ എങ്ങനെ ക്രമീകരിക്കാം എന്നും മനസ്സിലാക്കാന്‍ allaboutdnt.com എന്ന വെബ്‌സൈ‌റ്റ് സന്ദര്‍ശിക്കുക.


Click here to read more like this. Click here to send a comment or query.