Nandakumar Edamana
Share on:
@ R t f

മൂക്: ഓണ്‍ലൈന്‍ കോഴ്സുകള്‍


പഠിക്കാന്‍ തയ്യാറുണ്ടെങ്കില്‍, ചവറുകള്‍ വേര്‍തിരിക്കാനറിയാമെങ്കില്‍ നമുക്കുകിട്ടാവുന്ന ഏറ്റവും നല്ല സര്‍വകലാശാലകളിലൊന്നാണ് ഇന്റര്‍നെറ്റ്. വെബ്‌സൈറ്റുകളിലെ വിവരങ്ങളും ചര്‍ച്ചാവേദിയിലെ സാന്നിദ്ധ്യവും മതി എന്തും പഠിക്കാന്‍. പ്രായോഗികപരിചയം മാത്രമാണ് അധികമായി നേടേണ്ടത്.

അറിവുനേടുക മാത്രമാണ് ഉദ്ദേശമെങ്കില്‍ ഈ പഠനം ധാരാളം. ​എന്നാല്‍ ജോലിക്കായുള്ള ഒരഭിമുഖത്തില്‍ ഇതൊരു യോഗ്യതയായി പറയാനാവുമോ? സ്വന്തം കരിക്കുലം വിറ്റയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകളുടെ പട്ടികയില്‍ എഴുതിച്ചേര്‍ക്കാനാവുമോ?

ഇനി കഴിയും. അതിനാണ് 'മൂക്'. ഇതുവരെയുള്ള ഓണ്‍ലൈന്‍ പഠനം പോലെ അത്രപെട്ടെന്നൊന്നും ഇത് തുമ്മിത്തെറിപ്പിക്കാനാവില്ല.

ഔപചാരികം, മൂക്

കൃത്യമായ പാഠ്യപദ്ധതിയും ക്ലാസുകളുമുള്ള ഓണ്‍ലൈന്‍ കോഴ്സുകളാണ് മൂക്കുകള്‍ (MOOC - Massive Open Online Course). വരിചേരുകയും ഒഴിവുള്ളപ്പോള്‍ വീഡിയോ ക്ലാസുകള്‍ ആസ്വദിക്കുകയും അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ക്ലാസിലെ മറ്റുള്ളവരുമായി ഓണ്‍ലൈന്‍ സംവാദത്തിലേര്‍പ്പെടാം. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ പരീക്ഷയ്ക്കുശേഷം സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഏതോ വിദേശരാജ്യത്തെ കഥയാണെന്ന് കരുതേണ്ട. നമ്മുടെ രാജ്യത്ത്, അതും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ത്തന്നെ മൂക് സംരംഭങ്ങള്‍ സജീവമാണ്. ഇവ സര്‍ട്ടിഫിക്കേഷനും നല്‍കുന്നുണ്ട്. ഇങ്ങനെ കിട്ടിയ ക്രെഡിറ്റ് സാധാരണ ബിരുദസര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍മാത്രമാണ് അവ്യക്തത നിലനില്‍ക്കുന്നത്. വൈകാതെ തന്നെ അതും നീങ്ങുമെന്ന് പ്രതീക്ഷിക്കാം. അതോടെ ഏത് ബിരുദ-ബിരുദാനന്തര പ്രോഗ്രാമിന്റെ ഭാഗമായും ഏതാനും കോഴ്സുകള്‍ ഓണ്‍ലൈനായി ചെയ്യാനുള്ള അവസരം കിട്ടും.

മിക്ക മൂക് പ്രോഗ്രാമുകളിലും ഇതെല്ലാം ഭാഗമാണ്:

  • കൃത്യമായ പാഠ്യപദ്ധതി
  • വീഡിയോ ലെക്ചര്‍
  • ഡൗണ്‍ലോഡും പ്രിന്റും ചെയ്യാവുന്ന പഠനവിഭവങ്ങള്‍
  • ലഘുപരീക്ഷകളും പ്രശ്നോത്തരികളും (Self-assessment tests and quizes)
  • ഓണ്‍ലൈന്‍ ചര്‍ച്ചാവേദി
  • താത്പര്യമുണ്ടെങ്കില്‍ പങ്കെടുക്കാവുന്ന പരീക്ഷയും സര്‍ട്ടിഫിക്കേഷനും

ആര്‍ക്കെല്ലാം ചേരാം

നിലവില്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്കേ മൂക്കിന്റെ ഭാഗമാകാവൂ എന്നില്ല. വിദ്യാര്‍ത്ഥിയാണെങ്കില്‍ മൂക് കോഴ്സിന്റെ മാര്‍ക്ക് നിലവിലെ ബിരുദത്തില്‍ നേരിട്ടുള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നുമാത്രം.

ചില ഓണ്‍ലൈന്‍ കോഴ്സുകള്‍ പണം നല്കിമാത്രം ചേരാവുന്നവയാണ്. എന്നാല്‍ അധികവും സൗജന്യമാണ്. പരീക്ഷയെഴുതാന്‍ മാത്രമാണ് ഫീസ് ആവശ്യം. സൗജന്യമെന്നതിനേക്കാള്‍ മൂക്കിനെ ആകര്‍ഷകമാക്കുന്നത് ആര്‍ക്കും ചേരാമെന്നതാണ്. പ്രായമോ വിദ്യാഭ്യാസയോഗ്യതയോ വിഷയമല്ല. സ്കൂള്‍വിദ്യാര്‍ത്ഥിക്കോ പത്താംക്ലാസുമാത്രം പഠിച്ച അറുപതുവയസ്സുകാരനോ എല്ലാം ബിരുദതലത്തിലുള്ള കോഴ്സ് ചെയ്യാം.

കണ്ടെത്താം, വരിചേരാം

സ്വകാര്യസംരംഭങ്ങളും സര്‍ക്കാര്‍സംരംഭങ്ങളും മൂക് രംഗത്തുണ്ട്. അതേസമയം 'യൂഡെമി' പോലുള്ള ചില സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കോഴ്സുകള്‍ നടത്താന്‍ അവസരമൊരുക്കുന്നു. ഇത്തരം സേവനങ്ങളുടെ സൈറ്റില്‍ക്കയറി വിഷയത്തിന്റെയും പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ തിരഞ്ഞ് ഇഷ്ടമുള്ള കോഴ്സുകള്‍ കണ്ടെത്താം.

ഈ രംഗത്ത് ഇന്ത്യ ഒട്ടും പിന്നിലല്ല. കോഴ്സുകളുടെ എണ്ണം കൊണ്ടും ഗുണം കൊണ്ടും കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങളായ 'സ്വയം', എന്‍.പി.ടി.ഇ.എല്‍. എന്നിവ അന്താരാഷ്ട്രതലത്തിലാണ്.

സ്വയത്തിലും എന്‍.പി.ടി.ഇ.എല്ലിലും ഒരു പ്രത്യേക കാലയളവിലാണ് ചില കോഴ്സുകള്‍ ലഭ്യമാവുക. പരീക്ഷയെഴുതാന്‍ ഇത് പിന്തുടരണമെങ്കിലും കഴിഞ്ഞുപോയ കോഴ്സുകളുടെ ഉള്ളടക്കം അവിടെത്തന്നെയുണ്ടാവും. താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം.

സര്‍ക്കാര്‍സംരംഭങ്ങളില്‍ വരിചേരാന്‍ ഫീസില്ല. പരീക്ഷാഫീസ് തുച്ഛമാണ്. അന്താരാഷ്ട്രസേവനങ്ങളില്‍ ചിലതെല്ലാം പക്ഷേ വലിയ തുകയാണ് ഈടാക്കുന്നത്. വിദേശജോലിയും മറ്റും ലക്ഷ്യമിടുന്നവര്‍ക്ക് പക്ഷേ ഇതുപകരിക്കാം.

സ്വയം

കേന്ദ്രമാനവവിഭവശേഷിവകുപ്പിനുകീഴിലുള്ള മൂക് സംരംഭമാണ് 'സ്വയം' (swayam.gov.in). മൊബൈല്‍ ആപ്പായും ഇത് ലഭ്യമാണ്. ഒമ്പതാംക്ലാസ് മുതല്‍ ബിരുദാനന്തരബിരുദതലം (Post Graduate Level) വരെയുള്ള കോഴ്സുകള്‍ ലഭ്യമാക്കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യം. രാജ്യത്തെ ഐ.ഐ.ടി.കളും പ്രമുഖസര്‍വകലാശാലകളുമെല്ലാം സ്വയത്തിന്റെ ഭാഗമാണ്.

സ്വയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ വിഷയത്തിന്റെ അടിസ്ഥാനത്തിലും പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ അടിസ്ഥാനത്തിലുമെല്ലാം കോഴ്സുകള്‍ കണ്ടെത്താം. സൗജന്യമായി അക്കൗണ്ടുണ്ടാക്കി കോഴ്സിനുചേരാം (Enroll).

സ്വയം വഴി നല്കുന്ന കോഴ്സുകളും പഠനവിഭവങ്ങളും തികച്ചും സൗജന്യമാണ്. ആര്‍ക്കും ചേരുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാം. എന്നാല്‍ കോഴ്സ് തീരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെങ്കില്‍ ചെറിയൊരു തുക നല്കി പരീക്ഷയെഴുതണം. ഇതു പക്ഷേ വളരെ ചെറിയ ഫീസ് ആണ്.

ഇങ്ങനെ കിട്ടിയ മാര്‍ക്കും ഗ്രേഡും വിദ്യാര്‍ത്ഥിയുടെ അക്കാദമിക് രേഖകളില്‍ പരിഗണിക്കണമെന്ന് യു.ജി.സി. 2016-ല്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഇനിയും നടപ്പിലാവുന്നതേയുള്ളൂ.

എന്‍.പി.ടി.ഇ.എല്‍.

മാനവവിഭവശേഷിവകുപ്പിന്റെ ധനസഹായമുള്ള മറ്റൊരു മൂക് സംരംഭമാണ് എന്‍.പി.ടി.ഇ.എല്‍. (നാഷണല്‍ പ്രോഗ്രാം ഓണ്‍ ടെക്നോളജി എന്‍ഹാന്‍സ്ഡ് ലേണിങ്). ഏഴ് ഐ.ഐ.ടി.കളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാഗ്ലൂരുമാണ് പിന്നണിയിലെ പ്രമുഖസ്ഥാപനങ്ങള്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം മെച്ചപ്പെടുത്താനുള്ള ഈ സേവനം 2003 മുതല്‍തന്നെ നിലവിലുണ്ട്. 2014-ലാണ് ഇതുവഴി മൂക് കോഴ്സുകള്‍ ലഭ്യമായിത്തുടങ്ങിയത്. ആയിരത്തിലേറെ കോഴ്സുകള്‍ ഇതിലുണ്ടെന്നാണ് കണക്ക്. ഉള്ളടക്കത്തിന്റെ വലിയൊരു പങ്കും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനുകീഴില്‍ ലഭ്യമാകുമെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ഉള്ളടക്കം ആര്‍ക്കും പകര്‍ത്തുകയും ലളിതമായ ചില നിബന്ധനകള്‍ പാലിച്ച് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യാം.

സയന്‍സ്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലെ പഠനവിഭവങ്ങളും ലഭ്യമാണെങ്കിലും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളിലാണ് ഈ സംരംഭം ശ്രദ്ധയൂന്നുന്നത്. അതേസമയം 'സ്വയം' കുറേക്കൂടി വിസ്തൃതമാണ്. എല്ലാ വിഷയങ്ങള്‍ക്കും അത് തുല്യപ്രാധാന്യം നല്കുന്നു.

NPTEL.ac.in എന്നതാണ് ഈ സംരംഭത്തിന്റെ വെബ് വിലാസം. ഉള്ളടക്കം ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാം. താത്പര്യമുണ്ടെങ്കില്‍ ചെറിയൊരു ഫീസ് അടച്ച് പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കാം (ചേരുമ്പോള്‍ത്തന്നെ ഇത് ചെയ്യണമെന്നില്ല). ഉപയോഗിക്കാനുള്ള എളുപ്പവും അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇ-മെയില്‍ പിന്തുണയും ഈ സൈറ്റിനെ ആകര്‍ഷകമാക്കുന്നു. സ്വയത്തിലുള്ളതുപോലെതന്നെ വിഷയത്തിന്റെ അടിസ്ഥാനത്തിലും കോഴ്സ് നടത്തുന്ന സ്ഥാപനത്തിന്റെ അടിസ്ഥാനത്തിലുമെല്ലാം സേര്‍ച്ച് നടത്താന്‍ സൗകര്യമുണ്ട്.

കുറിപ്പ്: സ്വയത്തിലും എഞ്ചിനീയറിങ് ഉള്ളടക്കം ലഭ്യമാക്കുന്നത് പ്രധാനമായും എന്‍.പി.ടി.ഇ.എല്‍. തന്നെയാണ്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ എന്‍.പി.ടി.ഇ.എല്‍. കോഴ്സുകളെല്ലാംതന്നെ സ്വയം കോഴ്സുകള്‍ കൂടിയാണ്. ഒരു എന്‍.പി.ടി.ഇ.എല്‍. കോഴ്സിനുചേരുമ്പോള്‍ നിങ്ങള്‍ സ്വയത്തിന്റെയും ഭാഗമാവുന്നുവെന്നര്‍ത്ഥം.

എഡക്സ്

മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് 2012-ല്‍ ആരംഭിച്ചതാണ് എഡക്സ് (edX.org). കോഴ്സെറ പോലുള്ള മറ്റു വന്‍ സംരംഭങ്ങളില്‍നിന്ന് എഡക്സിനെ വ്യത്യസ്തമാക്കുന്നത് ഇതൊരു വാണിജ്യസംരംഭമല്ല എന്നതാണ്. എന്നുകരുതി കോഴ്സുകളെല്ലാം സൗജന്യമാവണമെന്നില്ല. ലാഭമല്ല മുഖ്യലക്ഷ്യം എന്നുമാത്രം.

ഇതിന്റെ പ്രവര്‍ത്തനം സാദ്ധ്യമാക്കുന്ന 'ഓപ്പണ്‍ എഡക്സ്' (Open edX) എന്ന സോഫ്റ്റ്‌വെയര്‍, സ്വതന്ത്രലൈസന്‍സിനുകീഴില്‍ സോഴ്സ് കോഡ് സഹിതം ലഭ്യമാണ്. സെര്‍വറില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് പുതിയ മൂക് പ്ലാറ്റ്ഫോമുകള്‍ തയ്യാറാക്കാം.

നൂറിലേറെ പാര്‍ട്നര്‍മാരും രണ്ടുകോടിയോളം പഠിതാക്കളുമുള്ള രണ്ടായിരത്തിലേറെ കോഴ്സുകളുണ്ട്.

കോഴ്സെറ

സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ രണ്ടു കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍മാര്‍ 2012-ല്‍ തുടങ്ങിയ സംരംഭമാണ് കോഴ്സെറ (Coursera.com). പ്രമുഖ സര്‍വകലാശാലകളും നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി പോലുള്ള സംഘടനകളുമടക്കം ഇരുനൂറോളം പാര്‍ട്നര്‍മാരാണ് ഇതിനുള്ളത്. 29 രാജ്യങ്ങളില്‍ സാന്നിദ്ധ്യവും രണ്ടായിരത്തിലേറെ കോഴ്സുകളും. ഈ സംരംഭത്തിന് രണ്ടേകാല്‍ കോടിയോളം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കല്‍ക്കട്ട അടക്കം ഏതാനും ഇന്ത്യന്‍ സ്ഥാപനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ട്.

യൂഡെമി

2010-ല്‍ സ്ഥാപിതമായ ഒരു ഓണ്‍ലൈന്‍ പഠനസംവിധാനമാണ് യൂഡെമി (udemy.com). ഏതെങ്കിലും സര്‍വകലാശാലകള്‍ക്കുപകരം ഉപയോക്താക്കള്‍ തന്നെയാണ് കോഴ്സുകള്‍ സൃഷ്ടിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 'you' + 'academy' ആണ് സത്യത്തില്‍ 'udemy'.

വിദഗ്ധരെങ്കിലും സ്വകാര്യവ്യക്തികള്‍ നടത്തുന്ന കോഴ്സുകളായതുകൊണ്ട് ഇവിടെനിന്നുകിട്ടുന്ന മാര്‍ക്കിന് അക്കാദമിക് മൂല്യമുണ്ടാകില്ല. എന്നാല്‍ അറിവുവര്‍ദ്ധിപ്പിക്കാനും റെസ്യൂമയിലും തൊഴിലപേക്ഷയിലുമെല്ലാം ഉള്‍പ്പെടുത്താനും ഉപകരിക്കും.

പ്രചാരമുള്ള മറ്റു ചില മൂക് സേവനങ്ങള്‍

  • udacity.com
  • futurelearn.com
  • openlearning.com
  • openclassrooms.com
  • iversity.org

കേരളത്തില്‍

കേരളത്തിലെ പ്രമുഖ സര്‍വകലാശാലകളുടെ മൂക് സംരംഭങ്ങള്‍ ഇന്നും ശൈശവാവസ്ഥയിലാണ്. എന്നാല്‍ ചില കോളേജുകള്‍ അവരുടേതായ നിലയില്‍ മൂക് പോര്‍ട്ടലുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തായാലും സര്‍വകലാശാലകളുടെ കോഴ്സിനുപോലും ക്രെഡിറ്റ് നല്‍കുന്ന കാര്യത്തില്‍ വ്യക്തതയില്ല.

'മൂഡില്‍' (Moodle) എന്ന സംവിധാനം ഉപയോഗിക്കുന്ന വിശദമായ ഒരു മൂക് പോര്‍ട്ടല്‍ കോഴിക്കോട് സര്‍വകലാശാലയ്ക്ക് ഉണ്ടായിരുന്നെങ്കിലും വെബ്‌സൈറ്റ് നവീകരണത്തിനുശേഷം ഇത് ലഭ്യമല്ല. അതേസമയം യൂനിവേഴ്സിറ്റിയുടെ 'എജ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററി'ന്റെ സൈറ്റായ emmrccalicut.org-ല്‍ ഇ-വിഭവങ്ങള്‍ ലഭ്യമാണ്. emmrccalicut.org/mooc.php എന്ന പേജില്‍ മൂക് വീഡിയോകള്‍ കൊടുത്തിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ സ്വയത്തിലേക്കാണ് പോകുന്നത്. സ്വയത്തില്‍ ഈ കോഴ്സുകള്‍ ലഭ്യവുമാണ്.

keralauniversity.ac.in/mooc ആണ് കേരളസര്‍വകലാശാലയുടെ മൂക് പോര്‍ട്ടല്‍. 'മെയ്ക്കിങ് പവര്‍ഫുള്‍ പ്രസന്റേഷന്‍സ്' എന്ന ഒരു കോഴ്സുമാത്രമാണ് ഈ പുസ്തകമെഴുതുമ്പോള്‍ കേരളസര്‍വകലാശാലയുടെ പോര്‍ട്ടലിലുള്ളത്.

കുസാറ്റിന്റെ മൂക് പേജ് cusat.ac.in/mooc.php എന്നതാണ്. ഒരു വീഡിയോയില്‍ കവിഞ്ഞ് മറ്റൊന്നും ഇവിടെ കാണാനില്ല.

കോഴ്സ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍

ലളിതമായ വെബ്‌സൈറ്റുകള്‍ പോലെ വെബ്മാസ്റ്റര്‍മാര്‍ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും സന്ദര്‍ശകര്‍ വെറുതേ കയറിയിറങ്ങുകയും ചെയ്യുന്ന ഇടങ്ങളല്ല മൂക് പോര്‍ട്ടലുകള്‍. പഠനവിഭവങ്ങള്‍ ലഭ്യമാക്കുന്നതുമുതല്‍ ചര്‍ച്ചയും പരീക്ഷയും നടത്തുന്നതുവരെയുള്ള സൗകര്യങ്ങള്‍ ഇവയിലുണ്ടാവണം. വലിയ സാങ്കേതികജ്ഞാനമില്ലാതെതന്നെ ഇവ ഉപയോഗിക്കാനുമാവണം. ഇതിന് വഴിയൊരുക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകളാണ് 'കോഴ്സ് മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍'. 'ലേണിങ് മാനേജ്മെന്റ് സിസ്റ്റങ്ങള്‍', 'ഇ-ലേണിങ് സോഫ്റ്റ്‌വെയര്‍' തുടങ്ങി വേറെ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്.

ഇത്തരം സോഫ്റ്റ്‍വെയര്‍ ചെയ്താല്‍ നമ്മുടെ വെബ്‌സൈറ്റിലും ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാക്കാം. ഉള്ളടക്കം നാം തന്നെ തയ്യാറാക്കണം. അത് പ്രസിദ്ധീകരിക്കാനും ഉപയോഗിക്കാനുമുള്ള ഇന്റര്‍ഫെയ്സ് ആണ് ഇവ ഒരുക്കിത്തരിക. ഒരദ്ധ്യാപകനാണ് നിങ്ങളെങ്കില്‍ കോളേജ് വെബ്‌സൈറ്റില്‍ ഇത്തരമൊന്ന് ഒരുക്കാന്‍ വെബ്‌സൈറ്റ് നിര്‍മാതാക്കളോട് ആവശ്യപ്പെടാം.

മൂഡില്‍ (Moodle) എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പാക്കേജ് ഈ രംഗത്ത് ഏറെ പ്രചാരമുള്ള ഒന്നാണ് . എഡക്സിന്റെ പിന്നിലുള്ള Open edX എന്ന പാക്കേജും ഇങ്ങനെ എടുത്തുപയോഗിക്കാവുന്നതാണ്.

എക്സ്‌മൂക്കും സിമൂക്കും BOX

ഒരൊറ്റ വിദഗ്ധനെയോ (Expert) സ്ഥാപനത്തെയോ ആശ്രയിച്ചാണിരിക്കുന്ന മൂക് കോഴ്സുകളാണ് എക്സ്‌മൂക് (xMOOC). അവര്‍ പഠിപ്പിക്കുന്നു, നാം പഠിക്കുന്നു. എന്നാല്‍ 'കണക്റ്റിവിസ്റ്റ്' ചിന്താഗതിയുള്ളതാണ് സിമൂക് (cMOOC). ഇന്റര്‍നെറ്റ് ഒരുക്കുന്ന അടിസ്ഥാനസൗകര്യത്തിനപ്പുറം ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയയുടെയും വരെ സാദ്ധ്യതകള്‍ തേടുന്ന ഇത് ചര്‍ച്ച ചെയ്തും പങ്കുവച്ചും പഠിക്കുക എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രചാരമേറിയ മൂക് സേവനങ്ങളെല്ലാം പക്ഷേ എക്സ്മൂക് ആണ്.


Click here to read more like this. Click here to send a comment or query.