ഡെസ്ക്ടോപ്പിലോ ഒരു ഫോള്‍ഡറിലോ ഒഴിഞ്ഞ സ്ഥലത്ത് റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഒരു മെനു ലഭിക്കും. ഇതില്‍ 'ന്യൂ' എന്നതിനുനേരെ ടെക്സ്റ്റ് ഡോക്യുമെന്റ് അടക്കം പലതരം ഫയലുകള്‍ കാണാം. ഒരെണ്ണമെടുത്താല്‍ ആ തരത്തില്‍പ്പെട്ട ഒരു ഒഴിഞ്ഞ ഫയല്‍ കിട്ടും. ഇഷ്ടമുള്ള പേര് കൊടുത്തശേഷം അത് തുറന്ന് നേരിട്ട് എഡിറ്റുചെയ്യാം. ഈ സൌകര്യം ഉബുണ്ടുവില്‍ ചിലപ്പോള്‍ കണ്ടെന്നുവരില്ല. എന്നാല്‍ അത് കൊണ്ടുവരുന്നത് എളുപ്പമാണ്.
ഹോം ഫോള്‍ഡറിലെ Templates എന്ന ഫോള്‍ഡറിനുള്ളില്‍ സേവ് ചെയ്യുന്ന ഫയലുകളാണ് റൈറ്റ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന മെനുവിലെ 'ന്യൂ ഡോക്യുമെന്റ്' വിഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഉദാഹരണത്തിന്, ഈ മെനുവില്‍ ഒരു റൈറ്റര്‍ ഡോക്യുമെന്റ് കിട്ടണമെങ്കില്‍ ലിബര്‍ ഓഫീസ് റൈറ്റര്‍ തുറന്ന ശേഷം ഒന്നും ടൈപ്പ് ചെയ്യാതെ ഹോമിലെ ടെംപ്ലേറ്റ്സ് ഫോള്‍ഡറില്‍ Writer Document എന്ന പേരില്‍ സേവ് ചെയ്താല്‍ മതി. വല്ലതും ടൈപ്പ് ചെയ്ത് സേവ് ചെയ്താല്‍ റൈറ്റ് ക്ലിക്ക് ചെയ്തുണ്ടാക്കുന്ന ഡോക്യുമെന്റുകള്‍ക്കുള്ളില്‍ അതും തനിയേ വരും. സ്വന്തം വിലാസം ഉള്‍പ്പെടുത്തി കത്തുകള്‍ തയ്യാറാക്കാന്‍ ഇതുപകരിക്കും.
ഹോമില്‍ ടെംപ്ലേറ്റ്സ് ഫോള്‍ഡറില്ലെങ്കില്‍ അതുണ്ടാക്കാം. പേരില്‍ ആദ്യത്തേതു മാത്രം വലിയക്ഷരം ആകാന്‍ ശ്രദ്ധിക്കണം.