Nandakumar Edamana
Share on:
@ R t f

വേള്‍ഡ് വൈഡ് വിക്കി


വിപ്ലവം എന്നുകേള്‍ക്കുമ്പോള്‍ പടക്കോപ്പുകളും രക്തച്ചൊരിച്ചിലുമെല്ലാമാവും നമ്മുടെ മനസ്സിലെത്തുക. എന്നാല്‍ ഇതൊന്നുമില്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു വിപ്ലവമുണ്ടായി. നിശ്ശബ്ദമായി നടന്ന അതായിരിക്കും ഒരുപക്ഷേ ചരിത്രത്തില്‍ ഏറ്റവുമധികമാളുകള്‍ പങ്കെടുത്ത വിപ്ലവം. നാമറിയാതെ നാം പോലും പങ്കെടുത്ത വിപ്ലവം. അറിവിന്റെ സ്വാതന്ത്ര്യത്തിനായുള്ള ജനകീയമുന്നേറ്റം. വിക്കിപീഡിയ.

വിക്കിമീഡിയ ഫൗണ്ടേഷന്‍ മേല്‍നോട്ടം വഹിക്കുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. സൗജന്യമാണെന്നതിലുപരി സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ആശയം പിന്തുടരുന്നു എന്നതാണ് വിക്കിപീഡിയയെ ശ്രദ്ധേയമാക്കുന്നത്. അതായത്, ഇതിലെ ലേഖനങ്ങള്‍ ആര്‍ക്കും ഉപയോഗിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യാം (സ്രോതസ്സ് വിക്കിപീഡിയയാണെന്ന് പറയണമെന്നുമാത്രം). വായനക്കാര്‍ തന്നെ ലേഖനങ്ങള്‍ എഴുതിയുണ്ടാക്കുകയും തിരുത്തുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. പതിനഞ്ചു വര്‍ഷം തികച്ച ഈ ജനകീയസംരംഭം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത് മനുഷ്യന്‍ ഇതുവരെയുണ്ടാക്കിയതില്‍വച്ച് ഏറ്റവും ബൃഹത്തായ വിജ്ഞാനശേഖരമാണ്.

സാധാരണക്കാരും വിദ്യാര്‍ത്ഥികളും മുതല്‍ ഗവേഷകര്‍ വരെ ഇന്ന് വിക്കിപീഡിയയുടെ സഹായം തേടുന്നു. കോടിക്കണക്കിന് വെബ്സൈറ്റുകളുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും ആധികാരികമായ വെബ്സൈറ്റുകളിലൊന്നായി വിക്കിപീഡിയ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. വിവിധ ഭാഷകളിലെ ഉള്ളടക്കവും ദൃശ്യ-ശ്രാവ്യ വിഭവങ്ങളുമെല്ലാം വിക്കിപീഡിയയുടെ പ്രചാരത്തിന് ആക്കം കൂട്ടുന്നുണ്ട്.

ഇത്രയൊക്കെയായിട്ടും പരസ്യങ്ങളില്ല എന്നതാണ് വിക്കിപീഡിയയെ ഒരു അത്ഭുതവസ്തുവാക്കി മാറ്റുന്നത്. സൗജന്യസേവനവും സന്ദര്‍ശകരുടെ എണ്ണവും വച്ചുനോക്കിയാല്‍ പരസ്യം വിളമ്പുകവഴി ഗൂഗ്ളിനെപ്പോലെ വിക്കിപീഡിയയ്ക്കും കോടികളുണ്ടാക്കാം (ബിസിനസ് ഇന്‍സൈഡറിന്റെ ഏകദേശ കണക്കുപ്രകാരം പ്രതിവര്‍ഷം നാനൂറുകോടി യു.എസ്. ഡോളര്‍ വരുമിത്). ഭാരിച്ച ഒരു വെബ്സൈറ്റായതുകൊണ്ടുതന്നെ ഒരുപാട് ചെലവാകുകയും ചെയ്യും. എന്നിട്ടും പരസ്യങ്ങളില്‍ വിക്കിപീഡിയയ്ക്ക് താത്പര്യമില്ല. ജനങ്ങളില്‍നിന്നുള്ള സംഭാവനയാണ് വിക്കിപീഡിയയുടെ സാമ്പത്തികസ്രോതസ്സ്.

ചരിത്രം

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ് ആദ്യമായി ഒരു സ്വതന്ത്ര-ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന ആശയം അവതരിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് 2001 ജനവരി 15-ന് ജിമ്മി വെയ്ല്‍സും ലാറി സാങ്ങറും സംയുക്തമായി സ്ഥാപിച്ചതാണ് വിക്കിപീഡിയ. ഇപ്പോള്‍ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

വിക്കിപീഡിയയ്ക്കുമുമ്പ് ഇരുവരും മേല്‍നോട്ടം വഹിച്ചിരുന്ന വിജ്ഞാനകോശസംരംഭമായിരുന്നു Nupedia. ഇതും സ്വതന്ത്രലൈസന്‍സായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ലേഖനങ്ങളില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ല. പുതിയ വിജ്ഞാനകോശം ഒരു വിക്കി ആയിരിക്കണമെന്ന് നിര്‍ദേശിച്ചത് ലാറി സാങ്ങറാണ്.

കൂട്ടായ തിരുത്തലിന് സൗകര്യമൊരുക്കുന്ന വെബ്സൈറ്റാണ് വിക്കി (Wiki). വാര്‍ഡ് കണ്ണിങ്ഹാം (Ward Cunningham) ആണ് ആദ്യ വിക്കിയുടെ ഉപജ്ഞാതാവ്. വായനക്കാര്‍ക്ക് തിരുത്താവുന്ന വിജ്ഞാനകോശം എന്ന അര്‍ത്ഥം കിട്ടാനാണ് വിക്കി, എന്‍സൈക്ലോപീഡയ എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്ത് വിക്കിപീഡിയ എന്ന പേരിന് രൂപം കൊടുത്തിട്ടുള്ളത്.

2007 ജനവരിയിലാണ് വിക്കിപീഡിയ ആദ്യമായി ഒരു ടോപ്പ്-ടെന്‍ വെബ്സൈറ്റ് പട്ടികയില്‍ ഇടം പിടിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിനെയും ആപ്പിളിനെയും മറികടന്നുകൊണ്ടായിരുന്നു ഇത്. ഇതേവര്‍ഷം സെപ്റ്റംബര്‍ 9-നാണ് ഇരുപതുലക്ഷം ലേഖനങ്ങള്‍ തികച്ചുകൊണ്ട് ഇംഗ്ലീഷ് വിക്കിപീഡിയ ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായി മാറുന്നത്.

2002 ഡിസംബർ 21-നാണ് മലയാളം വിക്കിപീഡിയയ്ക്ക് തുടക്കമായത്. ഇതില്‍‌ ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലേറെ ലേഖനങ്ങളുണ്ട്.

കോപ്പിലെഫ്റ്റും മാര്‍ക്ക്ഡൗണും

നിലവിലെ വ്യവസ്ഥയ്ക്ക് നേര്‍വിപരീതമായ ആശയങ്ങളാവുമല്ലോ വിപ്ലവങ്ങള്‍ക്കുണ്ടാവുക. ഇങ്ങനെ ചില 'തലതിരിഞ്ഞ' ആശയങ്ങള്‍ക്ക് പ്രചാരം കൊടുത്തതതില്‍ വിക്കിപീഡിയയ്ക്ക് വലിയ പങ്കുണ്ട്. വായനക്കാര്‍ എഴുതുന്ന വിജ്ഞാനകോശം, കോപ്പിറൈറ്റിന് പകരം 'കോപ്പിലെഫ്റ്റ്', മാര്‍ക്കപ്പിന് പകരം 'മാര്‍ക്ക്ഡൗണ്‍', ... അങ്ങനെ പോകുന്നു ആ നിര.

സൗജന്യമെന്നതിലുപരി വിക്കിപീഡിയയുടെ പ്രത്യേകത സ്വാതന്ത്ര്യമാണ്. ജനങ്ങള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ആ വിജ്ഞാനശേഖരത്തിലെ വിഭവങ്ങള്‍ സ്വതന്ത്രലൈസന്‍സുകള്‍ക്കു കീഴിലാണ് (free/libre license) പ്രസിദ്ധീകരിച്ചുവരുന്നത്. ഇതാണ് വിക്കിപീഡിയയിലെ ഉള്ളടക്കം ആര്‍ക്കും പകര്‍ത്താം എന്നു പറയുന്നതിനുകാരണം. ഉറവിടം വിക്കിപീഡിയയാണെന്നു കാണിക്കുകയും പകര്‍പ്പിന്റെ പകര്‍പ്പെടുക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുകയും ചെയ്യണമെന്നതുമാത്രമാണ് നിബന്ധന. ഈ ആശയം പൊതുവേ 'കോപ്പിലെഫ്റ്റ്' (പകര്‍‌പ്പുപേക്ഷ) എന്നാണറിയപ്പെടുന്നത്.

എഴുത്തിന്റെ അവതരണം എങ്ങനെയായിരിക്കണമെന്ന് (ബോള്‍ഡ്, ഇറ്റാലിക്ക്, ...) വിവരിക്കുന്ന ഭാഷയാണ് മാര്‍ക്കപ്പ് ഭാഷ. അച്ചടിരംഗത്തും കമ്പ്യൂട്ടിങ്ങിലുമായി നിരവധി മാര്‍ക്കപ്പ് ഭാഷകളുണ്ട്. ഇക്കൂട്ടത്തില്‍ വെബ്സൈറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് എച്ച്.ടി.എം.എല്‍. ആ​ണ്. എന്നാല്‍ വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുന്നത് 'മാര്‍ക്ക്ഡൗണ്‍' എന്ന ഭാഷയുപയോഗിച്ചാണ്. ലഭ്യമായതില്‍ ഏറ്റവും ലളിതമായ മാര്‍ക്കപ്പ് ഭാഷയാണ് ഇതെന്ന് പറയാം. സാധാരണക്കാര്‍ക്ക് ലേഖനങ്ങളെഴുതാന്‍ ലാളിത്യം അവശ്യമാണല്ലോ.

വലിപ്പം

ഇരുപത്തിനാലുമണിക്കൂറും കുത്തിയിരുന്ന് വായിയ്ക്കാന്‍ തയ്യാറാണെങ്കില്‍ പതിനാറുവര്‍ഷം കൊണ്ട് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ ഇപ്പോഴുള്ള എല്ലാ ലേഖനങ്ങളും വായിച്ചുതീര്‍ക്കാം. എന്നാല്‍ അപ്പോഴും നിങ്ങള്‍ അതിനെ കീഴടക്കുന്നില്ല--കാരണം, ഒരോ മാസവും പതിനായിരക്കണക്കിന് പുതിയ ലേഖനങ്ങളാണ് അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

ഇത് ഇംഗ്ലീഷ് വിക്കിപീഡിയയുടെ മാത്രം കാര്യം. വിക്കിപീഡിയ എന്നാല്‍ വെറും ഇംഗ്ലീഷ് ലേഖനങ്ങളില്‍ ഒതുങ്ങുന്നില്ലെന്നോര്‍ക്കണം. ഇരുനൂറിലേറെ ഭാഷകളിലെ ലേഖനങ്ങള്‍ക്കൊപ്പം സഹോദരസംരംഭങ്ങളിലായി ഒട്ടേറെ പുസ്തകങ്ങളും ദൃശ്യ-ശ്രാവ്യവിഭവങ്ങളും അതിന്റെ ഭാഗമാണ്. മനുഷ്യന്‍ ഇതുവരെ ഉണ്ടാക്കിയതില്‍വച്ച് ഏറ്റവും വലിയ വിജ്ഞാനശേഖരം വിക്കിപീഡിയയാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

250-ഓളം ഭാഷകളില്‍ ലഭ്യമായ വിക്കിപീഡിയയില്‍ മുപ്പത്തെട്ട് ദശലക്ഷം ലേഖനങ്ങളാണുള്ളത്. ഇംഗ്ലീഷ് പതിപ്പ് മാത്രം അച്ചടിച്ചാല്‍പ്പോലും നിലവില്‍ ഏഴായിരത്തിലേറെ വാല്യങ്ങള്‍ വരും. വിക്കി കോമണ്‍സ് പോലുള്ള സഹോദരസംരംഭങ്ങളിലെ മള്‍ട്ടിമീഡിയ ഉള്ളടക്കം വേറെ. ഇതെല്ലാം ചേര്‍ത്താല്‍ ഏതാണ് ഇരുപത്തിമൂന്നിലേറെ ടെറാബൈറ്റ് ഡേറ്റ ഉണ്ടായിരിക്കുമെന്നാണ് കണക്ക്.

മൈക്രോസോഫ്റ്റ് vs വിക്കിപീഡിയ

എന്‍കാര്‍ട്ട എന്ന പേര് കേട്ടിട്ടുള്ളവര്‍ ചുരുക്കം. മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ വിജ്ഞാനകോശമായിരുന്നു അത്. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ മൈക്രോസോഫ്റ്റിന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. എന്‍കാര്‍ട്ടയ്ക്ക് വെല്ലുവിളിയായത് വിക്കീപീഡിയയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നെത്തിന് ഒരു സ്വതന്ത്രസംരംഭം വെല്ലുവിളിയായത് സാങ്കേതികചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഒരു ഡിജിറ്റല്‍ വിജ്ഞാനകോശം നിര്‍മ്മിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മൈക്രോസോഫ്റ്റ് 1980-കളില്‍ ബ്രിട്ടാനിക്കയെ സമീപിച്ചിരുന്നു. വിജ്ഞാനകോശരംഗത്തെ അതികായരായ ബ്രിട്ടാനിക്ക പക്ഷേ, ആ ആവശ്യം നിരസിച്ചുകളഞ്ഞു. പിന്നീട് 1993-ല്‍ Funk & Wagnalls Encyclopedia-യുടെ കയ്യില്‍നിന്ന് അവകാശങ്ങല്‍ വാങ്ങിയാണ് മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട (Encarta) എന്ന വിജ്ഞാനകോശത്തിന് തുടക്കമിടുന്നത്.

മൈക്രോസോഫ്റ്റ് എന്ന സ്ഥാപനത്തിന്റെ പ്രശസ്തി അതിന്റെ ഉത്പന്നമായ എന്‍കാര്‍ട്ടയ്ക്ക് നേടിയെടുക്കാനായില്ല. ആര്‍ക്കുമറിയാഞ്ഞ രണ്ടാളുകള്‍ സ്ഥാപിച്ച വിക്കിപീഡിയയാകട്ടെ, ഇന്ന് ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തമായ അഞ്ച് വെബ്സൈറ്റുകളിലൊന്നാണ്. 2009 ജനവരിയിലെ കണക്കനുസരിച്ച് ഓണ്‍ലൈന്‍ വിജ്ഞാനകോശങ്ങളില്‍ ഒന്നാം സ്ഥാനം വിക്കിപീഡിയയ്ക്കും രണ്ടാം സ്ഥാനം എന്‍കാര്‍ട്ടയ്ക്കുമായിരുന്നു. ഒരൊറ്റ സ്ഥാനത്തിന്റെ വ്യത്യാസം മാത്രമല്ലേ എന്ന് തോന്നുന്നുവെങ്കില്‍ ട്രാഫിക്‌കണക്ക് കൂടി കേള്‍ക്കുക--എന്‍കാര്‍ട്ട ഉപയോഗിച്ചവര്‍ 1.27%-ഉം വിക്കിപീഡിയ ഉപയോഗിച്ചവര്‍ 97%-ഉം!

ശബ്ദവും ചിത്രവുമടക്കം വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കം എന്‍കാര്‍ട്ടയിലുമുണ്ടായിരുന്നു. എന്നാല്‍ എന്‍കാര്‍ട്ടയില്‍ ലേഖനങ്ങളുടെ എണ്ണം കുറവായിരുന്നു. പതിനഞ്ചുവര്‍ഷം കൊണ്ട് എന്‍കാര്‍ട്ടയില്‍ എഴുതിച്ചേര്‍ത്തത് വെറും 62,000 ലേഖനങ്ങളാണെങ്കില്‍ വിക്കിപീഡിയയില്‍ ജനങ്ങള്‍ എഴുതിച്ചേര്‍ത്തത് ദശലക്ഷക്കണക്കിന് ലേഖനങ്ങളാണ്. എന്‍കാര്‍ട്ട ഇറങ്ങിയ ഭാഷകളും കുറവായിരുന്നു.

‘റീഡ് ഒണ്‍ലി’ ആയിരുന്ന എന്‍കാര്‍ട്ടയ്ക്ക് 2005-ഓടെ ചില അയവുകള്‍ വന്നു. ഉള്ളടക്കത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാം. എന്നാല്‍ പണം കൊടുത്തുവാങ്ങേണ്ട എന്‍കാര്‍ട്ടയിലേയ്ക്ക് സംഭാവന ചെയ്തവര്‍ക്കാര്‍ക്കും മൈക്രോസോഫ്റ്റ് പ്രതിഫലമൊന്നും നല്‍കിയില്ല.

ഒടുവില്‍ 2009 മാര്‍ച്ചില്‍ എന്‍കാര്‍ട്ടയുടെ അന്ത്യം മൈക്രോസോഫ്റ്റ് തന്നെ പ്രഖ്യാപിച്ചു. ഡിസ്ക്, ഓണ്‍ലൈന്‍ എന്നീ രണ്ട് രൂപങ്ങള്‍ക്കും അത് ബാധകമായിരുന്നു (വാര്‍ഷികവരിസംഖ്യയുടെ അടിസ്ഥാനത്തിലായിരുന്നു ഓണ്‍ലൈന്‍ എന്‍കാര്‍ട്ടയുടെ ഉപയോഗം). ബ്രിട്ടാനിക്ക ഒരിയ്ക്കലും എന്‍കാര്‍ട്ടയ്ക്ക് ഒരു തടസമായിരുന്നില്ല. അപ്പോള്‍പ്പിന്നെ മൈക്രോസോഫ്റ്റിന് വിലങ്ങുതടിയായത് സ്വതന്ത്രസോഫ്റ്റ്‌വെയറായ വിക്കിപീഡിയ തന്നെയാണെന്ന് മനസ്സിലാക്കാം.

വിമര്‍ശനങ്ങള്‍

ഒട്ടേറെ വിമര്‍ശനങ്ങള്‍ വിക്കിപീഡിയയ്ക്ക് നേരെ ഉയര്‍ന്നിട്ടുണ്ട്. ലേഖനങ്ങളുടെ ഗുണനിലവാരം മുതല്‍ സാമൂഹികമായ ഘടകങ്ങള്‍ വരെ അതില്‍പ്പെടും.

ലേഖനങ്ങളുടെ ആധികാരികതയാണ് പ്രധാനപ്രശ്നം. ഇന്റര്‍നെറ്റില്‍ ലഭ്യമായ അനേകം കിംവദന്തികള്‍ വച്ചുനോക്കുമ്പോള്‍ വിക്കിപീഡിയ എത്രയോ വിശ്വസ്തമാണ്. ലേഖനങ്ങള്‍ വസ്തുനിഷ്ഠമായി തുടരാന്‍ വളണ്ടിയര്‍മാര്‍ രാപകല്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ബ്രിട്ടാനിക്ക പോലെ ഒരു കേന്ദ്രീകൃത വിജ്ഞാനകോശത്തിന് അവകാശപ്പെടാവുന്ന ആധികാരികത വിക്കിപീഡിയയ്ക്കുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. ആര്‍ക്കും ഉത്തരവാദിത്തമില്ലാത്തതാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ വിക്കിപീഡിയയിലെ ഏതൊരു ലേഖനവും.

വിക്കിപീഡിയയ്ക്ക് പരസ്യങ്ങളിടാന്‍ താത്പര്യമില്ലെന്ന് പറഞ്ഞല്ലോ. എന്നാല്‍ ആദ്യകാലത്ത് വിക്കിപീഡിയയില്‍ പരസ്യങ്ങള്‍ വന്നേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനോട് വിക്കിപീഡിയയുടെ സ്പാനിഷ് വിഭാഗത്തിന് യോജിക്കാനായില്ല. 2002-ല്‍ അവര്‍ സ്പാനിഷ് വിക്കിപീഡിയയില്‍നിന്ന് 'എന്‍സൈക്ലോപീഡിയ ലിബര്‍' എന്ന പുതിയ സംരംഭം രൂപീകരിച്ചു. ഇതേത്തുടര്‍ന്ന് ജിമ്മി വെയ്ല്‍സ് നയം വ്യക്തമാക്കി: വിക്കിപീഡിയയില്‍ പരസ്യങ്ങളുണ്ടാവില്ല. മാത്രമല്ല, wikipedia.com എന്ന വിലാസത്തിനുപകരം wikipedia.org തെരഞ്ഞെടുക്കുകയും ചെയ്തു.

എഡിറ്റര്‍മാരുടെ കൂട്ടത്തില്‍ സ്ത്രീസാന്നിദ്ധ്യം കുറവാണ് എന്നതും ഒരു പ്രശ്നമായി പറയാറുണ്ട്. തൊണ്ണൂറുശതമാനത്തോളം എഡിറ്റര്‍മാരും പുരുഷന്മാരാണ്. ഇത് ലേഖനങ്ങളിലെ ലിംഗസമത്വത്തിന് തടസ്സമാകുന്നു എന്നാണ് വാദം.

വിക്കിപീഡിയയുടെ ഏതാനും സഹോദരസംരംഭങ്ങള്‍

  • wiktionary.org -- നിഘണ്ടു
  • wikiquote.org -- ഉദ്ധരണികള്‍
  • wikisource.org -- പകര്‍പ്പവകാശം ബാധകമല്ലാത്ത/തീര്‍ന്ന പുസ്തകങ്ങള്‍
  • wikibooks.org -- പുതിയതായി എഴുതപ്പെടുന്ന സ്വതന്ത്രപുസ്തകങ്ങള്‍
  • wikinews.org -- വാര്‍ത്തകള്‍
  • commons.wikimedia.org -- മള്‍ട്ടിമീഡിയ ഉള്ളടക്കം
  • wikivoyage.org -- വഴികാട്ടി
  • wikiversity.org -- പഠനവിഭവങ്ങള്‍
  • species.wikimedia.org -- ജീവജാതി ഡേറ്റാബെയ്സ്

Keywords (click to browse): wikipedia wiki encyclopedia wikimedia-foundation free-software jimmy-wales larry-sanger richard-stallman general-knowledge mathrubhumi exams technology information facts current-affairs