ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ഉള്ളിലുള്ള എഴുത്ത് കംപ്യൂട്ടറിന് ചിത്രം മാത്രമാണ്. ഇത് കോപ്പി ചെയ്യാനോ സ്ക്രീന്‍ റീഡര്‍ ഉപയോഗിച്ച് വായിച്ചുകേള്‍ക്കാനോ കഴിയില്ല. അങ്ങനെ വേണമെങ്കില്‍ ചിത്രത്തെ 'ടെക്സ്റ്റ്' ആക്കി മാറ്റണം. അതിനുള്ള സംവിധാനമാണ് ഓസിആര്‍ (ഒപ്റ്റിക്കല്‍ ക്യാരക്റ്റര്‍ റെക്കഗ്നിഷന്‍). ഓസിആര്‍ ആപ്പുകള്‍ ചിലരെങ്കിലും ഉപയോഗിച്ചിട്ടുണ്ടാകും.
എന്നാല്‍ ആപ്പൊന്നുമില്ലാതെ ബ്രൌസറിനുള്ളില്‍ത്തന്നെ ഇതുചെയ്യാനായാലോ? അതിനുപറ്റിയ ഒരു എക്സ്റ്റന്‍ഷനാണ് 'കോപ്പിഫിഷ്'. a9t9.com/copyfish സന്ദര്‍ശിച്ചാല്‍ ഫയര്‍ഫോക്സിലും ക്രോമിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കുകള്‍ കാണാം. ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ബ്രൌസറിന്റെ ടൂള്‍ബാറില്‍ ഒരു മത്സ്യത്തിന്റെ ചിത്രം വരും. ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഇതില്‍ ക്ലിക്കുചെയ്ത് ആവശ്യമുള്ള സ്ഥലത്ത് ഡ്രാഗുചെയ്ത് ചതുരം വരച്ചാല്‍ അതിനുള്ളിലെ എഴുത്ത് കോപ്പിചെയ്യാവുന്ന രൂപത്തിലാവും.
മൊഴിമാറ്റം (Translate) നടത്താനും കോപ്പിഫിഷില്‍ സൌകര്യമുണ്ട്. തത്കാലം ഇതിന് മലയാളം കൈകാര്യം ചെയ്യാനാവില്ല.
Keywords (click to browse): copyfish ocr translate browser-addon firefox chrome extension a9t9.com kids computer tech-tips technology balabhumi mathrubhumi