Nandakumar Edamana
Share on:
@ R t f

എല്ലാമോര്‍ക്കുന്ന മെമെക്സ്


മുമ്പൊരിക്കല്‍ സന്ദര്‍ശിച്ച വെബ്‍സൈറ്റ് വീണ്ടുമെടുക്കാന്‍ എന്തുചെയ്യും? ബ്രൌസറിന്റെ ഹിസ്റ്ററിയില്‍ പരതും, അല്ലേ? എന്നാല്‍ സൈറ്റിന്റെ പേരൊന്നും ഓര്‍മയില്ലെങ്കില്‍ അതുകൊണ്ട് കാര്യമില്ല. പേജിനുള്ളിലെ ഓര്‍മയുള്ള ഒരു വരി വച്ച് വെബ്ബില്‍ തിരയാമെന്നുവച്ചാല്‍ ആയിരക്കണക്കിന് സൈറ്റുകളും വരും. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒരു ബ്രൌസര്‍ എക്സ്റ്റന്‍ഷനാണ് 'മെമെക്സ്' (Memex). worldbrain.io സന്ദര്‍ശിച്ചാല്‍ ഇത് ഫയര്‍ഫോക്സിലും ക്രോമിലും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം. ഡേറ്റയെല്ലാം നമ്മുടെ കംപ്യൂട്ടറിലേ സൂക്ഷിക്കൂ എന്നതുകൊണ്ട് സ്വകാര്യതയ്ക്കും ഭീഷണിയില്ല.

എന്താണ് ഈ എക്സ്റ്റന്‍ഷന്‍ കൊണ്ടുള്ള ഗുണം? ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ബ്രൌസറിന്റെ വലത്ത് മുകളില്‍ അതിന്റെ ഐക്കണെത്തും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന സേര്‍ച്ച് സൌകര്യമുപയോഗിച്ച് നാം മുമ്പ് സന്ദര്‍ശിച്ച പേജുകള്‍ക്കും പിഡിഎഫുകള്‍ക്കുമെല്ലാമുള്ളില്‍ തിരയാം. ബുക്മാര്‍ക്കിങ്ങിനും ഹൈലൈറ്റിങ്ങിനുമെല്ലാം (അടയാളപ്പെടുത്തല്‍) സൌകര്യമുണ്ട്. സ്ക്രീന്‍ഷോട്ടും കാണാം.

എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം സന്ദര്‍ശിക്കുന്ന പേജുകളില്‍ മാത്രമേ കാര്യമായ തിരച്ചില്‍ നടക്കൂ എന്നോര്‍ക്കണേ.


Keywords (click to browse): memex browsing-history search browser-extension web kids computer tech-tips technology balabhumi mathrubhumi