അയല്‍പക്കത്തേക്ക് പോകുമ്പോള്‍ പോലും ഗൂഗിള്‍ മാപ്പെടുത്ത് നോക്കാറുണ്ട് പലരും. നടത്തത്തിന് ഒരു സാഹസികയാത്രയുടെ ഗമയുണ്ടാകുമപ്പോള്‍. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴാകട്ടെ പൊങ്ങച്ചത്തിനപ്പുറം ഈ ആപ്പുകള്‍ ശരിക്കും രക്ഷകരാവുകയും ചെയ്യും. എന്നാല്‍ ഗൂഗിളിന് മാത്രമേ മാപ്പുള്ളൂ എന്ന് കരുതരുത്. ഒരുപാട് മാപ്പ് സേവനങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്' (openstreetmap.org).
വിക്കിപീഡിയ പോലെ ജനകീയമായ ഒന്നാണ് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്. അതായത്, ഇതിലേക്ക് നമുക്കെല്ലാം വിവരങ്ങള്‍ ചേര്‍ക്കാനാകും. ജിപിഎസ് ഉപകരണങ്ങളുടെ സഹായത്തോടെ സര്‍വേയൊക്കെ നടത്തി കേരളത്തിലടക്കം പലരും ഇങ്ങനെ വിവരങ്ങള്‍ ചേര്‍ക്കുന്നുണ്ട്. അതൊന്നുമില്ലെങ്കിലും മൊബൈലില്‍ ഓഎസ്എം ഉപയോഗിക്കുമ്പോള്‍ അത് നമ്മോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തുതന്നെ വിവരങ്ങള്‍ ചേര്‍ക്കാം.
സൈന്‍ ഇന്‍ ചെയ്തുപയോഗിക്കുമ്പോള്‍ മാപ്പടക്കം നിങ്ങളുപയോഗിക്കുന്ന കാര്യങ്ങളെല്ലാം ഗൂഗിളിന് മനസ്സിലാക്കാനാകും. എന്നാല്‍ ഓപ്പണ്‍ സ്ട്രീറ്റ്മാപ്പ് കുറേക്കൂടി സ്വകാര്യമാണ്.
ഗൂഗിള്‍ മാപ്പിനോട് വിരോധമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റു മാപ്പിങ് സേവനങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എപ്പോള്‍ എതാണ് ഉപകരിക്കുക എന്ന് പറയാനാകില്ലല്ലോ.