NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.
അക്ഷരത്തെറ്റുകള്‍ക്ക് നാമാരും മാപ്പുകൊടുക്കാറില്ല. എന്നാല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തിലാകട്ടെ, അക്ഷരത്തെറ്റുള്ള ഒരു വാക്കു മറന്നാല്‍ നമുക്കാരും മാപ്പു തരില്ല -- അതെ, 'ഗൂഗ്ള്‍'! ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയും ഏറ്റവും പ്രചാരമുള്ള വെബ്സൈറ്റിന്റെ ഉടമയുമായ ഗൂഗ്ള്‍ പലര്‍ക്കും ഇന്റര്‍നെറ്റിന്റെ പര്യായം തന്നെയാണ്. ഒന്നു കഴിഞ്ഞ് നൂറു പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയായ 'ഗൂഗോള്‍' (Googol) ആണ് അക്ഷരത്തെറ്റുവഴി ഗൂഗ്ള്‍ (Google) ആവുന്നത്. പക്ഷേ അപ്പോഴും അര്‍ത്ഥം തെറ്റുന്നില്ല -- കോടിക്കണക്കിന് സേര്‍ച്ച് ഫലങ്ങളും വിലമതിക്കാനാവാത്ത ജനപ്രീതിയുമായി അത് ജൈത്രയാത്ര തുടരുന്നു.
ബാക്ക്റബ് മുതല്‍ ആല്‍ഫബെറ്റ് വരെ
പല പ്രധാനപ്പെട്ട കണ്ടെത്തലുകളുമുണ്ടായിട്ടുള്ളത് മറ്റെന്തിനെല്ലാമോ വേണ്ടിയുള്ള തിരച്ചിലുകള്‍ക്കിടയിലാണ്. ഗൂഗ്ളിന്റെ ചരിത്രവും ഏതാണ്ട് അങ്ങനെതന്നെയാണ്.
ഇന്ന് ഗൂഗ്ള്‍ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് സേര്‍ച്ച്, ചിലര്‍ക്ക് മെയില്‍, ചിലര്‍ക്ക് യൂട്യൂബ്, ... അങ്ങനെ പോകുന്നു ആ നിര. പല മുഖങ്ങളുണ്ടായാലും അടിസ്ഥാനപരമായി ഗൂഗ്ള്‍ ഒരു സേര്‍ച്ച് എന്‍ജിന്‍ തന്നെയാണ്. അലക്സ റാങ്ക് പ്രകാരം ലോകത്തെ ഏറ്റവും പ്രചാരമുള്ള വെബ്സൈറ്റാണ് ഗൂഗ്ള്‍.കോം. ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സേര്‍ച്ച് എന്‍ജിനായ ഇത് അനുദിനം പത്തുകോടിയോളം സേര്‍ച്ച് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നു.
ഇന്റര്‍നെറ്റ് വലിയൊരു വിജ്ഞാനശേഖരമായിരിക്കാം. പക്ഷേ അതില്‍ തിരിച്ചില്‍ നടത്താനുള്ള സേര്‍ച്ച് എന്‍ജിനുകളില്ലെങ്കില്‍ നമ്മുടെ വെബ് അനുഭൂതി വിലാസമറിയാവുന്ന ഏതാനും വെബ്സൈറ്റുകളിലേക്കൊതുങ്ങും. എന്നാല്‍ ഇന്നോ, google.com എന്ന ഒരൊറ്റ വിലാസമറിഞ്ഞാല്‍ വെബ്ബിന്റെ വലിയൊരു ഭാഗം നമുക്ക് ലഭ്യമായി.
ഗൂഗ്ള്‍ മാത്രമല്ല സേര്‍ച്ച് എന്‍ജിനായിട്ടുള്ളത്. ആദ്യത്തെ സേര്‍ച്ച് എന്‍ജിന്‍ എന്ന ഖ്യാതിയും ഗൂഗ്ളിനില്ല (1990-ല്‍ തയ്യാറായ Archie ആണ് ആദ്യത്തെ ഇന്റര്‍നെറ്റ് സേര്‍ച്ച് എന്‍ജിന്‍ എന്ന പറയപ്പെടുന്നു). ഗൂഗ്ളിനെ ശ്രദ്ധേയമാക്കിയത് സേര്‍ച്ച് ഫലങ്ങളെ പ്രാധാനപ്പെട്ടത് ആദ്യം എന്ന ക്രമത്തില്‍ അവതരിപ്പിക്കാനുള്ള കഴിവാണ്. ഈ കഴിവിന് കാരണമായ ഗവേഷണം തുടങ്ങുമ്പോള്‍ ഒരു സേര്‍ച്ച് എന്‍ജിന്‍ എന്ന സങ്കല്‍പ്പമല്ല സ്ഥാപകരുടെ മനസ്സിലുണ്ടായിരുന്നത് എന്നതാണ് ഏറ്റവും രസകരം.
1995-ലാണ് കാര്യങ്ങളുടെ തുടക്കം. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ (Stanford University) ഗവേഷണവിദ്യാര്‍ത്ഥിയായ ലാറി പേജ് (Larry Page) തന്റെ ഗവേഷണത്തിനായി അനുയോജ്യമായ ഒരു വിഷയം തേടുകയായിരുന്നു. ഒടുവില്‍ ഒരു വെബ്പേജിലേക്ക് മറ്റേതെല്ലാം പേജുകളില്‍നിന്ന് ലിങ്കുണ്ടെന്ന് (backlinks) കണ്ടെത്താനും അതിന്റെ എണ്ണം വഴി പേജിന്റെ മൂല്യം കണക്കാക്കാനുമുള്ള ഒരു പദ്ധതി അദ്ദേഹം രൂപീകരിച്ചു. 'ബാക്ക്റബ്' (BackRub) എന്ന് പേരിട്ട ഈ സംരംഭത്തില്‍ മറ്റൊരു ഗവേഷണവിദ്യാര്‍ത്ഥിയായ സേര്‍ജി ബ്രിന്നും (Sergey Brin) പങ്കുചേര്‍ന്നു. വെബ്പേജുകളുടെ പ്രാധാന്യമളക്കാനായി ഇവര്‍ രൂപം കൊടുത്ത അല്‍ഗൊരിതമാണ് 'പേജ്റാങ്ക്' (ഇത് ഇന്നും ഗൂഗ്ളിന് ശക്തിപകരുന്നു).
ബാക്ക്റബ് വഴി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോഴാണ് അവര്‍ അത് തിരിച്ചറിഞ്ഞത് -- ലിങ്കുകള്‍ അളന്ന് വെബ്സൈറ്റുകളെ ക്രമീകരിക്കുമ്പോള്‍ മറ്റേത് സേര്‍ച്ച് എന്‍ജിനേക്കാളും 'ബുദ്ധിപരമായ' പട്ടികയാണ് ബാക്ക്റബ് തരുന്നത്. തീര്‍ത്തും ഗണിതപരമായ തങ്ങളുടെ സംരംഭത്തെ ഉപയോഗപ്രദമായ ഒരു സേര്‍ച്ച് എന്‍ജിനാക്കി മാറ്റാം!
തങ്ങളുടെ കണ്ടെത്തല്‍ ആര്‍ക്കെങ്കിലും വില്‍ക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെങ്കിലും അത് പരാജയപ്പെട്ടതിനാല്‍ സ്വയം കമ്പനി തുടങ്ങേണ്ട അവസ്ഥയിലായി എന്ന് കഥകളുണ്ട്. അതെന്തുതന്നെയായാലും 1998 സെപ്റ്റംബര്‍ 4-ന് ഗൂഗ്ള്‍ ഇന്‍കോര്‍പ്പറേറ്റഡിന് ഔപചാരികതുടക്കമായി. സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ ആന്‍ഡി ബെച്ചോള്‍ഷിം (Andy Bechtolsheim) നല്‍കിയ ഒരുലക്ഷം ഡോളറായിരുന്നു കമ്പനിയുടെ മുലധനം.
പിന്നീട് ഇ-മെയില്‍ അടക്കമുള്ള പുതിയ സേവനങ്ങള്‍ തുടങ്ങിയും ബ്ലോഗറിനെയും യൂട്യൂബിനെയുമെല്ലാം ഏറ്റെടുത്തും ഗൂഗ്ള്‍ വളര്‍ന്നു. സൗജന്യസേവനങ്ങള്‍ക്കൊപ്പം ബിസിനസ് സൊല്യൂഷനുകളും പരസ്യസേവനങ്ങളും ഗൂഗ്ളിനുണ്ടായി. കമ്പ്യൂട്ടറുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത മേഖലകളില്‍പ്പോലും ഗവേഷണവുമായി. 2004-ല്‍ത്തന്നെ കാലിഫോര്‍ണിയയിലെ മൗണ്ടിന്‍ വ്യൂവിലുള്ള 'ഗൂഗ്ള്‍പ്ലക്സ്' (Googleplex) എന്ന പുതിയ ആസ്ഥാനത്തിലേക്ക് കമ്പനി മാറിയിരുന്നു.
സ്വയം താങ്ങാനാവാത്ത നിലയിലേക്ക് ഗൂഗ്ള്‍ വളര്‍ന്നപ്പോള്‍ പക്ഷേ അനിഷ്ടമൊന്നും സംഭവിച്ചില്ല. 2015-ല്‍ നടത്തിയ ചെറിയൊരു പുനഃസംഘടനയിലൂടെ ആല്‍ഫബെറ്റ് എന്ന പുതിയ സ്ഥാപനത്തിന്റെ കീഴിലായി ഗൂഗ്ള്‍. ഗൂഗ്ളിന്റെ വൈവിദ്ധ്യമാര്‍ന്ന സേവനങ്ങള്‍ കൂടുതല്‍ അടുക്കം ചിട്ടയുമായി ആല്‍ഫബെറ്റിനുകീഴില്‍ പ്രവര്‍ത്തനം തുടരുന്നു.
പണം കൊയ്യാം, തല കൊയ്യാതെ
ഒരിക്കലും നില്‍ക്കാത്ത തേവുചക്രങ്ങളും സ്വയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളുമൊന്നും (perpetual motion machines) ബിസിനസ്സിന്റെ ഭാവനയിലില്ല. ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ ലാഭം. എന്നാല്‍ ഗൂഗ്ളിന്റെ കഥയോ, സേര്‍ച്ചും ജീമെയിലും ആന്‍ഡ്രോയിഡും വരെ സൗജന്യമായി നല്‍കിയിട്ടും അത് കോടികള്‍ കൊയ്യുന്നു. എന്താണിതിന്റെ രഹസ്യം?
മാധ്യമങ്ങളുടെയെല്ലാം ലാഭത്തിന്റെ പൊതു ഉറവിടം പരസ്യമാണ്. ലോകത്തെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിലൊന്നായ ഗൂഗ്ളും ഇതേ മാര്‍ഗ്ഗമാണ് പിന്തുടരുന്നത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍.
തെറ്റു ചെയ്യാതെ പണമുണ്ടാക്കുക എന്നതാണ് ഗൂഗ്ളിന്റെ രീതി. "Don't be evil" എന്നതാണ് അവരുടെ ആപ്തവാക്യം. ജീമെയിലിന്റെ തുടക്കക്കാരനായ പോള്‍ ടി. ബുഹൈറ്റ് (Paul T. Buchheit) പ്രശസ്തമായ ഈ ആപ്തവാക്യം നിര്‍ദേശിച്ചത്. 2000-ല്‍ നടന്ന ഒരു യോഗത്തിലായിരുന്നു ഇത്. ആഡ്സെന്‍സിന്റെ രൂപകല്‍പ്പനയിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.
ഗൂഗ്ളിന്റെ പ്രധാന പരസ്യസേവനമാണ് ആഡ്സെന്‍സ് (AdSense). ഈ പരിപാടിയില്‍ പങ്കുചേര്‍ന്ന വെബ്സൈറ്റുകളിലും മറ്റും ഗൂഗ്ള്‍ പരസ്യം വിളമ്പുന്നു. അതില്‍ സന്ദര്‍ശകര്‍ ക്ലിക്ക് ചെയ്താല്‍ (അഥവാ പരസ്യം ഫലം കണ്ടാല്‍) പരസ്യമിടാന്‍ ആവശ്യപ്പെട്ട സ്ഥാപനം ഗൂഗ്ളിന് പണം നല്‍കണം. അതില്‍ ഒരു വിഹിതം വെബ്സൈറ്റ് ഉടമയ്ക്കും കിട്ടുന്നു. പരസ്യം ഫലിച്ചാല്‍ മാത്രം പണം കൊടുത്താല്‍ മതി എന്നതുകൊണ്ട് ബിസിനസ്സുകാര്‍ക്കും വലിയ മുതല്‍മുടക്കില്ലാതെ ലാഭവിഹിതം കിട്ടുന്നു എന്നതുകൊണ്ട് വെബ്സൈറ്റുടമകള്‍ക്കും ഈ പരിപാടി ഗുണകരമാണ്.
സേര്‍ച്ച് റിസള്‍ട്ടുകള്‍ക്കു സമീപം പരസ്യം കൊടുക്കാനുള്ളതാണ് ആഡ്‌വേഡ്സ് (AdWords). ഉപയോക്താക്കള്‍ എന്ത് തിരയുന്നു എന്നതിനനുസരിച്ച് പരസ്യം പ്രത്യക്ഷപ്പെടുന്നതിനാല്‍ ആഡ്‌വേഡ്സില്‍ പണം മുടക്കുന്നത് താരതമ്യേന ലാഭകരമായിരിക്കും. അനുദിനം കോടിക്കണക്കിന് സേര്‍ച്ച് നടക്കുന്നതിനാല്‍ പരസ്യദാതാക്കളില്‍നിന്ന് ചെറിയ തുക ഈടാക്കിത്തന്നെ ഗൂഗ്ളിന് വലിയ ലാഭം കൊയ്യാനാവുന്നു.
ഓവര്‍ ടൈം അല്ല, ഓഫ് ടൈം!
ജീവനക്കാരെ പിഴിയുന്നു എന്ന ചീത്തപ്പേര് ഐ.ടി. കമ്പനികള്‍ക്ക് പൊതുവെയുള്ളതാണ്. എന്നാല്‍ സ്വാതന്ത്ര്യമാണ് ക്രിയാത്മകതയുടെ ഉറവിടം എന്ന് തിരിച്ചറിഞ്ഞ സ്ഥാപനങ്ങളുമുണ്ട്. അതില്‍പ്പെട്ടതാണ് ഗൂഗ്ള്‍. അമ്പതിനായിരത്തോളം ജീവനക്കാരുള്ള ഗൂഗ്ളിലെ എന്‍ജിനീയര്‍മാര്‍ക്ക് 'ഇന്നവേഷന്‍ ടൈം ഓഫ്' എന്ന പേരില്‍ ഒരല്‍പ്പം സമയമനുവദിക്കുന്ന പതിവുണ്ട്. ജോലിസമയത്തിന്റെ ഇരുപതുശതമാനം ഇഷ്ടമുള്ള ഒരു പ്രൊജക്റ്റിനായി മാറ്റവയ്ക്കാം. അപ്രായോഗികം, പൊങ്ങച്ചം എന്നൊക്കെ കളിയാക്കാന്‍ വരട്ടെ, ഗൂഗ്ളിന്റെ ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളായ ജീമെയിലും ആഡ്‌സെന്‍സും ന്യൂസുമെല്ലാം ഇങ്ങനെയുണ്ടായതാണ്. ഒരു കാലത്ത് തരംഗമായിരുന്ന ഓര്‍ക്കുട്ട് വരെ ഇടവേളയിലെ സൃഷ്ടിയാണ്!
സഹോദരസംരംഭങ്ങള്‍
ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ഒട്ടേറെ ആവശ്യങ്ങള്‍ പരിഗണിച്ചു എന്നതാണ് ഗൂഗ്ളിന്റെ വിജയം. എല്ലാം ഒരേ കുടക്കീഴില്‍ കിട്ടുന്നത് സാധാരണക്കാരനെസ്സംബന്ധിച്ച് വലിയ സൗകര്യമാണല്ലോ. ഗൂഗ്ളിന്റെ ഏതാനും സംരംഭങ്ങളിതാ:
- ക്രോം - വെബ് ബ്രൗസര്‍
- ആഡ്‌വേഡ്സ്, ആഡ്സെന്‍സ്, മൈ ബിസിനസ് - പരസ്യം, വാണിജ്യം
- യൂട്യൂബ് - വീഡിയോ ഷെയറിങ് (പോഡ്കാസ്റ്റിങ്)
- ബുക്സ് - പുസ്തകങ്ങളില്‍ തിരയാം
- ന്യൂസ് - വിവിധ സ്രോതസ്സുകളില്‍നിന്നുള്ള വാര്‍ത്തകള്‍
- മാപ്സ്, എര്‍ത്ത് - ഭൂപടം, ഭൂഗോളം
- സ്കോളാര്‍ - ഗവേഷണപ്രബന്ധങ്ങളില്‍ തിരയാം
- ജീമെയില്‍ - ഇ-മെയില്‍
- ഡ്രൈവ് - ഓണ്‍ലൈന്‍ (ക്ലൗഡ്) സ്റ്റോറേജ്
- ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്സ്, ഫോംസ്, ഡ്രോയിങ്സ് - ഓഫീസ് സ്യൂട്ട്
- സൈറ്റ്സ് - വെബ്സൈറ്റ് നിര്‍മ്മാണം
- കലണ്ടര്‍ - സമയക്രമീകരണത്തിനും മറ്റും
- ട്രാന്‍സ്‌ലേറ്റ് - പരിഭാഷ
- ഗൂഗ്ള്‍ പ്ലസ് - സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്
- ബ്ലോഗര്‍ - ബ്ലോഗിങ് സേവനം
- ഗ്രൂപ്സ് - ചര്‍ച്ചാവേദികള്‍
- ഹാങ്ങൗട്ട്സ് - ചാറ്റിങ്
- കോഡ് - ഡെവലപ്പര്‍മാര്‍ക്കുള്ള വിഭവങ്ങള്‍
ഇതിനെല്ലാം പുറമെ ആല്‍ഫബെറ്റിന് കീഴിലുള്ള 'ഗൂഗ്ള്‍ എക്സ്' എന്ന വിഭാഗം കൃത്രിമബുദ്ധി, ആരോഗ്യരക്ഷ, ബയോടെക്നോളജി തുടങ്ങി വിവിധ മേഖലയില്‍ ഗവേഷണം നടത്തിവരുന്നു.
നാള്‍വഴി
- സെപ്റ്റംബര്‍ 15, 1997: google.com എന്ന ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
- സെപ്റ്റംബര്‍ 4, 1998: ഗൂഗ്ള്‍ ഇന്‍കോര്‍പ്പറേറ്റഡിന് ഔപചാരികതുടക്കം.
- 1998 അവസാനമാവുമ്പോഴേക്കും ഗൂഗ്ളില്‍ ആറുകോടി വെബ് പേജുകളുടെ ഇന്‍ഡക്സ്.
- ഫെബ്രുവരി 2003: ബ്ലോഗറിന്റെ ഉടമസ്ഥരായ പൈറ ലാബ്സിനെ (Pyra Labs) ഗൂഗ്ള്‍ ഏറ്റെടുത്തു.
- ജനുവരി 2004: ഓര്‍ക്കുട്ടിന് തുടക്കം.
- ഏപ്രില്‍ 1, 2004: ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമായുള്ള ജിമെയിലിന്റെ സ്വകാര്യപതിപ്പിന് തുടക്കം.
- നവംബര്‍ 13, 2006: ഒക്റ്റോബര്‍ 9-ന് നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് യൂട്യൂബിനെ ഏറ്റെടുത്തു.
- ഫെബ്രുവരി 7, 2007: ജിമെയില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
- ജൂണ്‍ 2011: ഗൂഗ്ള്‍ പ്ലസ്സിന് തുടക്കം.
- സെപ്റ്റംബര്‍ 30, 2014: ഓര്‍ക്കുട്ട് നിര്‍ത്തലാക്കി.
- 2015: കമ്പനി പുനഃസംഘടന. ഗൂഗ്ള്‍, ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയുടെ കീഴിലാകുന്നു. സി.ഇ.ഒ. ആയി സുന്ദര്‍ പിച്ചായി സ്ഥാനമേല്‍ക്കുന്നു.
സ്ഥാപകര്‍
ലാറി പേജ് (Lawrence "Larry" Page)
യു.എസ്സിലെ മിഷിഗണില്‍ 1973 മാര്‍ച്ച് 26-ന് ജനനം. പേജ്റാങ്ക് അല്‍ഗൊരിതത്തിന്റെ ഉപജ്ഞാതാവ്. 2004-ലെ മാര്‍ക്കോണി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. ഇപ്പോള്‍ ആല്‍ഫബെറ്റിന്റെ സി.ഇ.ഒ. ആയി സേവനമനുഷ്ഠിക്കുന്നു. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം കോടീശ്വരന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണിദ്ദേഹം.
സേര്‍ജി ബ്രിന്‍ (Sergey Mikhaylovich Brin)
മോസ്കോയില്‍ 1973 ഓഗസ്റ്റ് 21-ന് ജനനം (ഇപ്പോള്‍ അമേരിക്കന്‍ പൗരന്‍). സാമ്പത്തികരംഗത്തും മറ്റും ഒട്ടേറെ അംഗീകാരങ്ങള്‍ നേടി. ലാറിയ്ക്കൊപ്പം ഇദ്ദേഹത്തിനും മാര്‍ക്കോണി പുരസ്കാരം കിട്ടിയിരുന്നു. ഗൂഗ്ളിന്റെ ഗവേഷണവിഭാഗമായ എക്സിന് നേതൃത്വം കൊടുക്കുന്നത് സേര്‍ജി ബ്രിന്‍ ആണ്. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം കോടീശ്വരന്മാരുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണിദ്ദേഹം.
കടപ്പാട്
stanford.edu
wikipedia.org
google.com
Keywords (click to browse): google history-of-google alphabet larry-page sergey-brin googol googleplex general-knowledge mathrubhumi exams technology information facts current-affairs