അയച്ച നിമിഷം തന്നെ ലക്ഷ്യത്തിലെത്തുന്ന കത്ത്. എഴുത്തിനും ചിത്രത്തിനും പുറമെ ശബ്ദവും ചലച്ചിത്രവും ഉള്‍പ്പെടുത്താവുന്ന കത്ത്. ഒരായിരം പേര്‍ക്ക് ഒന്നിച്ചയയ്ക്കാവുന്ന കത്ത്. അതാണ് ഇ-മെയില്‍. ആളെക്കണ്ടുസംസാരിക്കാവുന്ന വീഡിയോ ചാറ്റും മറ്റും വന്നിട്ടും ഇ-മെയിലിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഔപചാരികമായ കത്തിടപാടിന്റെ ആധുനികരീതിയായി അത് തുടരുകതന്നെ ചെയ്യുന്നു. മാത്രമല്ല, വാട്സ്ആപ്പ് പോലുള്ള സേവനങ്ങളിലൂടെ രേഖകളും ചിത്രങ്ങളും അയയ്ക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ശരിയായ രീതി ഇ-മെയിലാണെന്നും മനസ്സിലാക്കുക.
എന്താണ് ഇ-മെയില്‍, അത് എങ്ങനെ ഉപയോഗിക്കാം എന്നെല്ലാം പറഞ്ഞുതരുന്നതാണ് ഈ അദ്ധ്യായം. തീര്‍ത്തും ലളിതമായാണ് തുടങ്ങുന്നതെങ്കിലും പതിവായി ഇ-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക അറിവിനായുള്ള കാര്യങ്ങളും ചേര്‍ത്തിട്ടുണ്ട്.
എന്താണ് ഇ-മെയില്‍?
ഇ-മെയിലിന്റെ സവിശേഷതകള്‍ നാം ആദ്യം തന്നെ പറഞ്ഞു. കുറേക്കൂടി വ്യക്തമായി നിര്‍വചിച്ചാല്‍ ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്ന ഇലക്ട്രോണിക് കത്താണ് ഇ-മെയില്‍ (സ്വകാര്യ നെറ്റ്‌വര്‍ക്കുകളിലും ഉപയോഗിക്കാം). പരമ്പരാഗതമായ കത്തിടപാടിന് തപാല്‍വിലാസം ഉപയോഗിക്കുന്നതുപോലെ ഇ-മെയില്‍ ആശയവിനിമയത്തിന് ഇ-മെയില്‍ ഐ.ഡി.കള്‍ ഉപയോഗിക്കുന്നു. അയയ്ക്കുന്നയാള്‍ അയാളുടെ കംപ്യൂട്ടറോ ഫോണോ ഉപയോഗിച്ച് സന്ദേശം 'കമ്പോസ്' ചെയ്യുകയും സ്വീകര്‍ത്താക്കളുടെ ഇ-മെയില്‍ വിലാസങ്ങള്‍ ചേര്‍ത്ത ശേഷം 'സെന്‍ഡ്' ചെയ്യുകയും ചെയ്യുന്നു. അല്‍പ്പസമയത്തിനകം സന്ദേശം സ്വീകര്‍ത്താവിന്റെ 'ഇന്‍ബോക്സി'ലെത്തുന്നു. സ്വീകര്‍ത്താവ് എപ്പോഴാണോ തന്റെ ഇന്‍ബോക്സ് തുറക്കുന്നത്, അപ്പോള്‍ ഈ സന്ദേശം കാണാം.
ഇത് ഒറ്റയടിക്കുള്ള നിര്‍വചനം മാത്രം. ഒരോന്നും നമുക്ക് ചെയ്തുതന്നെ മനസ്സിലാക്കാം.
BOX ITEM: ഇ-മെയില്‍ വിലാസം
ഒരു ഇ-മെയില്‍ ഉപയോക്താവിനെ തിരിച്ചറിയാനുള്ള ഉപാധിയാണ് ഇ-മെയില്‍ വിലാസം അഥവാ ഇ-മെയില്‍ ഐ.ഡി. രണ്ടാള്‍ക്ക് ഒരേ വിലാസം ഉണ്ടായിരിക്കുക സാദ്ധ്യമല്ല. അതായത്, user@example.com പോലുള്ള ചെറിയൊരു വിലാസം ഉപയോഗിച്ചുതന്നെ കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍നിന്ന് നിങ്ങളുദ്ദേശിച്ചയാളെ ചൂണ്ടിക്കാട്ടാനാവും (ഇവിടെയും ആള്‍മാറാട്ടവും ചാരപ്രവര്‍ത്തനവുമെല്ലാമുണ്ട്; വഴിയേ പറയാം).
username@domain എന്ന മട്ടിലാണ് ഒരു ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കുക (ശാസ്ത്രീയമായി local-part, at symbol, domain-part എന്നിങ്ങനെയാണ് ഘടകങ്ങള്‍ക്ക് പേരുകള്‍). ഏത് സെര്‍വര്‍കംപ്യൂട്ടറിലാണ് അയാളുടെ ഇ-മെയില്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത് എന്നതാണ് domain സൂചിപ്പിക്കുന്നത്. ഇതൊരു ഡൊമെയ്ന്‍ നാമമോ (ഉദാ: mail.google.com) ഐ.പി. വിലാസമോ ഒക്കെ ആകാം. സാധാരണയായി വെബ്സൈറ്റുകളോട് ചേര്‍ന്നാണ് ഇ-മെയില്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്. അതിനാല്‍ മിക്കവാറും ഇതൊരു വെബ്സൈറ്റിന്റെ വിലാസമായിരിക്കും. username സൂചിപ്പിക്കുന്നത് ഉപയോക്താവിനെത്തന്നെ. ഉദാഹരണത്തിന്, mickeymouse@disney.com എന്നൊരു വിലാസമുണ്ടെങ്കില്‍ അത് disney.com-ല്‍ ഹോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള mickeymouse-ന്റെ ഇ-മെയില്‍ അക്കൗണ്ടിനെ സൂചിപ്പിക്കുന്നു.
അക്കൗണ്ട് തുറക്കാം
ഒരു ഇ-മെയില്‍ അക്കൗണ്ട് തുടങ്ങാനാഗ്രഹിക്കുന്നയാള്‍ക്കു മുന്നില്‍ മൂന്നു വഴികളാണുള്ളത്:
- സ്വന്തം ഡൊമൈനില്‍ അക്കൗണ്ട് തുടങ്ങുക
- വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു സേവനത്തില്‍ കാശുകൊടുത്ത് അക്കൗണ്ട് തുടങ്ങുക
- ഏതെങ്കിലുമൊരു സൗജന്യ സേവനത്തില്‍ അക്കൗണ്ട് തുടങ്ങുക
ഒരു തുടക്കക്കാരന്‍ സ്വാഭാവികമായും അവസാനം പറഞ്ഞ വഴിയാണ് തിരഞ്ഞെടുക്കുക. സൗജന്യമാണെന്നുകരുതി അതിന്റെ യാതൊരു കുറവും ഇവയ്ക്കില്ലെന്നതാണ് ആശ്വാസകരം. ജിമെയില്‍ എന്ന സൗജന്യസേവനം അനുവദിക്കുന്നത് 15 ജി.ബി. സംഭരണശേഷിയാണ്. പുറമെ മറ്റു സേവനങ്ങള്‍ക്ക് അവകാശപ്പെടാനാവാത്ത അധികസൗകര്യങ്ങളും. ഇത്ര കാലം കഴിഞ്ഞാല്‍പ്പിന്നെ പണമടച്ചേ ഉപയോഗിക്കാവൂ എന്നൊന്നും പറയുന്നുമില്ല. അതുകൊണ്ട് കണ്ണുംപൂട്ടി ഒരു സൗജന്യ ഇ-മെയില്‍ അക്കൗണ്ട് തുടങ്ങാം.
ബിസിനസ്സുകാര്‍ക്കും മറ്റും ഇതില്‍ വരാവുന്ന ചെറിയൊരു പ്രശ്നം വിലാസത്തിന്റെ കാര്യം മാത്രമാണ്. MyEnterprises എന്നൊരു സ്ഥാപനം നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ mail@myenterprises.com പോലുള്ള 'പ്രൊഫഷണല്‍' വിലാസത്തിനുപകരം myenterprises16@gmail.com പോലുള്ള വിലാസങ്ങളില്‍ തൃപ്തിപ്പെടേണ്ടിവരും. പണമടച്ചാല്‍ അതിന് പരിഹാരമുണ്ടുതാനും.
നമുക്കേതായാലും ഇപ്പോള്‍ ഒരു അക്കൗണ്ട് തുടങ്ങിക്കിട്ടണമെന്നല്ലേയുള്ളൂ. ജിമെയില്‍, യാഹൂ!, മെയില്‍.കോം തുടങ്ങി ഒട്ടേറെ സൗജന്യ ഇ-മെയില്‍ അക്കൗണ്ടുകളുണ്ട്. ഗൂഗ്ളിന്റെ സേവനങ്ങളായിരിക്കും നാം അധികവും ഉപയോഗിക്കുന്നത് എന്നതിനാല്‍ ജിമെയിലില്‍ അക്കൗണ്ടെടുക്കുന്നതാണ് നല്ലത്. അതാവുമ്പോള്‍ യൂട്യൂബ് അടക്കമുള്ള സേവനങ്ങളില്‍ ഒറ്റയടിക്ക് അക്കൗണ്ടായിക്കിട്ടും. മറ്റു സേവനങ്ങള്‍ക്ക് തരാനാവാത്ത ഒരുപാട് സൗകര്യങ്ങളും കിട്ടും.