Nandakumar Edamana
Share on:
@ R t f

പറഞ്ഞോളൂ, കംപ്യൂട്ടര്‍ എഴുതിയെടുക്കും!


കംപ്യൂട്ടറുപയോഗിച്ച് എന്തെഴുതുമ്പോഴും കുറേയൊക്കെ വിഴുങ്ങിക്കളയുന്നവരാണ് പലരും. ടൈപ്പ് ചെയ്യാനുള്ള മടിതന്നെ കാരണം. എന്നാല്‍ ഇനി അതുവേണ്ട. ചറപറാ പറഞ്ഞോളൂ, കംപ്യൂട്ടര്‍ എഴുതിയെടുക്കും!

വെബ്ബില്‍ തിരഞ്ഞാല്‍ കംപ്യൂട്ടറിലും മൊബൈലിലും പ്രവര്‍ത്തിക്കുന്ന 'സ്പീച്ച്-റ്റു-ടെക്സ്റ്റ്' ആപ്പുകള്‍ ലഭിക്കും. ഇവയിലെ റെക്കോഡ്/സ്റ്റാര്‍ട്ട് ബട്ടണമര്‍ത്തി മൈക്കില്‍ സംസാരിക്കണം (ലാപ്‌ടോപ്പിലും മൊബൈലിലുമെല്ലാം മൈക്ക് എന്തായാലും ഉണ്ടായിരിക്കും). നാം സംസാരിക്കുന്ന മുറയ്ക്ക് ഒരു കളത്തില്‍ എഴുത്ത് തെളിയും. സംസാരം കഴിഞ്ഞാല്‍ ഇത് കോപ്പി ചെയ്ത് വേണ്ടിടത്ത് പേസ്റ്റ് ചെയ്യാം.

ഇന്‍സ്റ്റളേഷനൊന്നും ആവശ്യമില്ലാതെ, വെബ് ബ്രൌസറില്‍ത്തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന ആപ്ലിക്കേഷനുകളുണ്ട്. ഉദാഹരണത്തിന്, speech-to-text-demo.mybluemix.net സന്ദര്‍ശിച്ചാല്‍ അവിടെത്തന്നെ റെക്കോഡ് ചെയ്യുകയോ ആദ്യമേ റെക്കോഡ് ചെയ്ത ഫയല്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. ബ്രൌസറില്‍ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദം ചോദിക്കും. അപ്പോള്‍ 'അലോ' കൊടുക്കണം. ക്രോമില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ചില സൈറ്റുകളും തിരഞ്ഞാല്‍ക്കിട്ടും.

ആന്‍ഡ്രോയ്ഡില്‍ ഇപ്പോള്‍ മലയാളമടക്കമുള്ള ഭാഷകള്‍ ഇങ്ങനെ ടൈപ്പ് ചെയ്യാനാകും. സെറ്റിങ്സില്‍ 'ലാങ്ഗ്വേജസ് & ഇന്‍പുട്ട്' വിഭാഗത്തില്‍ 'വോയ്സ് ഇന്‍പുട്ടു'മായി ബന്ധപ്പെട്ട കാര്യങ്ങളാണ് ക്രമീകരിക്കേണ്ടത്.


Keywords (click to browse): speech-to-text speech-recognition web-app chrome android typing ibm-watson kids computer tech-tips technology balabhumi mathrubhumi