Nandakumar Edamana
Share on:
@ R t f

റൈറ്ററും വേഡും ഇനി സൂപ്പര്‍ഫാസ്റ്റ്!


കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ഉപയോഗം വേഗത്തിലാക്കാം എന്നറിയില്ലേ. സേവ് ചെയ്യാന്‍ Ctrl + S, കോപ്പി ചെയ്യാന്‍ Ctrl + C, പേസ്റ്റ് ചെയ്യാന്‍ Ctrl + V, പ്രിന്റിന് Ctrl + P തുടങ്ങിയ സ്ഥിരം ഷോര്‍ട്ട്കട്ടുകള്‍ കൂട്ടുകാര്‍ക്ക് പരിചയമുണ്ടാവും. എന്നാല്‍ വ്യത്യസ്തമായ ചില ഷോര്‍ട്ട്കട്ടുകളാണ് ഈ ലക്കം സേര്‍ച്ച് എഞ്ചിനില്‍. ലേഖനങ്ങളും മറ്റും തയ്യാറാക്കാനുപയോഗിക്കാവുന്ന റൈറ്ററിലും വേഡിലും ഇവ പ്രവര്‍ത്തിക്കും.

ആരോ കീകള്‍ ഉപയോഗിച്ച് കഴ്സര്‍ (മിന്നിക്കളിക്കുന്ന വര) അക്ഷരങ്ങള്‍ക്കിടയിലൂടെ നീക്കാറില്ലേ? കണ്‍ട്രോള്‍ കീ അമര്‍ത്തിപ്പിടിച്ചാണ് ഇടതും വലതും ആരോ കീകള്‍ അമര്‍ത്തുന്നതെങ്കില്‍ കഴ്സര്‍ ഓരോ വാക്കുവീതം ചാടിക്കടക്കും. കണ്‍ട്രോള്‍ കീയ്ക്കൊപ്പം അപ്പ്, ഡൌണ്‍ ആരോ കീകള്‍ ഉപയോഗിച്ചാല്‍ പാരഗ്രാഫുകള്‍ തന്നെ ചാടിക്കടക്കും. ബാക്ക്സ്പെയ്സ് അമര്‍ത്തുമ്പോള്‍ ഇതുപോലെ കണ്‍ട്രോള്‍ ഉപയോഗിച്ചാല്‍ കഴ്സറിന് തൊട്ടുമുമ്പുള്ള വാക്ക് ഒന്നാകെ കളയാം.

ഒരു വരിയുടെ തുടക്കത്തിലും ഒടുക്കത്തിലും എത്താന്‍ Home, End എന്നീ കീകള്‍ ഉപയോഗിക്കാമല്ലോ. ഇവയ്ക്കൊപ്പം കണ്‍ട്രോള്‍ ഉപയോഗിച്ചാല്‍ ഡോക്യുമെന്റിന്റെ തന്നെ തുടക്കത്തിലും ഒടുക്കത്തിലുമെത്തും.

സെലക്റ്റ് ചെയ്ത എഴുത്ത് ഇടത്തോ നടുക്കോ വലത്തോ ആക്കാന്‍ Ctrl + L, Ctrl + C, Ctrl + R എന്നീ ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിക്കാം. Ctrl + [, Ctrl + ] എന്നിവയാണ് ഫോണ്ട് വലിപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള ഷോര്‍ട്ട്കട്ടുകള്‍. ഇനി ബോള്‍ഡിനും ഇറ്റാലിക്സിനുമെല്ലാമുള്ള ഷോര്‍ട്ട്കട്ടുകള്‍ ഊഹിച്ചുനോക്കൂ!


Keywords (click to browse): keyboard-shortcuts writer word libreoffice kids computer tech-tips technology balabhumi mathrubhumi