ക്യാമറകളുടെ പരസ്യത്തിലെ അതിമനോഹരമായ ദൃശ്യങ്ങള്‍ കണ്ടാവും നമ്മളും ക്യാമറയെടുത്തിറങ്ങുന്നത്. തെളിച്ചവും ഭംഗിയുമുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ചിറങ്ങിയ നമുക്ക് പക്ഷേ കിട്ടുന്ന ചിത്രങ്ങളോ, ഒന്നുകില്‍ മങ്ങിയത്, അല്ലെങ്കില്‍ വെളിച്ചം വല്ലാതെ കൂടിപ്പോയത്. മൊബൈല്‍ ക്യാമറയെയും മറ്റും കുറ്റം പറയാന്‍ വരട്ടെ, ഇത്തരം ചിത്രങ്ങള്‍ ശരിയാക്കാന്‍ ഒരു സൂത്രമുണ്ട്!
ജിമ്പ്, ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റ് സോഫ്റ്റ്‌വെയറുകളില്‍ ലഭ്യമായ 'കര്‍വ്സ്' (Curves) എന്ന സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. ജിമ്പില്‍ ഒരു ചിത്രം തുറന്നശേഷം Colors > Curves... എന്ന ക്രമത്തിലും ഫോട്ടോഷോപ്പില്‍ Image > Adjustments > Curves എന്ന ക്രമത്തലുമാണ് കര്‍വ്സ് ജാലകം തുറക്കേണ്ടത്. ഇപ്പോള്‍ ഒരു ഗ്രാഫും ഒപ്പം ഒരു ചെരിഞ്ഞ വരയും പ്രത്യക്ഷപ്പെടും.
ചിത്രത്തിലെ നിറങ്ങളുടെ അളവും മറ്റും കാണിക്കുന്ന ഈ ഗ്രാഫ് മനസ്സിലാക്കുന്നത് എളുപ്പമല്ല. മനസ്സിലാകാഞ്ഞാലും കുഴപ്പമില്ല, ഗ്രാഫിനൊപ്പമുള്ള ചെരിഞ്ഞ വരയില്‍ ക്ലിക്ക് ചെയ്തും വലിച്ചും ഫോട്ടോയിലെ നിറങ്ങള്‍ ശരിയാക്കാം. വരയുടെ ആകൃതി എങ്ങനെയായാലാണ് നിറങ്ങള്‍ വ്യക്തമാവുക എന്നത് ഫോട്ടോയ്ക്കനുസരിച്ച് മാറും.
Keywords (click to browse): curves gimp photoshop image-editing color color-correction brightness contrast photography kids computer tech-tips technology balabhumi mathrubhumi