Nandakumar Edamana
Share on:
@ R t f

വെളിച്ചം കൊണ്ടെഴുതാം!


'വെള്ളത്തിലെഴുതുക' എന്ന് കേട്ടിട്ടില്ലേ? നമുക്ക് കാറ്റത്തെഴുതിയാലോ? അതും വെളിച്ചം കൊണ്ട്! ഈ ചിത്രത്തിലെ 'ബാലഭൂമി' അങ്ങനെ എഴുതിയതാണ്!

കത്തിച്ച ചന്ദനത്തിരിയൂം കമ്പിത്തിരിയുമെല്ലാം കറക്കി വട്ടം വരയ്ക്കാറില്ലേ? എന്നാല്‍ ഇത് പതുക്കെച്ചെയ്താല്‍ വരയും വട്ടവുമൊന്നും കാണില്ല. നമ്മുടെ കണ്ണും ക്യാമറയുമെല്ലാം വളരെ വേഗം ചിത്രങ്ങള്‍ പുതുക്കുന്നതുകൊണ്ടാണിത്. ക്യാമറയോടുപക്ഷേ ഒരു ചിത്രം പതുക്കെ എടുത്താല്‍ മതി എന്നു പറയാം. ഷട്ടര്‍ സ്പീഡ് കുറച്ചുവയ്ക്കുകയാണ് ചെയ്യേണ്ടത്. എത്രയാണോ ഷട്ടര്‍ സ്പീഡ്, അത്രയും നേരം ക്യാമറ കണ്ണുതുറന്നിരിക്കും. ആ നേരമത്രയും കിട്ടിയ വെളിച്ചം കൂട്ടിച്ചേര്‍ത്താവും ചിത്രമുണ്ടാക്കുക.

ക്യാമറയില്‍ ഇരുപതോ മുപ്പതോ സെക്കന്‍ഡ് ഷട്ടര്‍ സ്പീഡായി ക്രമീകരിച്ചശേഷം തീരെ വെളിച്ചമില്ലാത്ത ഒരു മുറിയില്‍ അതു വയ്ക്കണം. ബട്ടണമര്‍ത്തിയ ശേഷം ക്യാമറയുടെ മുന്നില്‍ച്ചെന്ന് ടോര്‍ച്ചുകൊണ്ട് കാറ്റത്തെഴുതാം. പറഞ്ഞത്രയും സെക്കന്‍ഡ് കഴിഞ്ഞ് ക്യാമറ പണിനിര്‍ത്തുമ്പോള്‍ അത്രനേരവും നാമെഴുതിയത് ഒരൊറ്റച്ചിത്രമായിക്കിട്ടും! 'ലൈറ്റ് പെയിന്റിങ്' എന്നാണ് ഇതിനുപേര്.

നല്ലൊരു ക്യാമറയില്ലെങ്കില്‍ ഷട്ടര്‍ സ്പീഡ് കുറയ്ക്കാന്‍ പറ്റുന്ന (ലോങ് എക്സ്പോഷര്‍) ഒരു ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താലും മതി.


Keywords (click to browse): light-painting long-exposure shutter-speed photography kids computer tech-tips technology balabhumi mathrubhumi